കേരളീയം ഭക്ഷ്യമേള ഫുഡ് ടൂറിസത്തിന് മുതൽക്കൂട്ടാവും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളീയം ഭക്ഷ്യമേള ഫുഡ് ടൂറിസത്തിന് ഭാവിയിൽ മുതൽക്കൂട്ടാകുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളീയത്തിന്റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഭക്ഷ്യമേള ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലാണ് ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉള്ളത്. ആദ്യമായാണ് സംസ്ഥാന സർക്കാരിന്റെ പരിപാടിയുടെ ഭാഗമായി പഞ്ചനക്ഷത്ര ഹോട്ടലുകളെ ഉൾപ്പെടുത്തുന്നത്. കേരളത്തിന്റെ പ്രത്യേകത വൈവിധ്യങ്ങളായ ഭക്ഷണങ്ങളാണെന്നും ലോകസഞ്ചാരികൾക്ക് സംസ്ഥാനത്തെ പരിചയപ്പെടുത്താൻ കേരളീയം ഭക്ഷ്യമേള മികച്ച വേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൻ വിലക്കിഴിവിലാണ് വമ്പൻ ബ്രാൻഡുകളുടെ സിഗ്‌നേച്ചർ വിഭവങ്ങൾ അടക്കം ലഭിക്കുക. ഹൈസിന്ത്, ഗോകുലം ഗ്രാന്റ്, കെ.ടി.ഡി.സി മാസ്‌കോട്ട്, ലീല റാവിസ്, ഹിൽറ്റൺ പഞ്ചനക്ഷത്ര ഹോട്ടലുകളാണ് കേരളീയത്തിന്റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ സജ്ജമാക്കിയ പഞ്ചനക്ഷത്ര ഫുഡ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്.
വൈകിട്ട് നാലുമുതൽ 10 വരെയാണ് സ്റ്റാളുകൾ പ്രവർത്തിക്കുക. കേരളീയം ഫുഡ്കമ്മിറ്റി ചെയർമാൻ എ.എ. റഹിം എംപി, കൺവീനർ ശിഖ സുരേന്ദ്രൻ, യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ തുടങ്ങിയവർ പങ്കെടുത്തു.
Content Highlight: Keraleeyam Food Festival will benefit Kerala Tourism says Minister Muhammed Riyas