| Tuesday, 4th August 2020, 6:06 pm

തോക്കേന്തിയ കമാന്റോകളെ വിന്യസിച്ച് ജനങ്ങളെ ഭയപ്പെടുത്തിയപ്പോള്‍ പൂന്തുറയില്‍ സംഭവിച്ചത് ഓര്‍മ്മയില്ലേ?; പ്രതിരോധ ചുമതല പൊലീസിന് നല്‍കുന്നതില്‍ മുഖ്യമന്ത്രിയോട് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ചുമതല ആരോഗ്യവകുപ്പില്‍ നിന്നും മാറ്റി പൊലീസിനെ ഏല്‍പ്പിച്ചതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരുമാനം പൊലീസ് അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡിന്റെ ആക്രമണത്തില്‍ ഭയചകിതരായ ജനങ്ങളെ കൂടുതല്‍ ഭയത്തിലേക്കും പരിഭ്രാന്തിയിലേക്കും നയിക്കുന്നതാവും പരിഷ്‌കാരം. ഫലത്തില്‍ പൊലീസ് രാജായിരിക്കും നടക്കാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ കത്തില്‍ അദ്ദേഹം പറയുന്നു.

‘ കൊവിഡ് രോഗികളെ വളരെ കാരുണ്യത്തോടെയും അനുകമ്പയോടെയുമാണ് കൈകാര്യം ചെയ്യേണ്ടത്. പൊലീസിന്റെ ഉരുക്കു മുഷ്ഠി പ്രയോഗം സ്ഥിതി വഷളാക്കുകയേ ഉള്ളൂ. തോക്കേന്തിയ കമാന്റോകളെ വിന്യസിച്ച് ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിച്ച പൂന്തുറയില്‍ എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി ഓര്‍ക്കുമല്ലോ? അവശ്യസാധനങ്ങള്‍ പൊലീസ് വീട്ടിലെത്തിക്കുമെന്ന നേരത്തെയും പ്രഖ്യപിച്ചിരുന്നതാണ്. അതും നടപ്പായില്ല. വീണ്ടും അത് തന്നെയാണ് ചെയ്യുന്നത്.’ എന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ പറയുന്നു.

കേരളത്തില്‍ കൊവിഡ് വ്യാപനം കടുത്തതിനെതിരെയും രമേശ് ചെന്നിത്തല രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഔദ്യോഗിക സംവിധാനങ്ങളുടെ വീഴ്ച്ച കാരണമാണ് കൊവിഡ് പടര്‍ന്നു പിടിച്ചതെന്ന് കുറ്റബോധത്തോടെ സമ്മതിച്ച മുഖ്യമന്ത്രി അത് കുഴപ്പമായെന്ന് കണ്ടപ്പോള്‍ പ്രതിപക്ഷത്തിന് മേല്‍ കുറ്റം ചാരി രക്ഷപ്പെടാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ ഈ കാപട്യം തന്നെയാണ് കേരളത്തില്‍ കൊവിഡ് പടര്‍ന്നു പിടിക്കാന്‍ കാരണമായതെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

‘യുദ്ധം ജയിക്കുന്നതിന് മുന്‍പ് ഞങ്ങള്‍ ജയിച്ചു എന്ന് പറഞ്ഞ് സര്‍ക്കാര്‍ നടത്തിയ പി.ആര്‍ ആഘോഷങ്ങള്‍ക്ക് കൊറോണ വ്യാപനം രൂക്ഷമായതില്‍ വലിയ പങ്കുണ്ട്. മാരത്തോണ്‍ ആണെങ്കിലും നൂറ് മീറ്റര്‍ ഓടിയിട്ട് കപ്പ് കിട്ടിയെന്ന് പറഞ്ഞ് തുള്ളിച്ചാടുകയായിരുന്നല്ലോ സര്‍ക്കാര്‍. നമ്മള്‍ ഒന്നാമതാണ് നമ്മള്‍ കൊറോണയെ തുരത്തി എന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടപ്പോള്‍ ജനങ്ങള്‍ അത് വിശ്വസിച്ചു. ലോകമാധ്യമങ്ങള്‍ പോലും കേരള സര്‍ക്കാരിന്റെ വീരകഥകള്‍ പാടി നടന്നപ്പോള്‍ പാവം ജനങ്ങള്‍ അതെല്ലാം വിശ്വസിച്ചു’. ഇത് തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ജനങ്ങളുടെ ജാഗ്രതിയില്‍ അയവ് വരാന്‍ ഇത് കാരണമായി എന്നും അദ്ദേഹം കത്തില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more