ആരോഗ്യരംഗത്ത് ഇനിയും ദീര്‍ഘദൂരം മുന്നേറേണ്ടിയിരിക്കുന്നു കേരളം
Health
ആരോഗ്യരംഗത്ത് ഇനിയും ദീര്‍ഘദൂരം മുന്നേറേണ്ടിയിരിക്കുന്നു കേരളം
റെന്‍സ ഇഖ്ബാല്‍
Tuesday, 20th February 2018, 3:49 pm

നവജാത ശിശുക്കളുടെയും  അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കിലും ഏറ്റവും പുറകിലാണ് കേരളം സ്ഥാനം പിടിച്ചിരിക്കുന്നത്.  ആരോഗ്യസൂചികയില്‍ കേരളം മികച്ച പുരോഗതി കൈവരിച്ചെന്ന് രാജ്യമെങ്ങും കൊട്ടിഘോഷിക്കുമ്പോഴും അതിലെ പല ഘടകങ്ങളിലും ഏറ്റവും പുറകിലാണ് കേരളത്തിന്റെ സ്ഥാനം.

ഫോട്ടോ കടപ്പാട്: ലൈവ്മിന്റ്

കേന്ദ്ര സര്‍ക്കാരിന്റെ നിതി ആയോഗ് രാജ്യത്തെ സംസ്ഥാനങ്ങളുടെ ആരോഗ്യപരമായ ഫലങ്ങളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ പരാമര്‍ശിച്ചിട്ടുള്ളത്.

76.55 പോയിന്റോടുകൂടി ആരോഗ്യ രംഗത്ത് കേരളം മുന്‍പന്തിയില്‍ ആണെങ്കിലും 2014-15 കാലഘട്ടത്തെ അപേക്ഷിച്ച് നമ്മള്‍ പുറകോട്ടാണ് പോയിരിക്കുന്നതെന്ന് ഈ റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. ആരോഗ്യ സൂചികയില്‍ 80 പോയിന്റില്‍ നിന്നാണ് നമ്മള്‍ ഇപ്പോള്‍ 76.55 എത്തിനില്‍ക്കുന്നത്.

ആരോഗ്യരംഗത്തുണ്ടായിട്ടുള്ള പുരോഗതിയിലെ വര്‍ദ്ധനവ് അടിസ്ഥാനമാക്കി നോക്കുമ്പോള്‍ വെറും 21ാമത്തെ സ്ഥാനമാണ് കേരളത്തിനുള്ളത്. 2014-15 കാലഘട്ടത്തെ അടിസ്ഥാനമാക്കിയാണ് 2015-16 കാലഘട്ടത്തെ റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിരിക്കുന്നത്. 2014-15 കാലഘട്ടത്തെ അപേക്ഷിച്ച്  3.45 പോയിന്റ് പിന്നോട്ടാണ് കേരളം പോയിരിക്കുന്നത്.

രാജ്യത്തെ ശരാശരി പ്രസവാനുബന്ധ ചെലവുകള്‍ 6000 രൂപ ആണെന്നിരിക്കെ കേരളത്തില്‍ അത് 6901 രൂപയാണ്. ഈ വിഷയത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനമാണ് കേരളത്തിനുള്ളത്, വെസ്റ്റ് ബംഗാള്‍ മാത്രമാണ് നമ്മുടെ മുന്നിലുള്ളത്. ജനന സമയത്തുള്ള ലിംഗ അനുപാതത്തില്‍ 2014-15ല്‍ 974ായിരുന്ന കേരളം ഇപ്പോള്‍ വന്ന റിപ്പോര്‍ട്ടില്‍ 967ലാണ് എത്തിനില്‍ക്കുന്നത്. സംസ്ഥാനത്ത് ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ ഭ്രൂണഹത്യ നടക്കുന്നുണ്ടോ എന്ന സംശയത്തിലേക്കും ഇത് വിരല്‍ ചൂണ്ടുന്നു.

ജനന സമയത്ത് രണ്ടര കിലോയില്‍ കുറവ് ഭാരമുള്ള കുട്ടികളില്‍ വിവിധ തരം അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെ അധികമാണെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. ബിഹാറിന്റെയും ജാര്‍ഖണ്ഡിന്റെയുമൊക്കെ അടുത്തായി വരും ഈ വിഷയത്തില്‍ കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥാനം. 2014-15 കാലഘട്ടത്തില്‍ കേരളത്തില്‍ 10.8% നവജാത ശിശുക്കളിലാണ് ഭാരക്കുറവുള്ളതായി കണ്ടു വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് 11.8% ആയി ഉയര്‍ന്നിരിക്കുന്നു.ചെറിയ പ്രായത്തില്‍ അമ്മയാകേണ്ടി വരിക, പോഷകാഹാരക്കുറവ്, ഹൃദയസംബന്ധിത രോഗങ്ങള്‍, അപര്യാപ്തമായ പ്രസവകാല ശുശ്രൂഷ എന്നിവയാണ് ശിശുക്കളുടെ ജന്മസമയത്തെ ഭാരക്കുറവിനുള്ള കാരണങ്ങളായി പൊതുവെ കാണപ്പെടുന്നത്.

ഭാരക്കുറവുള്ള കുഞ്ഞുങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് കേരളം കണ്ടെത്തേണ്ടതുണ്ട്. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് മാതൃ-ശിശു സംരക്ഷണത്തില്‍ പ്രായോഗികമായ ഇടപെടലുകള്‍ ആവശ്യമാണ്.

പൊതു ആരോഗ്യ കേന്ദ്രങ്ങള്‍ വലിയ ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കുന്നതില്‍ ഒരു വലിയ പങ്കു വഹിക്കുന്നു. കണക്കുകള്‍ പ്രകാരം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 348 പൊതു ആരോഗ്യ കേന്ദ്രങ്ങളാണ് കേരളത്തിന് ആവശ്യം. എന്നാല്‍ അങ്ങനത്തെ ഒന്ന് പോലും സംസ്ഥാനത്ത് ഇല്ല എന്നതാണ് യാഥാര്‍ഥ്യം. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഈ അവസ്ഥയില്ല.

പില്‍ക്കാലത്തെ അപേക്ഷിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയിലും ഒരു പടി പുറകോട്ടാണ് കേരളം വെച്ചിരിക്കുന്നത്. 2014-15 കാലത്ത് സംസ്ഥാനത്ത് രോഗപ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ണമായി എടുത്ത കുഞ്ഞുങ്ങളുടെ കണക്ക് 95.5 ശതമാനത്തില്‍ നിന്ന്, 2015-16 കാലഘട്ടത്തില്‍ 94.6 ശതമാനമായി കുറഞ്ഞു. ഇതോടെ പ്രസ്തുത വിഷയത്തില്‍ കേരളം ഏഴാം സ്ഥാനത്തേക്ക് കടന്നു.ആശുപത്രികളിലും വിദഗ്ദ്ധരുടെ മേല്‍നോട്ടത്തിലുമുള്ള പ്രസവങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവ് വീക്ഷിക്കാനാവും. മുന്‍കാലഘട്ടത്തില്‍ 96% ഉണ്ടായിരുന്നത് പുതിയ പഠനത്തില്‍ 92.6% ആയി കുറഞ്ഞതായി കാണപ്പെടുന്നു.

ആരോഗ്യ വകുപ്പിന്റെ പ്രധാന തസ്തികകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ കാലാവധിയും ഈ മേഖലയിലെ പദ്ധതികളുടെ വിജയസാധ്യതയില്‍ വലിയ പങ്കു വഹിക്കുന്നു.

കേരളത്തില്‍ മുന്‍കാലഘട്ടത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രധാന തസ്തികകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ശരാശരി കാലാവധി 22 മാസം ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് പന്ത്രണ്ടില്‍ എത്തി നില്‍ക്കുന്നു. ഇത് പകുതിയായി കുറഞ്ഞതായാണ് കണക്കുകള്‍ കാണിക്കുന്നത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിലും ഇത്രയും വലിയ ഒരു വ്യതിയാനം ഈ വിഷയത്തില്‍ കാണാന്‍ സാധിക്കുകയില്ല.

ഇതിനൊക്കെയിടയിലും ആരോഗ്യ സൂചികയില്‍ പ്രഥമ സ്ഥാനം നിലനിര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്