'പ്രവാസികള്‍ കേരളത്തിന്റെ ജീവിത രേഖ; ഫ്യൂഡലിസം അവസാനിപ്പിക്കുന്നതിലും അവര്‍ക്കു പങ്കുണ്ട്‌; സെമിനാര്‍
Kerala News
'പ്രവാസികള്‍ കേരളത്തിന്റെ ജീവിത രേഖ; ഫ്യൂഡലിസം അവസാനിപ്പിക്കുന്നതിലും അവര്‍ക്കു പങ്കുണ്ട്‌; സെമിനാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th November 2023, 8:10 am

തിരുവനന്തപുരം: കേരളത്തെ വികസിപ്പിക്കുന്നതിലും ഫ്യൂഡലിസം അവസാനിപ്പിക്കുന്നതിലും പ്രവാസികള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്ന്  സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ്. അതിനാല്‍ കേരളീയ ഫ്യൂഡല്‍ സമൂഹം ആദ്യ പ്രവാസികളെ അവഗണിച്ചതായും അദ്ദേഹം പറഞ്ഞു. കേരളീയ ത്തോടനുബന്ധിച്ച് നടന്ന ‘കേരളവും പ്രവാസി സമൂഹവും’ സെമിനാറില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങി വന്നപ്പോള്‍ അത് കലയിലും സംസ്‌കാരത്തിലും പ്രതിഫലിച്ചു. അവര്‍ സമൂഹത്തില്‍ ആധുനിക ബോധവും പുരോഗമന ചിന്താഗതിയും കെട്ടിപടുക്കുന്നതില്‍ കാര്യമായ സംഭാവന ചെയ്തു.

‘ആദ്യകാലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളി യൂണിയനുകളും പ്രവാസികളെ അവഗണിക്കുന്ന നിലപാടാണ് എടുത്തതെങ്കിലും പിന്നീട് അവരെ അംഗീകരിക്കേണ്ടി വന്നു.  പ്രവാസികള്‍ സംരംഭങ്ങള്‍ തുടങ്ങുകയും കേരള വികസനത്തില്‍ പങ്കു വഹിക്കുകയും ചെയ്തു’ പി.ടി കുഞ്ഞുഹമ്മദ് പറഞ്ഞു.

പ്രവാസികള്‍ കേരളത്തിന്റെ ജീവരേഖയാണെന്നും അവരില്ലായിരുന്നെങ്കില്‍ കേരളം ഇന്നത്തെ സാമ്പത്തിക പുരോഗതി കൈവരിക്കില്ലായിരുന്നെന്ന് ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് സ്ഥാപക പ്രസിഡന്റ് ഡോ. ഇരുദയരാജന്‍ പറഞ്ഞു.

കേരളത്തിന്റെ പ്രവാസം വലിയ മാറ്റങ്ങള്‍ കൊണ്ടു വന്നപ്പോഴും പ്രവാസം മൂലം ഒറ്റപ്പെടുന്ന ആളുകളെ കുറിച്ച് കൂടി ചിന്തിക്കണമെന്ന് അദ്ദേഹം സെമിനാറില്‍ പറഞ്ഞു.

എത്ര പ്രവാസികള്‍ മറ്റ് രാജ്യങ്ങളില്‍ ജോലിചെയ്യുന്നുണ്ടെന്നതിന് കൃത്യമായ കണക്കുകളില്ലെന്ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീല തോമസ് പറഞ്ഞു. വ്യക്തമായ കണക്കുകള്‍ ഉണ്ടെങ്കിലേ ഇവര്‍ക്കായി പദ്ധതികള്‍ രൂപകല്‍പന ചെയ്യാനാകൂ എന്നും അവര്‍ കൂട്ടി ചേര്‍ത്തു.

തിരികെയെത്തുന്ന പ്രവാസികളുടെ ഭാവി ജീവിതം സുരക്ഷിതമാക്കാനും തൊഴിലിനുമായി പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും സെമിനാറില്‍ അവര്‍ പറഞ്ഞു.

മന്ത്രി കൃഷ്ണന്‍ കുട്ടി,മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, കെ.വി അബ്ദുറഹിമാന്‍, ഡോ.ആസാദ് മൂപ്പന്‍, ഡോ.ബാബു സ്റ്റീവന്‍ തുടങ്ങി നിരവധി പേര്‍ സെമിനാറില്‍ പങ്കെടുത്തു.

 

content highlight :keralavum pravasiyum seminar on keraleeyam