Kerala News
സില്‍വര്‍ ലൈനിന് വേണ്ടി സര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമാക്കിയില്ലായിരുന്നെങ്കില്‍ വന്ദേഭാരത് കേരളത്തിന് ലഭിക്കില്ലായിരുന്നു: എം.വി. ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 20, 10:19 am
Thursday, 20th April 2023, 3:49 pm

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പ്രൊജക്ടിന് വേണ്ടി എല്‍.ഡി.എഫ് സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കിയില്ലായിരുന്നെങ്കില്‍ ഇപ്പോഴും വന്ദേഭാരത് കേരളത്തിന് ലഭിക്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വന്ദേഭാരത് വൈകിയാണെങ്കിലും ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം സി.പി.ഐ.എം ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിന്റെ വികസനത്തില്‍ താല്‍പര്യമുള്ള സി.പി.ഐ.എം പൂര്‍ണമനസ്സോടെ വന്ദേഭാരത് എക്‌സ്പ്രസിനെയും സ്വാഗതം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.

‘വൈകിയാണെങ്കിലും വന്ദേഭാരത് എക്സ്പ്രസ് കേരളത്തിലെ പാളങ്ങളിലൂടെയും ഓടാന്‍ തുടങ്ങിയിരിക്കുന്നു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് പ്രധാനമന്ത്രി മോദി ഫ്‌ലാഗ് ഓഫ് ചെയ്യുന്നതോടെ രാജ്യത്തെ 14-ാമത്തെ വന്ദേഭാരത് കേരളത്തിലൂടെ സര്‍വീസ് ആരംഭിക്കും.

നാലുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കേരളത്തിന് അര്‍ഹമായ ഈ ട്രെയിന്‍ ലഭിക്കുന്നത്. സില്‍വര്‍ ലൈന്‍ പ്രൊജക്ടിന് വേണ്ടി കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കിയില്ലായിരുന്നെങ്കില്‍ ഇപ്പോഴും ഈ വന്ദേഭാരത് കേരളത്തിന് ലഭിക്കുമായിരുന്നില്ല. ഏതായാലും കേരളത്തിന് നേരത്തേ തന്നെ ലഭിക്കേണ്ടിയിരുന്ന വന്ദേഭാരത് വൈകിയാണെങ്കിലും ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്.

കേരളത്തിന്റെ വികസനത്തില്‍ താല്‍പര്യമുള്ള സി.പി.ഐ.എം പൂര്‍ണമനസ്സോടെ തന്നെ വന്ദേഭാരത് എക്സ്പ്രസിനെയും സ്വാഗതം ചെയ്യുകയാണ്,’ അദ്ദേഹം പറഞ്ഞു.

വന്ദേഭാരത് കേരളത്തിന്റെ അവകാശമാണെന്നും ഫെഡറല്‍ സംവിധാനത്തിനോട് ആദരവില്ലാത്തവരാണ് ഇതിനെ കേന്ദ്രത്തിന്റെ ഔദാര്യമായി ചിത്രീകരിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

‘ഇന്ത്യയിലെ ഒരു സംസ്ഥാനമെന്ന നിലയില്‍ അത് ലഭിക്കേണ്ടത് കേരളത്തിന്റെ ന്യായമായ അവകാശമാണ്. കേന്ദ്രത്തിന്റെയോ കേന്ദ്ര ഭരണകക്ഷിയുടെയോ ഔദാര്യമായി ലഭിക്കേണ്ടതല്ല ഈ ട്രെയിന്‍. ഫെഡറല്‍ സംവിധാനത്തിനോട് ആദരവോ ബഹുമാനമോ ഇല്ലാത്തവരാണ് അത് കേന്ദ്രത്തിന്റെ ഔദാര്യമായി ചിത്രീകരിക്കുന്നത്.

കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരമായാണ് കേന്ദ്ര സര്‍ക്കാരും കേന്ദ്ര ഭരണകക്ഷിയും വന്ദേഭാരതിനെ അവതരിപ്പിക്കാന്‍ വിയര്‍ക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നല്ലെങ്കില്‍ നാളെ ഈ പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്രം നിര്‍ബന്ധിതമാകുമെന്നും രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്കു മാത്രമേ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടയണമെന്ന് തോന്നുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണരൂപം

വൈകിയാണെങ്കിലും വന്ദേഭാരത് എക്സ്പ്രസ് കേരളത്തിലെ പാളങ്ങളിലൂടെയും ഓടാന്‍ തുടങ്ങിയിരിക്കുന്നു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് പ്രധാനമന്ത്രി മോദി ഫ്‌ലാഗ് ഓഫ് ചെയ്യുന്നതോടെ രാജ്യത്തെ 14-ാമത്തെ വന്ദേഭാരത് കേരളത്തിലൂടെ സര്‍വീസ് ആരംഭിക്കും.

നാലുവര്‍ഷം മുമ്പ് 2019 ഫെബ്രുവരി പതിനഞ്ചിനാണ് ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസിന് പ്രധാനമന്ത്രി മോദി പച്ചക്കൊടി കാട്ടിയത്. ദല്‍ഹിയില്‍ നിന്ന് പ്രധാനമന്ത്രി ലോക്സഭയില്‍ പ്രതിനിധാനം ചെയ്യുന്ന വാരാണസിയിലേക്കായിരുന്നു ആദ്യത്തെ വന്ദേഭാരത് ഓടിയത്.

നാലുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കേരളത്തിന് അര്‍ഹമായ ഈ ട്രെയിന്‍ ലഭിക്കുന്നത്. സില്‍വര്‍ ലൈന്‍ പ്രൊജക്ടിന് വേണ്ടി കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കിയില്ലായിരുന്നെങ്കില്‍ ഇപ്പോഴും ഈ വന്ദേഭാരത് കേരളത്തിന് ലഭിക്കുമായിരുന്നില്ല. ഏതായാലും കേരളത്തിന് നേരത്തേ തന്നെ ലഭിക്കേണ്ടിയിരുന്ന വന്ദേഭാരത് വൈകിയാണെങ്കിലും ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്.

കേരളത്തിന്റെ വികസനത്തില്‍ താല്‍പര്യമുള്ള സി.പി.ഐ.എം പൂര്‍ണമനസ്സോടെ തന്നെ വന്ദേഭാരത് എക്സ്പ്രസിനെയും സ്വാഗതം ചെയ്യുകയാണ്.

എന്നാല്‍, കേരളത്തിലെ റെയില്‍ യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഒറ്റമൂലിയാണ് വന്ദേഭാരത് എന്ന വാദത്തോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ല. ശാസ്ത്രസാങ്കേതിക വിദ്യയുടെ വികാസം റെയില്‍വേയിലും വലിയ മാറ്റം വരുത്തിയിട്ടുണ്ട്.

പുക തുപ്പുന്ന, കൂകിപ്പായുന്ന ആവി എന്‍ജിനുകളുള്ള തീവണ്ടിയല്ല ഇന്ന് ഓടുന്നത്. ഡീസല്‍, ഇലക്ട്രിക് എന്‍ജിനുകളാണ് അവയ്ക്കുള്ളത്. മീറ്റര്‍ ഗേജുകള്‍ ബ്രോഡ് ഗേജുകളായി മാറിയിരിക്കുന്നു. ബോഗികളിലും വലിയ മാറ്റം വന്നിരിക്കുന്നു.

രാജധാനി, ശതാബ്ദി ട്രെയിനുകളും വന്നു. ഇതിന്റെ തുടര്‍ച്ചയാണ് വന്ദേഭാരതും. അതായത് റെയില്‍വേയില്‍ ഉണ്ടായിട്ടുള്ള ശാസ്ത്രസാങ്കേതിക വളര്‍ച്ചയുടെ ഭാഗമായി ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കുന്ന സെമി ഹൈ സ്പീഡ് ട്രെയിനാണ് വന്ദേഭാരത്.

ഇന്ത്യയിലെ ഒരു സംസ്ഥാനമെന്ന നിലയില്‍ അത് ലഭിക്കേണ്ടത് കേരളത്തിന്റെ ന്യായമായ അവകാശമാണ്. കേന്ദ്രത്തിന്റെയോ കേന്ദ്ര ഭരണകക്ഷിയുടെയോ ഔദാര്യമായി ലഭിക്കേണ്ടതല്ല ഈ ട്രെയിന്‍. ഫെഡറല്‍ സംവിധാനത്തിനോട് ആദരവോ ബഹുമാനമോ ഇല്ലാത്തവരാണ് അത് കേന്ദ്രത്തിന്റെ ഔദാര്യമായി ചിത്രീകരിക്കുന്നത്.

കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരമായാണ് കേന്ദ്ര സര്‍ക്കാരും കേന്ദ്ര ഭരണകക്ഷിയും വന്ദേഭാരതിനെ അവതരിപ്പിക്കാന്‍ വിയര്‍ക്കുന്നത്. 160 കിലോമീറ്റര്‍വരെ വേഗത്തിലോടാന്‍ കഴിയുന്നതാണ് വന്ദേഭാരത്.

എന്നാല്‍, ആ വേഗത്തില്‍ കേരളത്തില്‍ ഓടാന്‍ കഴിയില്ലെന്ന് ട്രയല്‍ റണ്‍ തെളിയിച്ചു. ആദ്യ ട്രയല്‍ റണ്ണില്‍ ശരാശരി വേഗം 70 കിലോമീറ്റര്‍ മാത്രം. ഒരു വിവരാവകാശ രേഖ വ്യക്തമാക്കിയത്, ഇന്ത്യയില്‍ വന്ദേഭാരതിനുള്ള ശരാശരി വേഗം 83 കിലോമീറ്റര്‍ മാത്രമാണ് എന്നാണ്.

അതുപോലും കേരളത്തില്‍ നേടാനായിട്ടില്ല. കൈവരിക്കാവുന്ന വേഗത്തിന്റെ പകുതിപോലും ശരാശരി വേഗം നേടാന്‍ വന്ദേഭാരതിന് കേരളത്തില്‍ കഴിയില്ലെന്ന് വ്യക്തമായി. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് ഏഴു മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് വന്ദേഭാരത് ഓടിയെത്തിയത്.

അതായത് രാജധാനിയേക്കാള്‍ 47 മിനിറ്റ് ലാഭം മാത്രമാണ് വന്ദേഭാരതിലൂടെ ലഭിക്കുന്നത്. എന്താണ് ഇതിനു കാരണം. അതിവേഗത്തില്‍ ഓടാന്‍ പറ്റുന്ന പാളമല്ല കേരളത്തിലുള്ളത് എന്നതുതന്നെ. വളവുകളും തിരിവുകളും ഏറെയുള്ള പാളങ്ങളാണ് നമുക്ക് ഉള്ളത്.

തിരുവനന്തപുരത്തുനിന്ന് കാസര്‍കോടുവരെ 626 വളവുണ്ട്. ഇത് നികത്താതെ വന്ദേഭാരതിനോ രാജധാനിക്കോ ജനശതാബ്ദിക്കോ ആര്‍ജിക്കാവുന്ന വേഗത നേടാന്‍ കഴിയില്ല. ഈ വളവുകള്‍ പുനക്രമീകരിക്കാന്‍ 10 വര്‍ഷമെങ്കിലും എടുക്കുമെന്നാണ് ഈ മേഖലയില്‍ ഏറെ അറിവുള്ള ഇ. ശ്രീധരന്‍തന്നെ പറയുന്നത്.

മാത്രമല്ല, അരലക്ഷം കോടി രൂപയെങ്കിലും ഇതിനായി ചെലവഴിക്കേണ്ടി വരും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ കഴിയുന്ന വന്ദേഭാരത് 80,100 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കുന്നത് തനി വിഡ്ഢിത്തമാണെന്നും ബി.ജെ.പി നേതാവ് കൂടിയായ ഇ.ശ്രീധരന്‍ പറയുകയുണ്ടായി.

കേരളത്തിലെ റെയില്‍വേയുടെ ഈ പരാധീനതയ്ക്ക് കാരണം വര്‍ഷങ്ങളായുള്ള കേന്ദ്ര അവഗണന തന്നെയാണ്. കേന്ദ്രം ഭരിക്കുന്ന കക്ഷികള്‍ അത് കോണ്‍ഗ്രസ് ആയാലും ബി.ജെ.പി ആയാലും തെക്കേ അറ്റത്തുള്ള ഈ കൊച്ചു സംസ്ഥാനത്തോട് കടുത്ത അവഗണനയാണ് കാട്ടിയത്.

വേഗത്തിലോടാനുള്ള പാളങ്ങള്‍ ഒരുക്കാന്‍ ഒരു പദ്ധതിയും ഇതുവരെയും കേരളത്തിന് ലഭിച്ചില്ല. വാഗ്ദാനം ചെയ്യപ്പെട്ട കോച്ച് ഫാക്ടറി നിഷേധിച്ചു. നേമം ഉപഗ്രഹ ടെര്‍മിനല്‍, ചേര്‍ത്തല വാഗണ്‍ ഫാക്ടറി എന്നിവ വാഗ്ദാനത്തില്‍ ഒതുങ്ങി.

കേരളത്തിന് ഒരു റെയില്‍വേ സോണ്‍ വേണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്ന് മാത്രമല്ല, പാലക്കാട് ഡിവിഷന്റെ കീഴിലുള്ള 68 ശതമാനം ഭാഗവും കവര്‍ന്നുകൊണ്ട് സേലം ഡിവിഷന് രൂപംനല്‍കുകയും ചെയ്തു. ഓട്ടോമാറ്റിക് സിഗ്‌നല്‍ സിസ്റ്റം, പാതകളുടെ ആധുനികവല്‍ക്കരണം തുടങ്ങി എല്ലാ മേഖലയിലും കേരളത്തോട് കടുത്ത അവഗണനയാണ് കേന്ദ്ര സര്‍ക്കാരുകള്‍ കാട്ടിയിട്ടുള്ളത്.

അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ ബജറ്റ്. രാജ്യത്താകെ പുതിയ പാതകള്‍ക്കായി 31,850 കോടി രൂപ അനുവദിച്ചപ്പോള്‍ കേരളത്തിന് അനുവദിച്ചത് 0.31 ശതമാനം മാത്രമാണ്. കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണ് ഇത്.

ഞാന്‍ നേരത്തേ സൂചിപ്പിച്ച ശാസ്ത്രസാങ്കേതിക വളര്‍ച്ചയുടെ ആനുകൂല്യം ഉപയോഗിച്ചാണ് കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പ്രൊജക്ട് മുന്നോട്ടുവെച്ചത്. വന്ദേഭാരത് എക്സ്പ്രസിനേക്കാളും ഒരുപടി കൂടി മുന്നില്‍ നില്‍ക്കുന്നതാണ് സില്‍വര്‍ ലൈന്‍.

അതിവേഗ ട്രെയിന്‍ അനുവദിച്ചെങ്കിലും അത് ഓടിക്കാനുള്ള അതിവേഗ പാതയില്ലെന്ന യാഥാര്‍ഥ്യം ഇപ്പോഴെങ്കിലും എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ടാകും. ഇത് അറിയുന്നതുകൊണ്ടാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടി വാദിക്കുന്നത്.

നിലവിലുള്ള പാളങ്ങളിലെ വളവുകളും മറ്റും നേരെയാക്കുന്നതിന് 10 വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ. അതിലും കുറച്ചു സമയം മതിയാകും സില്‍വര്‍ ലൈന്‍ യാഥാര്‍ഥ്യമാക്കാന്‍. ഇതിനായി പുതിയ പാളം തന്നെ നിര്‍മിക്കുന്നതിനാല്‍ വിഭാവനം ചെയ്യുന്ന വേഗം കൈവരിക്കാന്‍ കഴിയും.

വന്ദേഭാരതിന്റെ പകുതി സമയം കൊണ്ട് സില്‍വര്‍ ലൈന്‍ വണ്ടികള്‍ ലക്ഷ്യസ്ഥാനത്ത് എത്തും. മാത്രമല്ല, വന്ദേഭാരത് പരിമിതമായ സര്‍വീസുകളാണ് ഉള്ളതെങ്കില്‍ സില്‍വര്‍ ലൈന്‍ 20 മിനിറ്റില്‍ ഒരു സര്‍വീസുണ്ടാകും.

കേരളത്തിലെ ഏതു നഗരത്തില്‍നിന്നും രാവിലെ പുറപ്പെട്ട് വൈകിട്ട് മടങ്ങിയെത്താന്‍ ഈ സര്‍വീസ് ഉപയോഗിക്കുന്നവര്‍ക്ക് കഴിയും. മാത്രമല്ല, വന്ദേഭാരതിനേക്കാള്‍ ടിക്കറ്റ് നിരക്ക് കുറവാണു താനും. അതായത് സില്‍വര്‍ ലൈനിന് ഒരുതരത്തിലും വന്ദേഭാരത് പകരമാകില്ല.

എന്നാല്‍, വന്ദേഭാരത് വന്നതോടെ പിണറായി സര്‍ക്കാര്‍ മുന്നോട്ടുവച്ച സില്‍വര്‍ ലൈന്‍ പദ്ധതി മരിച്ചെന്ന് ചിലര്‍ ഉദ്ഘോഷിക്കുകയാണ്. എം.വി.ഗോവിന്ദന്റെ ദിവാസ്വപ്നമായി സില്‍വര്‍ ലൈന്‍ പദ്ധതി അവശേഷിക്കുമെന്നുവരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ തട്ടിവിട്ടു.

ഭാവി കേരളം ഉറ്റുനോക്കുന്ന പദ്ധതി തകര്‍ന്നുകാണാനുള്ള അമിതാവേശമാണ് ആ വാക്കുകളില്‍ നിറഞ്ഞുതുളുമ്പിയത്. എന്നാല്‍, സംസ്ഥാനം ഭരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയെ വെല്ലാന്‍ ബി.ജെ.പിക്ക് എന്നല്ല കേന്ദ്ര സര്‍ക്കാരിനും കഴിയില്ലെന്ന് തൊട്ടടുത്ത ദിവസം തന്നെ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന് ബോധ്യപ്പെട്ടു.

കേരളത്തില്‍നിന്നുള്ള കേന്ദ്ര മന്ത്രി വി.മുരളീധരനെ കൂടെയിരുത്തി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര റെയില്‍ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞത് സില്‍വര്‍ ലൈന്‍ പദ്ധതി അടഞ്ഞ അധ്യായമല്ല എന്നാണ്. നിലവിലുള്ള ഡി.പി.ആര്‍ പ്രായോഗികമല്ല എന്നുമാത്രമാണ് റെയില്‍ മന്ത്രാലയം പറഞ്ഞതെന്നും സമഗ്ര പദ്ധതി സമര്‍പ്പിച്ചാല്‍ അക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും റെയില്‍ മന്ത്രി വിശദീകരിക്കുകയുണ്ടായി.

ഇന്നല്ലെങ്കില്‍ നാളെ ഈ പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്രം നിര്‍ബന്ധിതമാകും. രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്കു മാത്രമേ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടയണമെന്ന് തോന്നുകയുള്ളൂ. കേരളത്തിലെ യു.ഡി.എഫും ബി.ജെ.പിയും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്.

എന്നാല്‍, ഒരുകാര്യം ഉറപ്പിച്ചു പറയാം. ദേശീയപാതയും ഗെയില്‍ പദ്ധതിയും യാഥാര്‍ഥ്യമാക്കിയ പിണറായി സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയും യാഥാര്‍ഥ്യമാക്കും.

സ. എം.വ.  ഗോവിന്ദന്‍ മാസ്റ്റര്‍
സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി

content highlight: Kerala would not have got Vandebharat if government had not stepped up pressure for Silver Line: M.V. Govindan