കോഴിക്കോട്: കേരളത്തിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ആവശ്യത്തിന് നാപ്കിനുകള്‍ എത്തിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റിനെ പരിഹസിച്ചുകൊണ്ട് കമന്റിട്ട യുവാവിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.
ഒമാനിലെ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിലെ ക്യാഷ്യര്‍ ആയിരുന്ന രാഹുല്‍ സി.പി പുത്തലത്തിനെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ട് കമ്പനി ഉത്തരവിട്ടത്. സംഭവത്തിന് പിന്നാലെ രാഹുലിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന ആവശ്യം ശക്തമായിരുന്നു. മാത്രമല്ല സംഭവം നടന്ന് ഉടന്‍ തന്നെ ലുലു ഗ്രൂപ്പ് രാഹുലിനെ വിശദീകരണം നല്‍കാനായി കമ്പനിയിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു.
വെള്ളപ്പൊക്ക ദുരന്തം നേരിടുന്ന കേരള ജനതയെ അങ്ങേയറ്റം മോശമായി ചിത്രീകരിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ താങ്കള്‍ നടത്തിയ ഇടപെടല്‍ ശ്രദ്ധയില്‍പ്പെട്ടെന്നും ഈ സാഹചര്യത്തില്‍ താങ്കളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ഇതിനാല്‍ അറിയിക്കുന്നുവെന്നുമാണ് കത്തില്‍ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
“നിങ്ങളുടെ എല്ലാ ഔദ്യോഗിക ഉത്തരവാദിത്തങ്ങളും ഉടന്‍ നിങ്ങളുടെ റിപ്പോര്‍ട്ടിംഗ് മാനേജര്‍ക്ക് കൈമാറാന്‍ നിര്‍ദ്ദേശിക്കുകയാണെന്നും അക്കൗണ്ട് ഡിപാര്‍ട്‌മെന്റുമായി ബന്ധപ്പെട്ട് താങ്കളുടെ ബാക്കിയുള്ള സെറ്റില്‍മെന്റ് നടത്താനും നിര്‍ദേശിക്കുന്നതായും കത്തില്‍ ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
‘ഞാന്‍ ചെയ്തത് 100% തെറ്റാണ്, മാപ്പ് ‘; ‘കുറച്ചു കോണ്ടം കൂടി ആയാലോ’ കമന്റില്‍ ഖേദപ്രകടനവുമായി യുവാവ്
രാഹുല്‍ സി.പിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള ലുലു ഗ്രൂപ്പിന്റെ നടപടിയെ സോഷ്യല്‍ മീഡിയയും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. “നല്ല തീരുമാനം. അയാള്‍ അത് അര്‍ഹിക്കുന്നു.” ഇത്രയും മോശമായ ചിന്താഗതി വെച്ചുപുലര്‍ത്തുന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ കൂടി ലഭ്യമാക്കണമെന്നും ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നുണ്ട്.
കോണ്ടം പ്രസ്താവന വിവാദമായതോടെ സംഭവത്തില്‍ ഖേദപ്രകടനവുമായി രാഹുല്‍ സി.പി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
മദ്യലഹരിയില്‍ ചെയ്ത ഒരു കമന്റാണ് അതെന്നും ഒരിക്കലും തന്റെ ഭാഗത്തുനിന്നും ഇതുണ്ടാവാന്‍ പാടില്ലെന്നും പറഞ്ഞായിരുന്നു രാഹുല്‍ ഖേദം പ്രകടിപ്പിച്ചത്.
സുഹൃത്തുക്കളും അല്ലാത്തവരും ഈ പോസ്റ്റിന്റെ പേരില്‍ തന്നെ വലിയ തോതില്‍ ആക്രമിക്കുന്നുണ്ടെന്നും ജോലി വരെ പോകാനുള്ള സാധ്യതയുണ്ടെന്നും ഇത് ഇത്രയും വലിയ ഒരു തെറ്റാവുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചില്ലെന്നും ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത വീഡിയോ സന്ദേശത്തില്‍ രാഹുല്‍ പറഞ്ഞിരുന്നു.
“എന്റെ ഭാഗത്തുനിന്നുണ്ടായത് 100% തെറ്റാണെന്ന് ഞാന്‍ എന്റെ ഫ്രണ്ട്സിനോടും കേരളത്തില്‍ നിന്നുള്ള എല്ലാ ജനങ്ങളോടും അറിയിക്കുന്നു. ഹൃദയത്തില്‍ തൊട്ട് ഞാന്‍ മാപ്പു ചോദിക്കുന്നു. ” എന്നു പറഞ്ഞ രാഹുല്‍ ഇനിയൊരിക്കലും ഇത്തരത്തിലുള്ള ഒരു സമീപനം തന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്നു പറഞ്ഞാണ് വീഡിയോ സന്ദേശം അവസാനിപ്പിക്കുന്നത്.
രാഹുലിന്റെ പ്രസ്താവന:
ദുരിതത്തിനിടയിലും തട്ടിപ്പ്; സ്വന്തം അക്കൗണ്ടിലൂടെ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കാന്‍ ശ്രമം
ഞാന്‍ രാഹുല്‍ സി.പി പുത്തലത്ത്. കഴിഞ്ഞദിവസം കേരളത്തിലുണ്ടായ സംഭവങ്ങളെക്കുറിച്ച് എന്റെ ഫേസ്ബുക്കില്‍ ഒരു ന്യൂസ് വന്നു. ഒരുപാട് പോസ്റ്റുകള്‍ വന്നു. ആ ഒരു പോസ്റ്റില്‍ എന്റെ ഭാഗത്തുനിന്നും തെറ്റായിട്ടുള്ള രീതിയിലുള്ള ഒരു കമന്റ് ഉണ്ടായി. തീര്‍ത്തും നിര്‍ഭാഗ്യകരമായിപ്പോയി അത്. ആ ഒരു സംഭവം കാരണം എന്റെ ഫ്രണ്ട്സുകള്‍, ഫ്രണ്ട്സല്ലാത്ത ഒരുപാട് പേര്‍ എന്റെ ഫേസ്ബുക്ക് പേജില്‍ വന്നിട്ട് എന്നെ വല്ലാതെ തെറിവിളിക്കുന്നുണ്ട്. എന്നെ ഒരുപാട് വല്ലാത്ത രീതിയില്‍ തെറിവിളിക്കുന്നുണ്ട്. കാരണം എന്റെ ജോലി പോകും. ഞാനിപ്പോള്‍ നില്‍ക്കുന്നത് ഒമാനിലാണ്. ഇവിടെനിന്നും എന്റെ ജോലി പോകാനുള്ള ചാന്‍സുണ്ട്. എന്റെ ഭാഗത്തുനിന്നും നിന്നും ഇത്രയും വലിയ ഒരു തെറ്റാവുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല.
പോസ്റ്റിടുന്ന സമയത്ത് ഞാന്‍ സ്വബോധത്തോടെയല്ലായിരുന്നു. മദ്യത്തിന്റെ ലഹരിയിലായിരുന്നു ഞാന്‍. ഒരിക്കലും എന്റെ ഭാഗത്തുനിന്നും അങ്ങനെയൊരു തെറ്റ്, സംഭവം ഉണ്ടാവാന്‍ പാടില്ലായിരുന്നു. എന്റെ ഭാഗത്തുനിന്നുണ്ടായത് 100% തെറ്റാണെന്ന് ഞാന്‍ എന്റെ ഫ്രണ്ട്സിനോടും കേരളത്തില്‍ നിന്നുള്ള എല്ലാ ജനങ്ങളോടും അറിയിക്കുന്നു. ഹൃദയത്തില്‍ തൊട്ട് ഞാന്‍ മാപ്പു ചോദിക്കുന്നു. ഇനിയെന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ളൊരു പോസ്റ്റ്, സോഷ്യല്‍ മീഡിയ വഴിയോ ഫേസ്ബുക്ക് വഴിയോ ഒരാക്ടിവിറ്റിയുമുണ്ടാവില്ലെന്ന് ഹൃദയത്തില്‍ തൊട്ട് ഞാന്‍ സത്യം ചെയ്യുന്നു.
“സഹോദരാ എല്ലാവരും ദുരിതം അനുഭവിക്കുകയാണ്.. ആര്‍ത്തവ അവസ്ഥയിലുള്ള സ്ത്രീകള്‍ക്ക് ഇത് നരകയാതനയാണ്. പല രോഗങ്ങള്‍ക്കും വഴിവെക്കാന്‍ ശുചിത്വമില്ലായ്മ കാരണമാകും. നാണം അല്ല നാണം മറക്കാനുള്ളതാണ് അവര്‍ക്കാവശ്യം… അവിവാഹിതനായ എനിക്ക് മനസിലാകുന്നുണ്ടല്ലോ, താങ്കള്‍ വിവാഹിതന്‍ ആണെന്നു കരുതുന്നു.. എങ്കില്‍ ചോദിച്ചു മനസിലാക്കി ഇതിന്റെ തീവ്രത, ദുരിതാവസ്ഥ മനസിലാക്കുക.. ” എന്ന കമന്റിനു മറുപടിയായി രാഹുല്‍ നടത്തിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. “കുറച്ചു കോണ്ടം കൂടി ആയാലോ” എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
ഈ പ്രതികരണത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ ഷെയര്‍ ചെയ്തുകൊണ്ട് നിരവധി പേര്‍ ഇതിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ ഖേദപ്രകടനവുമായി രംഗത്തുവന്നിരിക്കുന്നത്.
വെള്ളപ്പൊക്കെ ദുരന്തം നേരിടുന്ന കേരള ജനതയ്ക്ക് ലുലു ഗ്രൂപ്പിന്റെ ഉടമ എം.എ യൂസഫലി 10 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് അനുവദിച്ചത്.