| Sunday, 5th November 2023, 11:22 pm

പ്രമേഹ രോഗികള്‍ക്ക് പൂച്ചപ്പഴം, ഓറഞ്ചിന്റെ മണമുള്ള കൊറണ്ടി; അപൂര്‍വ ഫലവൃക്ഷത്തൈകള്‍ കാണാന്‍ വന്‍ തിരക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാളികള്‍ മറന്നു തുടങ്ങിയ ഫലവൃക്ഷങ്ങളുടെ പ്രദര്‍ശനം ഒരുക്കി ജവഹര്‍ലാല്‍ നെഹ്റു ട്രോപിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍.

പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന പൂച്ചപ്പഴം, ഓറഞ്ചിന്റെ മണമുള്ള കൊറണ്ടി പഴം, മുന്തിരിയുടെ ഗുണമുള്ള കാട്ടുമുന്തിരി, ഞാവല്‍ പഴത്തിന്റെ രുചിയുള്ള കരിഞ്ഞാറ തുടങ്ങി കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായ പലതരം പഴച്ചെടികളാണ് എല്‍.എം.എസ് കോമ്പൗണ്ടിലെ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പേരുപോലെ അത്ഭുതപ്പെടുത്തുന്ന രുചിയുള്ള മിറാക്കിള്‍ ഫ്രൂട്ടാണ് കൗതുകമുണര്‍ത്തുന്ന മറ്റൊന്ന്. ഈ പഴം കഴിച്ച ശേഷം എന്തു കഴിച്ചാലും നാവില്‍ ഏറെനേരം മധുരം തങ്ങിനില്‍ക്കും.

പ്രത്യേക വളപ്രയോഗം വേണ്ടാത്ത നാടന്‍ പഴങ്ങളാണ് കൂടുതലും. കവറുകളിലും ചട്ടികളിലും നടാന്‍ കഴിയുന്ന തരത്തിലുള്ളവയാണ് ബെല്‍ ചാമ്പയ്ക്ക. അധികം ഉയരം വയ്ക്കില്ലെങ്കിലും വലിയ കായകളാണ് ഇതിന്റെ പ്രത്യേകത.

ഇതിനുപുറമേ, നാടന്‍ പേര, നാട്ടു മാവ്, കോട്ടൂര്‍ക്കോണം, ചൈനീസ് ഓറഞ്ച്, മല ആപ്പിള്‍, കിര്‍ണി, ജബോട്ടിക്ക തുടങ്ങിവയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇരപിടിയന്‍ വിഭാഗത്തില്‍പ്പെട്ട നെപ്പന്തസ് (പിച്ചര്‍ പ്ലാന്റ് )ചെടിക്കും ആവശ്യക്കാര്‍ ഏറെയാണ്. പ്രാണികളെ ആകര്‍ഷിച്ച് നശിപ്പിക്കുന്ന ഇനമാണിവ. ഇലയുടെ അഗ്രത്തില്‍ കാണപ്പെടുന്ന സഞ്ചിയുടെ ആകൃതിയില്‍ രൂപപ്പെട്ടിരിക്കുന്ന പിക്ചറിലേക്കു പ്രാണികളെ ആകര്‍ഷിച്ചാണു കെണിയില്‍പ്പെടുത്തുന്നത്.

അപൂര്‍വങ്ങളായ ചെടികള്‍ പരിചയപ്പെടുന്നതിനും വാങ്ങുന്നതിനുമുള്ള വേദി കൂടിയായി മാറി കേരളീയം.

Content Highlight: Keraleeyam Exhibition

We use cookies to give you the best possible experience. Learn more