കേരളീയത്തിലെ അഞ്ചാം ദിനവും വൈവിധ്യമാര്‍ന്ന കലാപരിപാടികളാല്‍ സമ്പന്നമായിരുന്നു. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കലാമണ്ഡലം കലാകാരന്മാര്‍ അവതരിപ്പിച്ച ഡാന്‍സ് ഫ്യൂഷന്‍ അക്ഷരാര്‍ത്ഥത്തില്‍ കണ്ണിന് ഉത്സവ വിരുന്നായി. നടന വിസ്മയം തീര്‍ത്ത് ചൈത്ര ഉദയരാജിന്റെ ഭരതനാട്യം ജയപ്രഭ മേനോന്റെയും സംഘത്തിന്റെയും മോഹിനിയാട്ടം എന്നിവ നിശാഗന്ധിയില്‍ അരങ്ങേറി.
വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാര്‍ അവതരിപ്പിച്ച കൈരളീരവം കലാസന്ധ്യ പുത്തരിക്കണ്ടം വേദിയെ രസിപ്പിച്ചു. വിജ്ഞാനകേരളം വിജയ കേരളം എന്ന പേരില്‍ സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിലുള്ള ക്വിസ് പരിപാടി ടാഗോര്‍ തിയേറ്ററില്‍ നടന്നു.
സെനറ്റ് ഹാളില്‍ കോഴിക്കോട് രംഗമിത്രയുടെ നാടകമായ പണ്ട് രണ്ടു കൂട്ടുകാരികള്‍, ഭാരത് ഭവന്‍ മണ്ണരങ്ങില്‍ കുട്ടികളുടെ നാടകമായ ഉരുള്‍, വിവേകാനന്ദ പാര്‍ക്കില്‍ യോഗ നൃത്തം, കേരള നടനം, ട്രയോ പെര്‍ഫോമന്‍സ്, കെല്‍ട്രോണ്‍ കോംപ്ലക്‌സില്‍ വില്‍കലാമേള, ബാലഭവനില്‍ കുടമാറ്റം, മ്യൂസിയം റേഡിയോ പാര്‍ക്കില്‍ തായമ്പക, പഞ്ചാരിമേളം, സൂര്യകാന്തി ഓഡിറ്റോറിയത്തില്‍ മംഗലംകളി, കുടച്ചോഴിക്കളി, മണ്ണാന്‍ കൂത്ത്, എസ് എം വി സ്‌കൂളില്‍ സര്‍പ്പം പാട്ട്, ചാക്യാര്‍കൂത്ത്, ഗാന്ധി പാര്‍ക്കില്‍ കഥാപ്രസംഗം, വിമന്‍സ് കോളജില്‍ ഗുരുദേവന്റെ കൃതികള്‍ ആസ്പദമാക്കിയ നൃത്താവിഷ്‌കാരം എന്നിവയും അരങ്ങേറി. എല്ലാ വേദികളും കലാസ്വാദകരാല്‍ നിറഞ്ഞുകവിഞ്ഞിരുന്നു.
Content Highlight: Keraleeyam 2023; Kalamandalam with Dance Fusion