national news
ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് മലയാളി ദമ്പതികൾക്ക് അഞ്ച് വർഷം തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 25, 10:46 am
Saturday, 25th January 2025, 4:16 pm

ലഖ്‌നൗ: ഉത്തർപ്രദേശിൽ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് മലയാളി ദമ്പതികൾക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് ഉത്തർപ്രദേശിലെ കോടതി.

ഹിന്ദു ദളിതരെ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്നാരോപിച്ചാണ് കേരളത്തിൽ നിന്നുള്ള ദമ്പതികൾക്ക് തടവ് ശിക്ഷ വിധിച്ചത്. ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ ഒരു ഭാരവാഹിയായ ഡോ. ചന്ദ്രിക പ്രസാദ് നൽകിയ പരാതിയിൽ 2023ലാണ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പാസ്റ്റർ ജോസ് പാപ്പച്ചനും ഭാര്യ ഷീജ പാപ്പച്ചനും കോടതി ശിക്ഷ വിധിക്കുകയായിരുന്നു. ഇവരിൽ നിന്ന് 25,000 രൂപ വീതം പിഴയും ഈടാക്കി.

2023 സെപ്തംബർ ആറിന് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഷമീം അഹമ്മദ് കീഴ്‌ക്കോടതിയുടെ ഉത്തരവ് റദ്ദാക്കി പാപ്പച്ചനും ഷീജയ്ക്കും ജാമ്യം അനുവദിച്ചിരുന്നു. ബൈബിൾ വിതരണം ചെയ്യുക, കുട്ടികളെ വിദ്യാഭ്യാസം നേടാൻ പ്രോത്സാഹിപ്പിക്കുക, ഗ്രാമവാസികളുടെ സമ്മേളനം സംഘടിപ്പിക്കുക, കലഹങ്ങളിൽ ഏർപ്പെടരുതെന്നും മദ്യം കഴിക്കരുതെന്നും ഗ്രാമീണരോട് നിർദേശിക്കുന്നത് മതപരിവർത്തനത്തിന് തുല്യമല്ലെന്ന് ജസ്റ്റിസ് അഹമ്മദ് ചൂണ്ടിക്കാട്ടിയിരുന്നു. ജാമ്യം ലഭിച്ച് 16 മാസങ്ങൾക്ക് ശേഷമാണ് പുതിയ വിധി വന്നിരിക്കുന്നത്.

അംബേദ്കർ നഗർ കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി രാം വിലാസ് സിങ്ങിൻ്റെ ബെഞ്ചിൻ്റേതാണ് ഉത്തരവ്. ജനുവരി 22ന്, എസ്‌.സി/എസ്‌.ടി ആക്‌ട് സ്‌പെഷ്യൽ ജഡ്ജി രാം വിലാസ് സിങ് , ജോസ് പാപ്പച്ചനും ഭാര്യ ഷീജയും ഉത്തർപ്രദേശ് അനധികൃത മതപരിവർത്തന നിരോധനത്തിൻ്റെ സെക്ഷൻ 5 (1) പ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തുകയായിരുന്നു.

കിഴക്കൻ യു.പിയിലെ അംബേദ്കർ നഗറിലെ ഷാപൂർ ഫിറോസ് ഗ്രാമത്തിൽ ദാരിദ്ര്യത്തിൽ വലയുന്ന ദളിതരെ ഹിന്ദു മതത്തിൽ നിന്ന് ക്രിസ്ത്യാനികളാക്കി മതപരിവർത്തനം ചെയ്യാൻ പ്രേരിപ്പിച്ചതിന് ദമ്പതികൾ കുറ്റക്കാരാണെന്ന് ജഡ്ജി കണ്ടെത്തുകയായിരുന്നു.

ദമ്പതികൾ ക്രിസ്ത്യൻ പുസ്തകങ്ങൾ വിതരണം ചെയ്യുകയും ബൈബിൾ വായിക്കുകയും യേശുവിൻ്റെ ജീവിതത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യുമായിരുന്നു. ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് ഏതാനും ദിവസം മുമ്പ്, ദമ്പതികൾ പ്രാദേശിക ഗ്രാമവാസികൾക്ക് ഭക്ഷണവും മധുരപലഹാരങ്ങളും വിതരണം ചെയ്യുകയും ക്രിസ്മസ് ആഘോഷിക്കാൻ കേക്ക് മുറിക്കുകയും ചെയ്തിരുന്നു.

കേസിൽ അവരെ ശിക്ഷിക്കുമ്പോൾ, കുറഞ്ഞത് ആറ് നിരക്ഷരരായ ദളിത് സ്ത്രീകളുടെയും ബി.ജെ.പി ഭാരവാഹി പ്രസാദ്, പ്രദേശവാസിയായ ലവ് കുഷ്, മൂന്ന് പോലീസുകാരുടെയും മൊഴികളാണ് ജഡ്ജി സിങ് പരിഗണിച്ചത്.

പാപ്പച്ചനും ഷീജയും തൻ്റെ വീട് സന്ദർശിച്ച് തനിക്കും കുടുംബത്തിനും  വിദ്യാഭ്യാസം നല്കിയിരുന്നെന്ന് കോടതിയിൽ നൽകിയ മൊഴിയിൽ
ദളിത് യുവതിയായ വിഫല പറഞ്ഞു.

 

Content Highlight: Keralite Couple in UP Get 5 Years in Jail for ‘Converting’ Dalit Villagers to Christianity