| Wednesday, 27th July 2022, 8:11 am

ശ്രീറാമിന്റെ നിയമനം: മാധ്യമപ്രവര്‍ത്തകരുടെ ധര്‍ണ ഇന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പത്രപ്രവര്‍ത്തക യൂണിയന്‍, കെ.എന്‍.ഇ.എഫ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തും.

ഇന്ന് രാവിലെ 11ന് നടക്കുന്ന ധര്‍ണ പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ലു.ജെ) സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത ഉദ്ഘാടനം ചെയ്യും. കെ.എന്‍.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്‍സണ്‍ മുഖ്യപ്രഭാഷണം നടത്തും.

ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതില്‍ നിയമ വിരുദ്ധമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി നില്‍ക്കുന്ന ഒരാള്‍ ഓരോ ഘട്ടങ്ങളിലായി ചുമതല വഹിക്കേണ്ടതുണ്ട്. കെ.എം. ബഷീര്‍ കേസില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നൊരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബഷീര്‍ നമ്മുടെ എല്ലാവരുടെയും നല്ല സുഹൃത്താണ്, നിങ്ങളുടെ(മാധ്യമപ്രവര്‍ത്തകരുടെ)യും വലിയ സുഹൃത്താണ്. ആ ഒരു കേസില്‍ വികാരമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളയാളുകള്‍ ഓരോഘട്ടത്തില്‍ ചുമതല വഹിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിന്റെ ഭാഗമായാണ് ആലപ്പുഴ കളക്ടറായുള്ള ചുമതല നല്‍കിയത്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. കുറ്റകൃത്യം ചെയ്തതിന് പുറമേ അത് മറച്ചുവെക്കാനും രക്ഷപ്പെടാനും തന്റെ അധികാരം ഉപയോഗിച്ച് ശ്രീറാം ഇടപെട്ടതായും ആരോപണമുയര്‍ന്നിരുന്നു.

ശ്രീറാം പ്രതിയായ കേസ് ഇപ്പോള്‍ വിചാരണ ഘട്ടത്തിലാണ്. ശ്രീറാമിനേക്കാള്‍ ജൂനിയറായ പല ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കും ഇതിനകം കളക്ടര്‍ പദവി നല്‍കിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കേസിന്റെ പേരില്‍ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും അധിക നാള്‍ മാറ്റിനിര്‍ത്താനാകില്ലെന്നും പറയുമ്പോഴും മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള കളക്ടര്‍ തസ്തിക നല്‍കണോ വേണ്ടയോ എന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്.

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് തൂടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളും കളക്ട്രേറ്റിന് മുന്നില്‍ കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിയിരുന്നു.

അതേസമയം, വലിയ അഴിച്ചുപണിയാണ് ഐ.എ.എസ് തലപ്പത്ത് നടന്നത്. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാകും. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എം.ഡിയുടെ ചുമതലയും നവജ്യോത് ഖോസെക്കാണ്. കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടറായി ഹരികിഷോറിനെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി രേണു രാജിനെ നിയമിച്ചു. തിരുവനന്തപുരത്ത് ജെറോമിക് ജോര്‍ജ് കളക്ടറാവും. കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ രാജമാണിക്യത്തെ റൂറല്‍ ഡെവലപ്മന്റ് കമ്മീഷണറാക്കി. എറണാകുളം കളക്ടറായിരുന്ന ജാഫര്‍ മാലിക് പി.ആര്‍.ഡി ഡയറക്ടറാകും.

Content Highlight: Kerala working journalists conducting protest today against the appointment of Sreeram Venkitaraman

We use cookies to give you the best possible experience. Learn more