തിരുവനന്തപുരം: സംസ്ഥാനത്ത് ഇതാദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 13 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണമുണ്ടായ 19 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്കയച്ചത്.
കൊതുകുകള്‍ വഴി പടരുന്ന രോഗമാണ് സിക്ക. ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയക്കും സമാനമായ രോഗലക്ഷണം തന്നെയാണ് സിക്ക വൈറസ് ബാധയ്ക്കും.
പകല്‍ കടിക്കുന്ന ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകാണ് വൈറസ് പരത്തുന്നത്. സിക്ക വൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയാണ് രോഗികള്‍ക്ക് നല്‍കുക.
രോഗം സ്ഥിരീകരിച്ചവരുടെ യാത്രാ-സമ്പര്‍ക്ക വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
2015 തുടക്കത്തില്‍ ബ്രസീലിലാണ് സിക്ക രോഗം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്ത് രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.