പഴങ്കഞ്ഞി എന്നു കേട്ടാല്‍ ഒരു പിടി പിടിച്ചേക്കാം എന്നു ചിന്തിക്കുന്നവരാണോ? കൂട്ടിനു മീന്‍കറി, പുളിശേരി, നെല്ലിക്ക, ഉണക്കമീന്‍, കപ്പ, ഇടിചമ്മന്തി കൂടി വിളമ്പിയാലോ. ഗൃഹാതുരത്വം പതഞ്ഞുപൊങ്ങിയെങ്കില്‍ ഇനി വൈകിക്കേണ്ട, കേരളീയത്തിലെ മാനവീയം വീഥിയിലേക്കു വരൂ. കേരളീയം ഭക്ഷ്യമേളയുടെ ഭാഗമായി ഒരുക്കിയ ‘പഴമയുടെ രുചി’ ഭക്ഷ്യമേളയിലാണ് വിവിധജില്ലകളില്‍ നിന്നുള്ള തനതു വിഭവങ്ങളുടെ കലവറ തീര്‍ക്കുന്നത്.
ഹൈറേഞ്ചില്‍ നിന്നുള്ള ഇടിയിറച്ചിയാണ് മാനവീയത്തിലെ ഊട്ടുപ്പുര സ്റ്റാളില്‍ അവതരിപ്പിക്കുന്നത്. ഉണക്ക തുണ്ടന്‍ കറി, ചെണ്ടക്കപ്പ, ഏഷ്യാഡ്- എല്ലും കപ്പയും, പുഴുങ്ങിയ കപ്പ, തേങ്ങാപ്പാലില്‍ വറ്റിച്ചെടുത്ത പാല്‍ക്കപ്പ ഒപ്പം കോഴിക്കറി, പോത്തിന്‍ കരള്‍ വറ്റിച്ചത്, തിരണ്ടി വറ്റിച്ചത്- ഇടുക്കിയുടെ തനതു രുചികൂട്ടിന്റെ പട്ടിക ഇനിയും നീളും.
കിഴങ്ങുവര്‍ഗങ്ങളുടെ സൂപ്പര്‍ മാര്‍ക്കറ്റും ഇവിടെ റെഡിയാണ്. ചീനിക്കിഴങ്ങ്, കൂവക്കിഴങ്ങ്, കാച്ചില്‍, ചേമ്പ്, ചേന എന്നിവയ്ക്കൊപ്പം മീന്‍കറികള്‍, പുളിയും മുളകും, നത്തോലി പീര, കൊഞ്ച് റോസ്റ്റ്, കണവ അങ്ങനെ പോകുന്നു ആ നിര.കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അഞ്ചുനാട് രുചിക്കൂട്ട് ഒരുക്കുന്നത് വ്യത്യസ്തമായ രുചികളാണ്. റാഗി ലഡു, റാഗി കുറുക്ക്, റാഗി പക്കോഡ, ശര്‍ക്കര ചായ, വാട്ടുകപ്പ പുഴുക്ക്, ഉണക്കമുള്ളന്‍, കാന്താരി ചമ്മന്തിപൊടി തുടങ്ങിയവ മിതമായ നിരക്കില്‍ ലഭിക്കും. തലശേരി കടികള്‍ എന്ന സ്റ്റാളില്‍ മലയാളികളുടെ ഇഷ്ടവിഭങ്ങളായ ഉന്നക്കായ, കായ്പോള, പഴംനിറച്ചത്, ഇറച്ചിപത്തിരി, ചട്ടിപത്തിരി എന്നിവയും ലഭിക്കും. പഴമയുടെ തനിമ ചോരാതെ സന്ദര്‍ശകര്‍ക്ക് കേരളത്തിലെ പരമ്പരാഗത ഭക്ഷണരീതികള്‍ ആസ്വദിക്കാന്‍ കഴിയുന്ന മാനവീയം വീഥിയിലെ പഴമയുടെ ഉത്സവം ഇനി രണ്ടുനാള്‍ കൂടി മാത്രം.
content highlight : keraleeyam food exhibhition