Kerala
മുഖ്യമന്ത്രി പിണറായി വിജയനെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 08, 07:18 am
Saturday, 8th June 2019, 12:48 pm

ചങ്ങനാശേരി: മുഖ്യമന്ത്രി പിണറായി വിജയനെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മതുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആര്‍.മഹേഷ് പൈ (30)യാണ് അറസ്റ്റിലായത്.

മുഖ്യമന്ത്രിയുടെ വിദേശ പര്യടനവുമായി ബന്ധപ്പെട്ടു വന്ന പോസ്റ്റിനു താഴെയായിരുന്നു മഹേഷ് പൈ മോശമായ ഭാഷയില്‍ പ്രതികരിച്ചത്. കമന്റ് വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയതോടെ ഇയാള്‍ കമന്റ് ഡിലീറ്റ് ചെയ്തു.

എന്നാല്‍ ഇദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ കൂടുതല്‍ പ്രതിഷേധം ഉയരുകയും വിവാദമാവുകയുമായിരുന്നു.

തുടര്‍ന്ന് സി.പി.ഐ.എം ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ കൗണ്‍സിലറുമായ ടിപി അജികുമാര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്നാണ് ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം മഹേഷ് പൈയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.