ജോലിയൊന്നുമായില്ലേ? തൊഴില്‍ ഇല്ലായ്മ മഹാമാരിയായി പടരുമ്പോള്‍ പ്രതീക്ഷ നഷ്ടപ്പെട്ട് കേരളത്തിലെ യുവാക്കള്‍
Unemployment
ജോലിയൊന്നുമായില്ലേ? തൊഴില്‍ ഇല്ലായ്മ മഹാമാരിയായി പടരുമ്പോള്‍ പ്രതീക്ഷ നഷ്ടപ്പെട്ട് കേരളത്തിലെ യുവാക്കള്‍
ശ്രിന്‍ഷ രാമകൃഷ്ണന്‍
Saturday, 18th July 2020, 4:54 pm

‘ ജോലിയൊന്നുമായില്ലേ, പഠനം കഴിഞ്ഞ് നാട്ടിലേക്ക് തിരികെയെത്തുന്ന കേരളത്തിലെ വലിയൊരു വിഭാഗം യുവാക്കളും നേരിടുന്ന ചോദ്യമാണിത്. ഇപ്പോള്‍ താരതമ്യേന നാട്ടില്‍ ആര്‍ക്കും തൊഴില്‍ ഇല്ലാത്ത അവസ്ഥതയായതുകൊണ്ട് ചോദ്യത്തിന് കുറവുണ്ടെങ്കിലും ഞങ്ങള്‍ വലിയ രീതിയിലുള്ള തൊഴില്‍ അരക്ഷിതത്വം നേരിടുന്നുണ്ട്. ലോക്ക് ഡൗണിന് മുന്‍പേ തന്നെയും രാജ്യത്തെ തൊഴില്‍ അന്തരീക്ഷം യുവാക്കള്‍ക്ക് അനുകൂലമായ തരത്തില്‍ ആയിരുന്നില്ല. പാര്‍ലേജി ബിസ്‌കറ്റ് വാങ്ങുമ്പോള്‍ പോലും ആളുകള്‍ രണ്ട് തവണ ആലോചിക്കുന്ന സ്ഥിതിയാണ് രാജ്യത്ത് എന്ന് ലോക്ക് ഡൗണ്‍ തുടങ്ങുന്നതിനും ഏറെ മുന്‍പ് തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നല്ലോ? മുന്‍പായിരുന്നെങ്കില്‍ ശ്രമിച്ചാലെങ്കിലും ഒരു ജോലി കിട്ടുമെന്ന് പ്രതീക്ഷയെങ്കിലും ഉണ്ടായിരുന്നു. ഇപ്പോള്‍ അതും അസ്തമിച്ചിരിക്കുകയാണ്. മുന്നോട്ട് പോകുംന്തോറും നേരിടേണ്ടി വരിക വലിയ പ്രതിസന്ധിയാണെന്ന് തിരിച്ചറിയുന്നുണ്ട്.’ കണ്ണൂരില്‍ നിന്നുള്ള എഞ്ചിനിയറിങ്ങ് ബിരുദധാരിയായ ഒരു യുവാവിന്റെ വാക്കുകളാണിത്.

സംസ്ഥാനത്തെ വലിയൊരു വിഭാഗം യുവാക്കളും തൊഴില്‍ രഹിതരായിരിക്കുന്ന ആളുകളും വലിയ ആശങ്കയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അനുദിനം അപകടകരമാംവിധത്തില്‍ രോഗവ്യാപനം കൂടിക്കൊണ്ടിരിക്കുന്നത് കടുത്ത വെല്ലുവിളികളാണ് തങ്ങള്‍ക്ക് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു. ഇതെല്ലാം മറികടന്ന് സാധാരണ ജീവിതത്തിലേക്ക് തിരികെ മടങ്ങുന്നത് എന്നാണെന്ന് പോലും അറിയാത്ത അവസ്ഥയിലാണ് തങ്ങളുള്ളതെന്നാണ് ഇവര്‍ പറയുന്നത്.

സെന്റര്‍ ഫോര്‍ മോണിറ്ററിങ്ങ് ഇന്ത്യന്‍ എക്കണോമിയുടെ കണക്കുകള്‍ പ്രകാരം കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 20.1 ശതമാനമാണ്. ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയതിന് ശേഷമുള്ള കണക്കുകളാണ് ഇത്. മെയ് മാസത്തിലെ 26.1 ശതമാനത്തില്‍ നിന്നും കേരളത്തിന് ചെറിയ രീതിയില്‍ മെച്ചപ്പെടാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന രീതിയിലാണ് ഇപ്പോള്‍ കേരളത്തിലെ തൊഴില്‍ പ്രതിസന്ധി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് എന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ്ങ് ഇന്ത്യന്‍ എക്കണോമിയുടെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ ഇത് ഇത്തരത്തിലായിരുന്നില്ല.

രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ 2020 ഏപ്രില്‍ മാസത്തിലാണ് കേരളത്തിലെ തൊഴില്‍ ഇല്ലായ്മ നിരക്ക് പതിനാല് മാസത്തിലെ ഏറ്റവും ഉയര്‍ന്ന ശരാശരിയായ 17 ശതമാനത്തിലെത്തുന്നത്. മാര്‍ച്ച് മാസത്തിലെ 9 ശതമാനത്തില്‍ നിന്നായിരുന്നു ഇത്തരത്തില്‍ തൊഴില്‍ ഇല്ലായ്മ നിരക്കില്‍ ഒരു കുതിച്ചുചാട്ടം കേരളത്തില്‍ രേഖപ്പെടുത്തിയത്. ഈ സമയത്ത് തൊഴില്‍ ഇല്ലായ്മയിലെ ദേശീയ ശരാശരി 23.5 ശതമാനമായിരുന്നു. തൊഴില്‍ പ്രതിസന്ധി കൂടിവരുന്നത് സംസ്ഥാനത്ത് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സാമൂഹിക നീരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

തൊഴിലില്ലായ്മയില്‍ നിന്നും മാനസിക ആരോഗ്യ പ്രശ്‌നത്തിലേക്ക്

കൊവിഡിനോടൊപ്പം ലോകത്താകമാനം തൊഴില്‍ ഇല്ലായ്മയും മഹാമാരിയായി പടര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇത് യുവാക്കളുള്‍പ്പെടെയുള്ളവരില്‍ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നത് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ലോക്ക്ഡൗണില്‍ മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഒരു സുനാമി തന്നെയുണ്ടായേക്കാമെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിദഗ്ധനായ ഡോക്ടര്‍ മോഹന്‍ റോയ് ഡൂള്‍ ന്യൂസിനോട് പറഞ്ഞത്. തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ യുവാക്കളില്‍ മാത്രമല്ല എല്ലാ വിഭാഗത്തെയും ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

‘ഒരു വ്യക്തിയുടെ നിലനില്‍പ്പിന് സ്വന്തം വ്യക്തി ജീവിതവും തൊഴില്‍ ജീവിതവും സാമൂഹിക ബന്ധങ്ങളും ആവശ്യമാണ്. കൊവിഡ് വരുമ്പോള്‍ സാമൂഹിക ബന്ധത്തില്‍ വലിയ വ്യത്യാസം ഉണ്ടായിട്ടുണ്ട്. കുട്ടികളെ സംബന്ധിച്ചിടത്തോളം പീയര്‍ ഗ്രൂപ്പുമായി ഇടപെടാന്‍ സാധിക്കുന്നില്ല. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങള്‍ കൂടാന്‍ സാധ്യതയുണ്ട്. യഥാര്‍ത്ഥത്തില്‍ മാനസിക പ്രശ്നങ്ങളുടെ ഒരു സുനാമി തന്നെയാണ് വരാന്‍ പോകുന്നത്. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ യുവാക്കളെ മാത്രം ബാധിക്കുന്നതല്ല. സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ഇത്തരം പ്രശ്നങ്ങള്‍ ബാധിച്ചിട്ടുണ്ട്.’ ഡോ. മോഹന്‍ റോയ് പറഞ്ഞു.

ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് പറയാന്‍ നിരവധി പേര്‍ തങ്ങളെ വിളിക്കുന്നുണ്ട് എന്നാണ് കേരള സര്‍ക്കാരിന്റെ ദിശ ഹെല്‍പ്പ്‌ലൈനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. കൊവിഡ് സൃഷ്ടിച്ച മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ യുവാക്കളുള്‍പ്പെടെ നിരവധി പേര്‍ തങ്ങളെ വിളിക്കുന്നുണ്ടെന്ന് കോഴിക്കോട് ഗവണ്‍മെന്റ് മെന്റല്‍ ഹെല്‍ത്ത് കെയര്‍ സെന്ററിലെ നോഡല്‍ ഓഫീസറായ സജിത്ത് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തില്‍ ലോകത്ത് സാധാരണ നടക്കുന്നതിനേക്കാള്‍ 9570 ആത്മഹത്യകള്‍ കൂടിയേക്കാമെന്നാണ് എന്‍.സി.ബി.ഐയില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്. ലോകത്താകമാനം ആത്മഹത്യ റിസ്‌ക്ക് 20 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധിക്കുമെന്നും ഈ പഠനം പറയുന്നു. 63 രാജ്യങ്ങളില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ‘കൊവിഡ് 19- തൊഴില്‍ ഇല്ലായ്മയും ആത്മഹത്യയും” എന്ന പഠനം എന്‍.സി.ബി.ഐ പുറത്തുവിട്ടത്. ലോകാരോഗ്യ സംഘടന പറയുന്നത് 20 ആത്മഹത്യ ശ്രമത്തിനു ശേഷമാണ് ലോകത്ത് ഓരോ ആത്മഹത്യയും നടക്കുന്നത് എന്നാണ്.

ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്

സ്ഥിര നിയമനങ്ങളില്‍ മാത്രമല്ല താല്‍ക്കാലിക നിയമനങ്ങളിലും വലിയ രീതിയിലുള്ള കുറവാണ് കൊവിഡ് പശ്ചാത്തലത്തില്‍ ഉണ്ടായിരിക്കുന്നതെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. സ്‌കൂളുകളും കോളേജുകളും ഇനിയെന്ന് തുറക്കുമെന്ന് അറിയാത്തതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള ആശങ്കയിലാണ് ഗസ്റ്റ് അധ്യാപകരുള്‍പ്പെടെയുള്ളവര്‍ ഉള്ളത്. ഇതിന് പുറമെ സര്‍ക്കാര്‍ ഏപ്രില്‍ ഒന്നിന് ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവ് വന്നാല്‍ പുതിയ നിയമനങ്ങള്‍ നടക്കുന്നതില്‍ വലിയ രീതിയിലുള്ള കുറവ് ഉണ്ടാകുമെന്നും ഇവര്‍ പറയുന്നു.

പി.എസ്.സി പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട നിരവധി പേര്‍ക്ക് ഇത് വലിയ തരത്തിലുള്ള ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിയമനങ്ങള്‍ നടക്കില്ലേ എന്നത് പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

അതേസമയം നിയമനങ്ങളുടെ കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ട വിവിധ ജില്ലകളിലെ ലാസ്റ്റ് ഗ്രേഡ് ഉള്‍പ്പെടെയുള്ള ലിസ്റ്റുകളില്‍ പലര്‍ക്കും അഡൈ്വസ് മെമ്മോ പോയിട്ടുണ്ടെന്നാണ് കണ്ണൂരില്‍ പി.എസ്.സി കോച്ചിങ്ങ് സെന്റര്‍ നടത്തുന്ന ബഗീഷ് പറയുന്നത്.

‘ഉദ്യോഗാര്‍ത്ഥികള്‍ പലരും ഇപ്പോള്‍ കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. പലരും വരാനിരിക്കുന്ന എല്‍.ഡി.സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്ക് വേണ്ടി തയ്യാറെടുക്കുന്നവരാണ്. ഈ പരീക്ഷകളെല്ലാം എന്ന് നടക്കും തുടങ്ങിയ ആശങ്കകളുണ്ട്. എന്നാല്‍ നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനങ്ങള്‍ സ്വീകരിക്കുമെന്ന് തന്നെയാണ് കരുതുന്നത്.’ ബഗീഷ് പറഞ്ഞു.

സ്വകാര്യവത്ക്കരണം ഉദ്യോഗാര്‍ത്ഥികളെ നിരാശയിലാക്കി

കേന്ദ്ര സര്‍ക്കാര്‍ കൊവിഡിന്റെ മറവില്‍ സ്വകാര്യവത്ക്കരണം നടത്തിയതുകൊണ്ട് സ്റ്റാഫ് സെലക്ഷന്‍ കൗണ്‍സിലിന്റെ ഉള്‍പ്പെടെ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളിലും നിരാശയിലാണ്. ഇതിനുപുറമെ കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ പ്രൊജക്ടറ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തന്നെ തൊഴില്‍ രഹിതരായി വീട്ടിലിരിക്കേണ്ട അവസ്ഥയാണുള്ളത്. ദക്ഷിണ റെയില്‍വേയില്‍ 3600 തസ്തികകള്‍ റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒഴിവുള്ള തസ്തികകളില്‍ പകുതിയും നിര്‍ത്തലാക്കാനുള്ള നടപടികളുമായി റെയില്‍വേ മുന്നോട്ട് നീങ്ങി തുടങ്ങിയത് തങ്ങളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് എന്നാണ് റെയില്‍വേ ലിസ്റ്റില്‍ ഉള്‍പ്പെട്ട കോഴിക്കോട് സ്വദേശിയായ യുവതി ഡൂള്‍ ന്യൂസിനോട് പറഞ്ഞത്.

സംസ്ഥാനത്തെ പി.എസ്.സി നിയമനങ്ങള്‍ നടക്കാത്തതുമായി ബന്ധപ്പെട്ട പരാതികള്‍ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ് തല മന്ത്രിമാര്‍ക്കും നല്‍കുന്നതിനു പുറമെ ഉദ്യോഗാര്‍ത്ഥികള്‍ തന്നെ മന്ത്രിമാരുടെ ഫെയ്സ്ബുക്ക് പേജിനകത്ത് കമന്റായി രേഖപ്പെടുത്തുന്ന ട്രെന്‍ഡ് സമീപകാലത്ത് വലിയ രീതിയില്‍ വര്‍ദ്ധിക്കുന്ന പ്രവണതകളാണ് കണ്ടുവരുന്നത്.

ഐ.ടി മേഖലയിലും പ്രതിസന്ധി

സംസ്ഥാനത്തെ യുവാക്കളില്‍ വലിയൊരു ശതമാനം ഐ.ടി മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരാണ്. ഇവരില്‍ പലരും കൂട്ടപിരിച്ചുവിടലിന്റെ ഭീഷണി നേരിടുകയാണ്. പ്രത്യക്ഷത്തില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയാണെന്ന് പറയാതെ ലീവില്‍ പോകാന്‍ നിര്‍ദേശിച്ച് പിന്നീട് ജോലിയില്‍ നിന്നും പിരിച്ചുവിടുന്ന രീതിയാണ് ഐ.ടി മേഖലയില്‍ നടക്കുന്നതെന്ന് കേരളത്തിലെ പ്രമുഖ ഐ.ടി കമ്പനിയിലെ ജീവനക്കാരനായ അഖില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഐ.ടി മേഖലയിലുള്ള നിയമനങ്ങളിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് ബി.ടെ.ക് പൂര്‍ത്തിയാക്കി തൊഴില്‍ അന്വേഷിക്കുന്നവര്‍ പറയുന്നത്. ഇതിനു പുറമേ സ്വാകാര്യ സ്ഥാപനങ്ങളിലൊന്നും പുതിയ ആളുകളെ ജോലിക്ക് എടുക്കുന്നില്ല. മുന്‍പ് ഉള്ളവരെ തന്നെ സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്നാണ് ഹോട്ടല്‍ മേഖലയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച് പുറത്തിറങ്ങിയാല്‍ ജോലി സാധ്യത ഉണ്ടാകുമെന്ന വിശ്വാസത്തില്‍ കോഴ്‌സിന് ചേര്‍ന്നവരെല്ലാം നിരാശയിലാണെന്നാണ്. ഓറിയന്റെല്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥി ഡൂള്‍ ന്യൂസിനോട് പറഞ്ഞത്. പ്രതിസന്ധി ഉത്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിലേക്ക് ഉള്‍പ്പെടെ നീളുന്നതാണ്.

ഉത്പാദന മേഖയിലുള്‍പ്പെടെയുള്ളവര്‍ കൊവിഡ് സമയത്ത് കടുത്ത പ്രതിസന്ധിയാണ് അനുഭവിക്കുന്നത് എന്ന് അറിയാമെങ്കിലും ഇവരുടെ തൊഴില്‍ സുരക്ഷിതത്വവുമായി ബന്ധപ്പെട്ടോ ഉപജീവനമാര്‍ഗവുമായി ബന്ധപ്പെട്ടോ എന്ത് ചെയ്യണമെന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മറുപടി പറയുന്നില്ല എന്ന് അഡ്വക്കേറ്റ് തമ്പാന്‍ തോമസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘ഇത്തരം പ്രശ്‌നങ്ങള്‍ക്ക് തുല്യതാബോധത്തിലുറച്ച വികസനമാണ് വേണ്ടത്. മാനവികതാബോധവും വേണം. നമ്മുടെ കൂടെയുള്ള മനുഷ്യരെ സഹോദരരായിക്കണ്ട്, തങ്ങളുടെ പ്രശ്‌നങ്ങള്‍ ഒന്നാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഒരാളെ ചൂഷണം ചെയ്തല്ല പണമുണ്ടാക്കേണ്ടത് എന്ന ബോധ്യമാണ് പ്രധാനം.

തൊഴിലാളിവര്‍ഗം അഭിമൂഖീകരിക്കുന്നത് വളരെ അടിസ്ഥാനമായുള്ള പ്രശ്‌നങ്ങളാണ്. ജീവിക്കാനുള്ള മാര്‍ഗമില്ല, ആരും സഹായിക്കാനുമില്ല. സമ്പത്തില്ല, പണി ചെയ്യാന്‍ സാധിക്കുന്നില്ല, എങ്ങിനെ ജീവിക്കും എന്ന ഒരു അനിശ്ചിതത്വമാണ് ആളുകളില്‍ ഉണ്ടാകുന്നത്. ജീവിക്കാന്‍ വേണ്ടി ഓടുന്നവര്‍ക്ക് ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കി കൊടുക്കുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനമാണ് ഇവിടെയുണ്ടാകേണ്ടത്. ഇതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ചുമതലയാണ്. ജീവിക്കാന്‍ വേണ്ടിയുള്ള സംഘര്‍ഷത്തിലാണ് തൊഴിലാളികള്‍. ഇത് മനസിലാക്കി സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കൊവിഡിനെ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വീകരിക്കേണ്ട നയത്തിലും മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്’, അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത ജനുവരി 30 ന് ശേഷം ഇപ്പോള്‍ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നിരിക്കുകയാണ്. ആരില്‍ നിന്നും രോഗം പകരാമെന്നത് കരുതി കനത്ത ജാഗ്രത ഓരോ നിമിഷവും സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. ഇതെല്ലാം വ്യക്തമാക്കുന്നത് പകുതി തുറന്ന സമ്പദ് വ്യവസ്ഥയില്‍ ഓരോ പൗരനും അതിജീവനത്തിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തിക്കൊടുക്കേണ്ട ഒരു വലിയ ഉത്തരവാദിത്തം കൂടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉണ്ടെന്ന് തന്നെയാണെന്നാണ് ഉയര്‍ന്നു വരുന്ന വാദങ്ങള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക