കേരളവര്‍മ്മയില്‍ ഒരേ രീതിയില്‍ വസ്ത്രം ധരിച്ച വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവം; അക്രമികളെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് വിദ്യാര്‍ത്ഥികള്‍
തൃശൂര്‍: തൃശൂര്‍ കേരളവര്‍മ കോളേജിലെ വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐ പ്രവര്‍ത്തകരും യൂണിയന്‍ അംഗങ്ങളും ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ അക്രമികളെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കോളേജ് വിദ്യാര്‍ത്ഥികള്‍. കേരളപിറവി ആഘോഷത്തിനിടെ പ്രത്യേക വസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐ പ്രവര്‍ത്തകരും യൂണിയന്‍ അംഗങ്ങളും കൂട്ടമായി മര്‍ദ്ദിച്ചുവെന്നാരോപിച്ച് വെള്ളിയാഴ്ച വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. രാഷ്ട്രീയ ഭേദമന്യേ 300ഓളം വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
പ്രിന്‍സിപ്പാളിന്റെ മുറി വിദ്യാര്‍ത്ഥികള്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. കേരളപിറവി ദിനത്തിന്റെ ഭാഗമായി കോളേജില്‍ ‘ നൗക’ എന്ന പേരില്‍ നടത്തിയ പരിപാടിയുടെ രണ്ടാം ദിനത്തിനിടെയാണ് ആക്രമണം ഉണ്ടായത്. ഒരേ രീതിയില്‍ വസ്ത്രം ധരിച്ച് ആഘോഷപരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് കോളേജില്‍ നിന്നും തള്ളി പുറത്താക്കുകയായിരുന്നുവെന്ന് കേരളവര്‍മ്മ കോളേജ് വിദ്യാര്‍ത്ഥി ആദില്‍ മഠത്തില്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
എട്ട് വിദ്യാര്‍ത്ഥികളെയാണ് എസ്.എഫ്.ഐ കോളേജ് യൂണിയന്‍ വിദ്യാര്‍ത്ഥി സംഘം മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്. നൗകയില്‍ പങ്കെടുക്കാനായി അണിഞ്ഞ ഡ്രസ് കോഡ് എസ്.എഫ്.ഐ ക്കാര്‍ക്കും യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും ഇഷ്ടപ്പെടാത്തതിനാല്‍ ഹിസ്റ്ററി ബ്ലോക്കിന്റെ വരാന്തയിലിട്ട് വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കുകയായിരുന്നെന്നും ആദില്‍ മഠത്തില്‍ പറഞ്ഞു.
കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളും മര്‍ദ്ദനമേറ്റവരുടെ കൂട്ടത്തിലുണ്ട്. മൂന്ന് ആവശ്യങ്ങളാണ് പ്രധാനമായും പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നത്. ആക്രമണം നടത്തിയ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുക, ആക്രമണം നടത്തിയവരില്‍ ചിലരും കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്നവരായതിനാല്‍ ഹോസ്റ്റലില്‍ നിന്നും ഇവരെ പുറത്താക്കുക, യൂണിയന്‍ ഭാരവാഹികള്‍ സംഭവത്തെക്കുറിച്ച് കോളേജിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും മുന്നില്‍വെച്ച് വിശദീകരണം നല്‍കുക. എന്നിവയാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍.
പ്രിന്‍സിപ്പാളിന്റെ മുറി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഉപരോധിച്ചെങ്കിലും വെള്ളിയാഴ്ച തീരുമാനമൊന്നുമുണ്ടായില്ല. ശനിയും ഞായറും കോളേജിന് അവധിയായതിനാല്‍ തിങ്കളാഴ്ചയേ വിഷയത്തില്‍ നടപടി എടുക്കാന്‍ കഴിയൂവെന്ന് കോളേജ് അധികൃതര്‍ അറിയിച്ചതായി ആദില്‍ പറഞ്ഞു. പ്രിന്‍സിപ്പാളും കോളേജിലെ മറ്റ് അധ്യാപകരും വിഷയത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഒരേ രീതിയില്‍ വസ്ത്രം ഇട്ട് വന്നതിനെ മാനേജ്‌മെന്റും എതിര്‍ക്കുകയാണെന്നും ആരോപണമുണ്ട്.
അക്രമികള്‍ക്കെതിരെ കൃത്യമായി നടപടി എടുക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറാവുമോ എന്ന കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പില്ലെന്നും, നടപടിയെടുക്കാത്ത പക്ഷം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി മുന്നോട്ട് പോവുമെന്നും ആദില്‍ പറഞ്ഞു.
‘ജനാധിപത്യപരമായി തെരഞ്ഞെടുത്ത ചെയര്‍മാനടക്കമുള്ള യൂണിയന്‍ അംഗങ്ങളും അവരുടെ പാര്‍ട്ടി പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചതില്‍ തീര്‍ച്ചയായും നടപടിയെടുക്കേണ്ടതാണ്. ബുര്‍ഖ പോലുള്ള വസ്ത്രം ധരിച്ചാണ് എട്ട് ആണ്‍കുട്ടികള്‍ പരിപാടിക്കെത്തിയത്. ഇത് ഇഷ്ടപ്പെടാതിരുന്ന എസ്.എഫ്.ഐക്കാര്‍ വിദ്യാര്‍ത്ഥികളെ അടിച്ച് കോളേജിന് പുറത്താക്കുകയായിരുന്നു. ഇത്തരത്തിലുള്ള വസ്ത്രം കോളേജില്‍ ഇട്ടുവന്നത് തെറ്റാണെന്നാണ് മാനേജ്‌മെന്റും പറയുന്നത്.’ ആദില്‍ മഠത്തില്‍ പറഞ്ഞു.