ന്യൂദല്‍ഹി: കേരളത്തിലെ പ്രളയത്തെത്തുടര്‍ന്നുള്ള പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായുള്ള പ്രത്യേക സെസ്സ് ആവശ്യം പരിഗണിക്കാനും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനുമായി ഏഴംഗ സമിതി രൂപീകരിക്കാന്‍ ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനം. ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സസ് മേഖലയിലെ പരമപ്രധാന ഘടകമായ ജി.എസ്.ടി കൗണ്‍സില്‍, കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
മന്ത്രിമാരുടെ ഏഴംഗ സംഘമാണ് സമിതിയിലുണ്ടാവുക. ഇന്നു നടന്ന കൗണ്‍സിലിന്റെ മുപ്പതാം സമ്മേളനത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തതായും അരുണ്‍ ജയ്റ്റ്‌ലി മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് അഖിലേന്ത്യാടിസ്ഥാനത്തില്‍ ജി.എസ്.ടി.ക്കുമേല്‍ സെസ് ചുമത്തി പണം കണ്ടെത്തണമെന്നായിരുന്നു ആവശ്യം. നിശ്ചിതകാലത്തേക്ക് ചില ഉത്പന്നങ്ങള്‍ക്കാകും ഈ ദുരിതാശ്വാസ സെസ്സ് ചുമത്തുക.
Also Read: പ്രളയക്കാലത്ത് കേരളത്തിന് നല്‍കിയ അരി സൗജന്യമല്ല; നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാന ജി.എസ്.ടി.ക്കുമേല്‍ 10 ശതമാനം സെസ് ചുമത്തി 2000 കോടി രൂപ കണ്ടെത്താനാണ് കേരളം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കേരളത്തിനു മാത്രമായി ജി.എസ്.ടി.യുടെ വൈബ്സൈറ്റില്‍ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ സാഹചര്യത്തിലാണ് അഖിലേന്ത്യാടിസ്ഥാനത്തില്‍ ചെറിയ ശതമാനം സെസ് ചുമത്താമെന്ന് നിര്‍ദേശിച്ചത്. സംസ്ഥാനം ലക്ഷ്യമിടുന്ന തുക ലഭ്യമാകുംവരെ സെസ് ഈടാക്കാനാണ് കേരളത്തിന്റെ ആവശ്യം.