സംഘപരിവാറിന്റെ ഭവനസന്ദര്‍ശനം ഫാസിസത്തിന്റെ സര്‍വ്വേയാണ്; രാമക്ഷേത്രഫണ്ട് നല്‍കരുതെന്ന് യുക്തിവാദി സംഘം
national news
സംഘപരിവാറിന്റെ ഭവനസന്ദര്‍ശനം ഫാസിസത്തിന്റെ സര്‍വ്വേയാണ്; രാമക്ഷേത്രഫണ്ട് നല്‍കരുതെന്ന് യുക്തിവാദി സംഘം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th February 2021, 12:21 pm

തിരുവനന്തപുരം: സംഘപരിവാറിന്റെ ഭവന സന്ദര്‍ശനം ഫാസിസത്തിന്റെ സര്‍വ്വേയാണെന്ന് കേരള യുക്തിവാദസംഘത്തിന്റെ ക്യാമ്പെയിന്‍. ഭവനസന്ദര്‍ശനം വഴി സംഘപരിവാര്‍ ആവശ്യപ്പെടുന്ന രാമക്ഷേത്രഫണ്ട് നല്‍കരുതെന്നും ക്യാമ്പെയിനില്‍ പറയുന്നു.

ഗോവിന്ദ് പന്‍സാരെ ദിനമായ ഫെബ്രുവരി 20ന് ഫാസിസ്റ്റ് വിരുദ്ധ ദിനാചരണം നടത്തുമെന്നും യുക്തിവാദി സംഘം പറഞ്ഞു.

രാമക്ഷേത്ര ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായിത്തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

രാമക്ഷേത്രത്തിന് സംഭാവന ചെയ്തവരുടെയും സംഭാവന ചെയ്യാത്തവരുടെയും വീടുകള്‍ രേഖപ്പെടുത്തിവെക്കുന്ന ആര്‍.എസ്.എസിന്റെ നടപടിയെ വിമര്‍ശിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസാമി രംഗത്തുവന്നിരുന്നു.

ഇതുതന്നെയല്ലേ ജര്‍മ്മനിയില്‍ നാസികളും ചെയ്തത് എന്നാണ് കുമാര സ്വാമി ചോദിച്ചത്. ജര്‍മ്മനിയില്‍ നാസി പാര്‍ട്ടി രൂപികരിക്കുന്ന സമയത്താണ് ഇന്ത്യയില്‍ ഏകദേശം ആര്‍.എസ്.എസ് പിറവിയെടുക്കുന്നതെന്നും കുമാരസാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

‘ രാമക്ഷേത്രത്തിന് സംഭാവന പിരിക്കുന്നവര്‍ പണം നല്‍കിയവരുടെ വീടുകളും നല്‍കാത്തവരുട വീടുകളും പ്രത്യേകം രേഖപ്പെടുത്തി വെക്കുന്നുണ്ടെന്നാണ് മനസിലാകുന്നത്. ഇത് ഹിറ്റ്ലറിന്റെ ഭരണകാലത്ത് ജര്‍മ്മനിയില്‍ നാസികള്‍ ചെയ്തതിന് തുല്യമാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാസികളുടെ നയങ്ങള്‍ ആര്‍.എസ്.എസ് രാജ്യത്ത് നടപ്പിലാക്കാന്‍ തുടങ്ങിയാല്‍ എന്തു സംഭവിക്കുമെന്ന ആശങ്കയുണ്ട്. പൗരന്മാരുടെ മൗലീകാവകാശം പിടിച്ചു പറിക്കുയാണ് നമ്മുടെ രാജ്യത്തിന്ന്. സ്വതന്ത്രമായി ആളുകള്‍ക്ക് അഭിപ്രായം പറയാന്‍ പോലും സാധിക്കാത്ത ഈ രാജ്യത്തിന്ന് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും കുമാരസാമി പറഞ്ഞു.

മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് കുമാരസാമി ഉന്നയിച്ചത്. മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗം മാത്രം ഉയര്‍ത്തിപ്പിടിക്കുകയാണെങ്കില്‍ വരും ദിനങ്ങളില്‍ സാധാരണക്കാരന്റെ അവസ്ഥ ദുഃഖകരമായിരിക്കുമെന്നും കുമാരസാമി കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ രൂപപ്പെട്ടുവരുന്ന ട്രെന്റില്‍ നിന്ന് വ്യക്തമാകുന്നത് രാജ്യത്ത് എന്തുവേണമെങ്കിലും സംഭവിക്കാമെന്നാണെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Yukthivadi group against sangh parivars  fund collection for ramakshethra