തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങളില്‍ നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളം അതേപടി നടപ്പിലാക്കില്ല. ഗുജറാത്ത് കലാപം, മുഗള്‍ രാജവംശം എന്നീ ഭാഗങ്ങള്‍ ഒഴിവാക്കില്ല. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് എസ്.സി.ഇ.ആര്‍.ടി ഹയര്‍സെക്കന്‍ഡറി വകുപ്പിന് കൈമാറി.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ എന്‍.സി.ഇ.ആര്‍.ടി പാഠഭാഗങ്ങള്‍ വെട്ടിചുരുക്കുന്നത്. കേരളത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലാണ് എന്‍.സി.ഇ.ആര്‍.ടിയുടെ പാഠഭാഗങ്ങളുള്ളത്.
പാഠഭാഗങ്ങളില്‍ പ്രധാനമായും ഗുജറാത്ത് കലാപം, മുഗള്‍ രാജവംശത്തെക്കുറിച്ചുള്ള കാര്യങ്ങള്‍, കര്‍ഷക സമരം തുടങ്ങിയവയാണ് എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കിയത്. ഇതുമായി ബന്ധപ്പെട്ട് എസ്.സി.ഇ.ആര്‍.ടി പഠനം നടത്തുകയും ഈ പാഠഭാഗങ്ങള്‍ ഒഴിവാക്കേണ്ടതില്ല എന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വിദ്യഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു.
ഗുജറാത്ത് കലാപം, മുഗള്‍ രാജവംശവിവരങ്ങള്‍ തുടങ്ങിയ ഭാഗങ്ങള്‍ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് എസ്.സി.ഇ.ആര്‍.ടി ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരിക്കുന്നത്. ഏതൊക്കെ പാഠഭാഗങ്ങള്‍ പഠിപ്പിക്കണം എന്ന് സംസ്ഥാനത്തിന് തീരുമാനിക്കാമെന്നും എസ്.സി.ഇ.ആര്‍.ടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പഠനഭാരം കുറക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത് എന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.
അതേസമയം, ഗുജറാത്ത് കലാപം, മുഗള്‍ രാജവംശവിവരങ്ങള്‍ തുടങ്ങിയ ഭാഗങ്ങള്‍ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചിരുന്നു. പാഠഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചാലും സംസ്ഥാനങ്ങള്‍ക്ക് തീരമാനമെടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു.
Content highlight: Kerala Won’t remove Gujarat Riot in NCERT Textbook