തിരുവനന്തപുരം: കേരളീയം പൂർണ വിജയമെന്നും പരിപാടിയുടെ നെഗറ്റീവ് വശങ്ങളല്ല ചർച്ച ചെയ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
എന്തിനാണ് പരിപാടി നടത്തിയതെന്ന് ഗവേഷണം നടത്താൻ പോയ ചില ആളുകളുണ്ടെന്നും എന്നാൽ ജനങ്ങൾ പരിപാടിയുടെ ഉദ്ദേശം മനസിലാക്കിയെന്നും കേരളീയം പരിപാടിയുടെ സമാപന ചടങ്ങളിൽ മുഖ്യമന്ത്രി പറഞ്ഞു.
‘നമ്മുടെ നാട് നമ്മൾ ഉദ്ദേശിച്ച രീതിയിൽ തന്നെ ദേശീയ തലത്തിലും ലോക സമക്ഷവും അവതരിപ്പിക്കുവാൻ ഈ പരിപാടിയിലൂടെ സാധിച്ചു. അത് തന്നെയാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത. നമ്മുടെ നാടിന്റെ അഭിമാനകരമായ നേട്ടങ്ങൾ അവതരിപ്പിക്കുക എന്ന നമ്മുടെ ഉദ്ദേശ്യം പൂർണമായും വിജയകരമായി.
കേരളീയം ഇനിയും എല്ലാ വർഷവും ആചരിക്കുന്നുണ്ട്. അത് ഒന്നുകൂടെ ആവർത്തിച്ചു പ്രഖ്യാപിക്കുന്നു.
ചുരുങ്ങിയ നാളുകൾ കൊണ്ട് ഈ പരിപാടി നടത്തിയതിനെ കുറിച്ച് ഗവേഷണം നടത്താൻ പോയവരുണ്ട് എന്നാൽ പരിപാടിയുടെ ഉദ്ദേശം ജനങ്ങൾ മനസിലാക്കി,’ മുഖ്യമന്ത്രി പറഞ്ഞു.
പരിപാടിയുടെ നെഗറ്റീവ് വശങ്ങളല്ല ചർച്ച ചെയ്യപ്പെട്ടതെന്നും യുവജനങ്ങളുടെ പങ്കാളിത്തം ഇനിയും പരിപാടി സംഘടിപ്പിക്കാൻ സർക്കാരിന് കരുതുനൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫലസ്തീൻ വിഷയത്തിൽ നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കാനാവില്ലെന്നും ഫലസ്തീൻ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Keraleeyam complete success says Chief Minister