| Monday, 30th July 2018, 5:17 pm

കേരളത്തിലെ ആരോഗ്യരംഗം; സ്ത്രീകള്‍ മാത്രം നേരിടേണ്ട ചില 'രോഗങ്ങള്‍'

ആര്യ. പി

പ്രസവത്തെ തുടര്‍ന്നുള്ള മാതൃമരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നും കഴിഞ്ഞ ദിവസം വന്ന ഒരു വാര്‍ത്ത ഏവരേയും ആശങ്കപ്പെടുത്തുന്നതായിരുന്നു. വീട്ടില്‍ പ്രസവിക്കുന്നതിനെക്കുറിച്ചുള്ള യൂട്യൂബ് വീഡിയോകള്‍ കണ്ട് പ്രസവം വീട്ടിലാക്കിയ യുവതി പ്രസവശേഷമുള്ള രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചെന്നായിരുന്നു ആ വാര്‍ത്ത. തിരുപ്പൂര്‍ സ്വദേശിയായ കൃതിഗയെന്ന 28 കാരിയായിരുന്നു ജൂലൈ 22ന് മരണപ്പെട്ടത്. ഒരു സ്‌കൂള്‍ അധ്യാപിക കൂടിയായ യുവതിക്കാണ് ഇത്തരമൊരു ദാരുണാന്ത്യം ഉണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം കൂടുതല്‍ വര്‍ധിപ്പിക്കുന്നു.

ഈ സാഹചര്യത്തില്‍ കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യം എത്രത്തോളം മെച്ചപ്പെട്ട അവസ്ഥയിലാണെന്നും സ്ത്രീകള്‍ക്ക് വേണ്ട ചികിത്സാ സൗകര്യങ്ങളും ആരോഗ്യസാഹചര്യവും ഒരുക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തിന്റെ പങ്ക് എത്രത്തോളമുണ്ട് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. ഇതുമാത്രമല്ല ലിംഗപരമായ വിവേചനത്തിന്റെ പ്രത്യാഘാതങ്ങള്‍ സ്ത്രീകളുടെ ആരോഗ്യകാര്യത്തില്‍ പ്രകടമാക്കപ്പെടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടത് തന്നെയാണ്.

കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട അവസ്ഥയിലാണ് ഉള്ളതെങ്കിലും പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ആരോഗ്യരംഗത്ത് നേരിടുന്നവര്‍ സ്ത്രീകള്‍ തന്നെയാണെന്നാണ് വിവിധ ഡോക്ടര്‍മാരുമായി സംസാരിച്ചതിലൂടെ വ്യക്തമായത്.

സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യമാണ് പുരുഷന്‍മാരെ അപേക്ഷിച്ച് കൂടുതലുള്ളതെന്നും മിക്കവാറും ആരോഗ്യസൂചികകള്‍ പരിശോധിച്ചാല്‍ സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെട്ട് തന്നെയാണ് ഉള്ളതെന്നും എങ്കിലും ആഴത്തിലുള്ള പഠനത്തില്‍ ആരോഗ്യകാര്യത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ വ്യക്തമാകുമെന്നും ഡോ. ജയശ്രീ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“”പുറമെ പ്രകടമായിട്ട് കാണുന്ന ആരോഗ്യസൂചികകളെടുത്താലെല്ലാം സ്ത്രീകളുടെ ആരോഗ്യം മുന്നിലാണെന്നു കാണാം. എങ്കിലും ചില മേഖലകളില്‍ പ്രത്യേകിച്ചും ആദിവാസി മേഖലകളിലൊന്നും അത് ഇങ്ങനെയല്ല എന്ന് കാണാന്‍ പറ്റും. അവിടെ ശിശുമരണ നിരക്കും മാതൃമരണ നിരക്കും പോഷകാഹാര കുറവും ഇപ്പോഴും കൂടുതല്‍ തന്നെയാണ് “”- ഡോ. ജയശ്രീ പറയുന്നു.

സ്വന്തം ശരീരത്തിന് മേല്‍ തീരുമാനമെടുക്കുന്ന, പ്രത്യേകിച്ച് പ്രത്യുത്പാദനത്തിന്റേയോ സെക്ഷ്വാലിറ്റിയുടേയോ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന കാര്യം ചോദിച്ചാല്‍ സ്ത്രീകള്‍ക്ക് അത് ഉണ്ട് എന്ന് പറയാന്‍ പറ്റില്ലെന്നാണ് വിവിധ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.
അതിന്റെ ഏറ്റവും നല്ല ഉദാഹരണം കോണ്‍ട്രാസെപ്റ്റീവ്‌സിന്റെ ഉപയോഗം തന്നെയാണെന്നും ഡോ. ജയശ്രീ ചൂണ്ടിക്കാട്ടുന്നു.

ഫെര്‍ടിലിറ്റി റേറ്റ് ഇവിടെ കുറവാണ്. അത് അച്ചീവ്‌മെന്റ് ആയി എടുത്താലും അത് ടുബെസ്‌കെമി വഴിയാണ് നടപ്പാക്കുന്നത്. സ്ഥിരമായി ഉണ്ടാകുന്ന ഗര്‍ഭ നിരോധന മാര്‍ഗം( പി.പി.സി ) വഴി പ്രസവം നിര്‍ത്തുകയാണ് ചെയ്യുന്നത്. അവിടെയാണ് നമ്മള്‍ സ്ത്രീകള്‍ക്ക് അവരുടെ ശരീരത്തിന്‍മേല്‍ എത്രത്തോളം നിയന്ത്രണം ഉണ്ട് എന്ന് മനസിലാക്കേണ്ടത്. അതിനെ കുറിച്ച് ഡോ. ജയശ്രീ പറയുന്നത് ഇങ്ങനെ..

ചിലരോട് ചോദിച്ചാല്‍ പറയും ഭര്‍ത്താവും ഞാനും കൂടിയാണ് പ്രസവം നിര്‍ത്താനുള്ള തീരുമാനം എടുത്തത് എന്ന്. അത് സ്വയം തീരുമാനമാണോ ആരെങ്കിലും അടിച്ചേല്‍പ്പിച്ചതാണോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. യൂറോപ്പിലൊക്കെ പ്രസവം നിര്‍ത്തുക എന്ന സംഭവം ഇല്ല. ഏറ്റവും സേഫ് ആയിട്ടുള്ള കോണ്‍ട്രാസെപ്റ്റീവ് ആണ് കോണ്ടം. അത് പുരുഷന്‍മാരാണ് ഉപയോഗിക്കേണ്ടത്. സെക്ഷ്വാലിറ്റിയില്‍ തന്നെ തുല്യമായ ഒരു പങ്കുവെപ്പ് ഉണ്ടെങ്കില്‍ മാത്രമേ സ്ത്രീകള്‍ക്ക് അത് ആവശ്യപ്പെടാനും പുരുഷന്‍മാര്‍ അത് ഏറ്റെടുക്കാനും സാധ്യതയുള്ളൂ. സ്ത്രീകളുടെ ഒരു മുന്‍കൈ സെക്ഷ്വാലിറ്റിയില്‍ ഉണ്ടാകാത്തിടത്തോളം കാലം, സ്ത്രീ വളരെ പാസ്സീവ് ആയിരിക്കുന്നിടത്തോളം സ്ത്രീകള്‍ക്ക് ഒരു നിയന്ത്രണവും അവരുടെ ശരീരത്തില്‍ ഉണ്ടാവില്ല- ഡോ.ജയശ്രീ പറയുന്നു.

പുരുഷന്‍മാരുമായുള്ള ബന്ധത്തിലായാലും ഭര്‍ത്താക്കന്‍മാരുമായുള്ള ബന്ധത്തിന്റെ കാര്യത്തിലായാലും ഇപ്പോഴും മേല്‍ക്കൈ പുരുഷന്‍മാര്‍ക്ക് തന്നെയാണെന്നും സ്വന്തം ശരീരത്തെ നോക്കി സ്വന്തം അവസ്ഥ നോക്കി തീരുമാനം എടുക്കാനൊന്നും സ്ത്രീകള്‍ക്ക് പലപ്പോഴും കഴിയുന്നില്ലെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.


നിര്‍ബന്ധിത പാദപൂജ; നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനിത ലീഗ് ബാലാവകാശ  കമീഷന് പരാതി നല്‍കി


പ്രസവത്തിന്റെ മുന്‍പുള്ള ചെക്കപ്പുകളുടെ കാര്യത്തിലൊക്കെ ഈയിടെയായി ചിലയാളുകള്‍ പിറകോട്ടു പോകുന്നുണ്ടെന്നും അതൊരിക്കലും ഹോസ്പിറ്റലില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതുകൊണ്ടല്ല മറിച്ച് സ്‌കാനിങ്ങുകളും പ്രസവത്തിന് മുന്‍പുള്ള ടെസ്റ്റുകള്‍ അനാവശ്യമാണ് എന്ന രീതിയിലുള്ള പ്രചരണങ്ങള്‍ കൊണ്ടാണെന്നുമാണ് ഡോ. ഷിംന അസീസ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

“”ഇതിലെല്ലാം സര്‍ക്കാര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിസ്റ്റമായ രീതിയില്‍ കാര്യങ്ങള്‍ പോകുന്നുണ്ടെങ്കിലും ആളുകള്‍ എല്ലാത്തിനേയും ഒരു സംശയത്തിന്റെ കണ്ണോടെ കാണുന്നതിന്റെ പ്രശ്‌നങ്ങള്‍ ഉണ്ട്. കൃത്യമായ അവയര്‍നെസ് ഇല്ലാത്തതിന്റെ പ്രശ്‌നമുണ്ടെന്നും ഡോ. ഷിംന അസീസ് അഭിപ്രായപ്പെട്ടു.

ഒരു സ്ത്രീയുടെ ആരോഗ്യം എന്ന് പറയുന്നത് അത് കൗമാരക്കാലം മുതല്‍ നോക്കേണ്ട ഒന്നല്ലെന്നും ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ മുതല്‍ നോക്കേണ്ടകാര്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

പെണ്‍കുട്ടികള്‍ക്കാണ് ആണ്‍കുട്ടികളേക്കാള്‍ പ്രോട്ടീനും മറ്റും വേണ്ടത്. മാല്‍ന്യൂട്രീഷ്യന്‍ എന്ന് ഉദ്ദേശിക്കുന്നത് പോഷകാഹാരകുറവ് മാത്രമല്ല അണ്‍ബാലന്‍സ്ഡ് കൂടിയാണ്. എന്നാല്‍ ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള അവയര്‍നെസ് പലര്‍ക്കും കുറവാണ്. നമ്മുടെ ആരോഗ്യരംഗം എന്നത് രോഗം വന്നിട്ട് ചികിത്സിക്കുക എന്നതാണ്. രോഗം എങ്ങനെ തടയാം എന്നതിനെ കുറിച്ച് ഇപ്പോഴും നമുക്ക് ധാരണയില്ലെന്നും ഇവര്‍ പറയുന്നു.

സ്ത്രീകളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ വയലേഷന്‍ നടക്കുന്നു എന്ന് തോന്നിയത് അബോര്‍ഷന്‍ പോലുള്ള കാര്യങ്ങളിലാണെന്നാണ് ഡോ. വീണ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്. ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു അനുഭവവും ഡോ. വെളിപ്പെടുത്തുന്നു. ഡോക്ടറുടെ വാക്കുകള്‍ ഇങ്ങനെ..””ഒരിക്കല്‍ എന്റെ ഒരു കൂട്ടുകാരിക്ക് വേണ്ടി നിയമപരമായ അബോര്‍ഷന് വേണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയിരുന്നു. അവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. എന്നാല്‍ അവിടെ നിന്നും ഞങ്ങള്‍ക്ക് മോശം അനുവഭമാണ് ഉണ്ടായത്. എന്തിനാണ് ഇത്? ഭര്‍ത്താവ് കൂടെയില്ലേ? അങ്ങനെയൊക്കെയുള്ള ചോദ്യങ്ങളാണ്. യഥാര്‍ത്ഥത്തില്‍ അബോര്‍ഷന്റെ നിയമം വെച്ച് സ്ത്രീക്ക് ഭര്‍ത്താവിന്റെ സമ്മതം വേണ്ട. ആ രീതിയില്‍ നോക്കുമ്പോള്‍ സ്ത്രീകളെ ഒരു പൗരനായി പോലും ആശുപത്രികള്‍ കാണുന്നില്ല”” ഡോ. പറയുന്നു.

ഒരിക്കല്‍ ഒരു സ്ത്രീയെ പോസ്റ്റുമോര്‍ട്ടം ചെയ്തതിന്റെ റിപ്പോര്‍ട്ട് താന്‍ പരിശോധിച്ചപ്പോള്‍ അതിന്റെ കണ്‍സെന്റില്‍ അവരുടെ അമ്മയാണ് ഒപ്പിട്ടത്. ബ്രാക്കറ്റില്‍ അച്ഛന്‍ സ്ഥലത്തില്ലെന്നാണ് അതിന് കാരണമായി എഴിതിയിരിക്കുന്നത്. എന്നാല്‍ ഇതേ മെഡിക്കല്‍ കോളേജില്‍ തന്നെയാണ് കുട്ടിയുടെ അച്ഛന്‍ കൂടെയില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചതും “” ഡോക്ടര്‍ വീണ പറയുന്നു.


“രാജ്യത്തുള്ളവരെ അഭയാര്‍ത്ഥികളാക്കാനുള്ള നീക്കം” ; 40 ലക്ഷം പേരെ ഒഴിവാക്കിയ ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ മമതാ ബാനര്‍ജി


സ്ത്രീകള്‍ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളില്‍ ഒന്ന് അബോര്‍ഷനുമായി ബന്ധപ്പെട്ടത് തന്നെയാണെന്നാണ് ഡോ. ജയശ്രീയും അഭിപ്രായപ്പെട്ടത്. അബോര്‍ഷന്‍ നിയപരമാണെങ്കിലും പലപ്പോഴും സ്ത്രീകളെ നിരുത്സാഹപ്പെടുത്തുന്ന പ്രവണത തന്നെയാണ് പല ഡോക്ടര്‍മാരില്‍ നിന്നും ഉണ്ടാകുന്നതെന്നും ഡോ. ജയശ്രീ പറയുന്നു..

“” ഇവിടെ അബോര്‍ഷന്‍ നിയമപരമാണ്. ചില നിബന്ധനകള്‍ ഉണ്ട് എന്നല്ലാതെ. കോണ്‍ട്രാസെപ്റ്റീവ് ഫെയില്യര്‍ ആണ് എന്ന് കണ്ടാല്‍ നമുക്ക് അബോര്‍ഷന്‍ ചെയ്യാം. അതിന് ഭര്‍ത്താവ് വേണം എന്നോ ഭര്‍ത്താവിന്റെ അനുമതി വേണം എന്നൊന്നും നിയമത്തില്‍ പറയുന്നില്ല. പക്ഷേ പ്രായോഗികമായി ഇതിനെയെല്ലാം ഭരിക്കുന്നത് നമ്മുടെ ചിന്താഗതികളും നമ്മുടെ മുന്‍വിധികളും ധാരണകളുമൊക്കെയാണ്. എല്ലാ ഫാമിലി ഹെല്‍ത്ത് സെന്ററുകളിലും ഇത് ചെയ്തുകൊടുക്കണമെന്നത് നിര്‍ബന്ധമാണെങ്കിലും പലപ്പോഴും അവര്‍ നിരുത്സാഹപ്പെടുത്തുന്നതായാണ് കാണുന്നത്. ചെയ്തുകൊടുക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ട് എന്ന രീതിയിലാണ് പലരുടേയും പ്രതികരണം.

പ്രകൃതിയിലേക്ക് മടങ്ങുക എന്നൊക്കെ പറഞ്ഞ് എല്ലാത്തിനേയും മെഡിക്കലൈസ് ചെയ്യപ്പെടുന്നതാണ് മറ്റൊന്ന്. അതില്‍ വലിയ അര്‍ത്ഥമൊന്നും ഇല്ല. നമ്മള്‍ എല്ലാത്തിനേയം ശാസ്ത്രീയമായി പഠിക്കുകയും നമ്മുടെ ജീവിതത്തിന് വേണ്ടത് എന്താണെന്ന് തിരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുകയുമാണ് വേണ്ടത്. അത് പലപ്പോഴും ഉണ്ടാകാറില്ല. – ഡോ. ശ്രീജ പറയുന്നു.

വിവാഹത്തിന് ശേഷം മാത്രം സെക്‌സ്, വിവാഹത്തിന് ശേഷമുള്ള സെക്‌സില്‍ രണ്ട് കുട്ടികളായിക്കഴിഞ്ഞാല്‍ പ്രസവം നിര്‍ത്തുക ഇതെല്ലാം ഒരു അടിച്ചേല്‍പ്പിക്കല്‍ പോലെ നില്‍ക്കുകയാണ്. അല്ലാതെ അതിനപ്പുറത്ത് ഡൈവേഴ്‌സ് ആയിട്ടുള്ള അനുഭവങ്ങള്‍ ഉണ്ടാകത്തക ചുറ്റുപാടുകളൊന്നും സ്ത്രീകള്‍ക്കില്ല. സൂക്ഷ്മമായ തലത്തില്‍ പരിശോധിക്കുമ്പോഴാണ് ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ നമുക്ക് മനസിലാക്കാന്‍ പറ്റുന്നത്. പലര്‍ക്കും ഇതൊന്നും തിരിച്ചറിയാന്‍ പറ്റുന്നില്ല. എന്ത് ആരോഗ്യപ്രശ്‌നങ്ങള്‍ ആണ് ഉള്ളതെന്ന് ചോദിക്കുമ്പോള്‍ പല സ്ത്രീകള്‍ക്കും അറിയില്ല. – ഡോ. ജയശ്രീ പറയുന്നു.

സ്ത്രീകളുടെ ആരോഗ്യം അല്ലെങ്കില്‍ പെണ്‍കുട്ടികളുടെ ആരോഗ്യം അത് വളരെ ചുരുക്കിയാണ് നമ്മള്‍ കാണുന്നത്. പ്രത്യേകിച്ച് ആര്‍ത്തവ ശുചിത്വം എന്ന രീതിയില്‍ അതിനെ ചുരുക്കിക്കളയുകയാണ്. യഥാര്‍ത്ഥത്തില്‍ ഇവിടെ പ്രശ്‌നം അതൊന്നുമല്ല. സെക്ഷ്വാലിറ്റിയുടെ മേല്‍ തുറന്ന ചര്‍ച്ചകള്‍ നടത്താനുള്ള മടി കാരണം മറ്റു വിഷയങ്ങളിലേക്ക് അത് ദിശമാറ്റി വിടുകയാണ്. സ്ത്രീകള്‍ക്ക് അവരുടെ ശരീരത്തിന് മുകളിലും സെക്ഷ്വാലിറ്റിയുടെ മുകളിലും പൂര്‍ണ നിയന്ത്രണം ഉണ്ടാകുമ്പോള്‍ മാത്രമേ അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ്ഒരു ആത്മവികാസം ഉണ്ടായി എന്ന് നമുക്ക് പറയാന്‍ പറ്റുകയുള്ളൂ. – ഡോ. ജയശ്രീ പറയുന്നു.

ആര്‍ത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ ആശുപത്രിയില്‍ ചെന്നാല്‍ പോലും അതൊക്കെ അങ്ങ് സഹിച്ചാല്‍ പോരെ. ഇത് സഹിക്കാന്‍ പറ്റിയില്ലെങ്കില്‍ പ്രസവ വേദന എങ്ങനെ സഹിക്കും എന്ന രീതിയിലാണ് പലരും ചോദിക്കാറെന്നാണ് ഡോ. വീണ പറയുന്നത്. അതായത് പ്രസവത്തിന് വേണ്ടി പോലും സ്ത്രീകള്‍ അങ്ങ് തയ്യാറായിക്കോളണം എന്ന ചിന്താഗതി ഗൈനക്കോളജിസ്റ്റുകള്‍ വെച്ച് പുലര്‍ത്തുന്നതായി തോന്നിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.


ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ മോദിസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു; രാജ്യത്തെ രക്ഷിച്ചേ മതിയാകൂവെന്ന് സീതാറാം യെച്ചൂരി


ആര്‍ത്തവ വിരാമത്തിന് ശേഷം കാല്‍സ്യം ടാബ്ലെറ്റ് കഴിക്കേണ്ടത് സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന് വളരെ പ്രധാനപ്പെട്ടതാണെങ്കിലും അതൊന്നും അങ്ങോട്ട് എസ്റ്റാബ്ലിഷ് ചെയ്യാന്‍ പറ്റുന്നില്ല എന്നത് ആരോഗ്യരംഗം നേരിടുന്ന വലിയ ഭീഷണികളിലൊന്നെന്ന് വിവിധ ഡോക്ടര്‍മാര്‍ പറയുന്നു. രോഗം വന്നുകഴിഞ്ഞാല്‍ എല്ലാവരും ചികിത്സിക്കുന്നുണ്ട്. സ്ത്രീകള്‍ തന്നെ നേരിട്ട് എത്തുന്നുണ്ട്. പക്ഷേ അവയര്‍നെസിന്റേയും പ്രിവന്‍ഷന്‍ ഇല്ലാത്തതിന്റേതുമാണ് യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍. പിന്നെ സമൂഹത്തില്‍ പ്രചരിക്കുന്ന തെറ്റായ മിഥ്യാസങ്കല്‍പ്പങ്ങളും ധാരണകളും മറ്റൊരു കാരണമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഓക്‌സിറ്റോസിന്‍ എന്ന മരുന്നിന്റെ ഉത്പാദനവും വിതരണം ഒരു കമ്പനിയിലേക്ക് മാത്രമാക്കി സര്‍ക്കാര്‍ ചുരുക്കുകയാണെന്നും അതിന് കാരണമായി പറയുന്നത് അതിന്റെ ദുരുപയോഗം തടയാന്‍ എന്നതാണെന്നും ഡോ. ജയശ്രീ പറയുന്നു.

“”സ്ത്രീകള്‍ക്ക് വളരെ വളരെ ആവശ്യമുള്ള ഒരു മരുന്നാണ് അത്. സ്ത്രീകള്‍ക്ക് സുഖമായി പ്രസവിക്കുന്നതിനും അതിന് ശേഷമുള്ള രക്തസമ്മര്‍ദ്ദം തടയുന്നതിനും. പക്ഷേ ഇത് മനസിലാക്കി പ്രതികരിക്കാന്‍ സ്ത്രീകള്‍ തയ്യാറാകുന്നില്ല. കേരളത്തില്‍ പ്രബുദ്ധരമായ സ്ത്രീകള്‍ ഉണ്ടായിട്ടും ആരും പ്രതികരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കും വേണ്ടി വിട്ടുകൊടുത്തിരിക്കുകയാണ്. അവയര്‍നെസ് ഉള്ള സമൂഹം ആണെങ്കില്‍ നമ്മുടെ ശരീരത്തില്‍ നടക്കുന്ന കാര്യങ്ങളും നമുക്ക് കുഴപ്പമുണ്ടാകുന്ന കാര്യങ്ങളെകുറിച്ച് സ്്ത്രീകള്‍ക്ക് ഒരു ബോധം ഉണ്ടാവുന്നില്ല. സൂക്ഷ്മമായ തലങ്ങളിലാണ് പ്രശ്‌നങ്ങള്‍ കാണുന്നതെന്നും ഡോ. ജയശ്രീ പറയുന്നു.

ഉത്കണ്ഠ, മാനസിക പ്രശ്‌നങ്ങള്‍, വിഷാദം,പൊണ്ണത്തടി സ്തനാര്‍ബുദം തുടങ്ങിയ അസുഖങ്ങളൊക്കെ കൂടുതലായി കാണുന്നതും സ്ത്രീകളില്‍ തന്നെയാണെന്നും വിവിധ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

പുലര്‍ച്ചെയുള്ള എഴുന്നേല്‍ക്കല്‍. പിന്നീട് ഓടിനടന്ന് ജോലി ചെയ്ത് ഓഫീസില്‍ പോകേണ്ടി വരുന്ന സ്ത്രീകള്‍. അതുമല്ലെങ്കില്‍ എല്ലാവരേയു ം പറഞ്ഞയച്ച ശേഷം വിശ്രമമില്ലാത്ത വീട്ടുജോലികളിലേക്ക് പോകുന്ന മറ്റൊരു വിഭാഗം. മിക്കപ്പോഴും സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും അമ്മമാര്‍ക്ക് രാവിലെ ഭക്ഷണം കഴിക്കാന്‍ കഴിയാറില്ല. ശരിയായ പ്രഭാത ഭക്ഷണം ഇല്ലാത്തതു കൊണ്ടുള്ള പ്രശ്നങ്ങള്‍ ഒരു വശത്ത്. മറുവശത്താകട്ടെ അസമയത്തെ അമിത ഭക്ഷണം കൊണ്ടുള്ള പ്രശ്നങ്ങള്‍ വേറെയും.

ചികില്‍സയാവശ്യമുള്ള രോഗങ്ങളിലൊന്നാണ് പൊണ്ണത്തടി. പൊണ്ണത്തടിയോടൊപ്പം വരുന്ന അനുബന്ധ രോഗങ്ങളാണ് മുട്ടുവേദന, സന്ധിവാതം തുടങ്ങിയവയൊക്കെ. സന്ധിവാതരോഗങ്ങളുമായി ചികില്‍സ തേടിയെത്തുന്നവരില്‍ 60 ശതമാനത്തിലധികവും സ്ത്രീകളാണ്.

പൊണ്ണത്തടി സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണെന്നും വ്യായാമത്തിന്റെ കുറവും മറ്റും അതിന് കാരണമാണെന്നും ഡോക്ടര്‍മാരില്‍ നിന്നും സംസാരിച്ചതിലൂടെ വ്യക്തമാകുന്നു.”” എല്ലാ ദിവസവും കൃത്യസമയം വ്യായാമം എന്ന് പറയുന്നത് പല സ്ത്രീകള്‍ക്കും ചിന്തിക്കാന്‍ പോലും പറ്റുന്നില്ലെന്നും ഗര്‍ഭസമയത്ത് കൂടുന്ന ഭാരം സ്ത്രീകള്‍ക്ക് ഒരു തരത്തിലും കുറയ്ക്കാന്‍ പറ്റുന്നില്ലെന്നുമാണ് വിഷയത്തില്‍ ഡോ. ഷിംന അസീസ് പ്രതികരിച്ചത്.

സ്തനാര്‍ബുദം

കേരളത്തിലെ സ്ത്രീകളില്‍ സ്തനാര്‍ബുദത്തിന്റെ തോത് പാശ്ചാത്യ രാജ്യങ്ങളിലേതിനോടടുക്കുകയാണെന്ന് പ്രഗല്ഭ കാന്‍സര്‍ ചികില്‍സാ വിദഗ്ധനായ ഡോ.വി.പി.ഗംഗാധരന്‍ പറയുന്നു. മാറിയ ജീവിത രീതികള്‍ വലിയൊരളവു വരെ സ്തനാര്‍ബുദത്തിനു കാരണമാകുന്നുമുണ്ട്.

വ്യായാമമില്ലാത്ത ജീവിതരീതിയും വീട്ടില്‍ പാചകം ചെയ്യുന്നത് കഴിവതും ഒഴിവാക്കി പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്ന രീതിയുമൊക്കെ ഒരളവോളമെങ്കിലും സ്തനാര്‍ബുദത്തിലേക്കു നയിക്കുന്നുണ്ട്. ഒട്ടുമിക്ക സാഹചര്യങ്ങളിലും സ്തനാര്‍ബുദം ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് നാമെത്തിയിട്ടുണ്ടെങ്കിലും സ്തനാര്‍ബുദത്തിന്റെ തോത് വര്‍ധിച്ചു വരുന്നത് അപകടകരമായ പ്രവണതയാണ്.

സ്തനാര്‍ബുദം മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ ഡിറ്റക്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് വിവിധ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്.

സതനാര്‍ബുദം കണ്ടെത്തിട്ട് വര്‍ഷങ്ങളായിട്ടുണ്ടെങ്കിലും അത് പുറത്ത് ആരോടെങ്കിലും പറയാനോ ഡോക്ടറെ കാണിക്കാനോ മടിയായി നില്‍ക്കുന്ന നിരവധി പേരുണ്ടെന്നും അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടെന്നും ഡോ. വീണ പറയുന്നു.

മുന്‍പ് സ്ത്രീകള്‍ക്ക് ഡോക്ടറുടെ അടുത്ത് പോകാനും വീട്ടിലുള്ളവരെ തന്നെ അറിയിക്കാനും മടിയായിരുന്നു. എന്നാല്‍ ഇത് അതില്‍ മാറ്റം വന്നിട്ടുണ്ടെന്നാണ് ഡോ.് ഷിംന അസീസ് പറയുന്നത്. അവയര്‍നെസാണ് അതില്‍ കീ ഫാക്ടര്‍. ശരീരത്തില്‍ നീര് വന്നാലോ തടിപ്പ് വന്നാലോ അവര്‍ എത്തുന്നുണ്ട്. എന്നാല്‍ ഇപ്പോഴും ആ തലത്തിലേക്ക് എത്താത്ത നിരവധി പേരുണ്ട്- എന്നാണ് ഇതേക്കുറിച്ചുള്ള ഡോക്ടര്‍മാരുടെ പ്രതികരണം.

വിഷാദ രോഗവും മാനസിക പ്രശ്നങ്ങളും

പുരുഷന്മാര്‍ക്ക് ജോലിയില്‍ നിന്നും ജീവിതശൈലീപ്രശ്നങ്ങള്‍ മൂലവുമൊക്കെയാണ് മാനസിക വിഷമതകള്‍ നേരിടേണ്ടി വരുന്നതെങ്കില്‍ സ്ത്രീക്ക് മാനസിക പ്രശ്നങ്ങളുണ്ടാകുന്നത് പ്രധാനമായും ഭര്‍തൃവീട്ടുകാര്‍, ഭര്‍ത്താവ്, തൊഴില്‍സ്ഥലം എന്നിവിടങ്ങളില്‍ നിന്നാണ്.

തൊഴിലെടുക്കാതെ കുടുംബിനിയായി കഴിയുന്ന സ്ത്രീക്ക് പല തരത്തിലുള്ള അവമതികള്‍ക്കും ഇരയാകേണ്ടി വാരുറുമുണ്ട്. തൊഴില്‍ ചെയ്യുന്നവര്‍ക്കാകട്ടെ ജോലിയുടെ ഭാരത്തോടൊപ്പം അമ്മ, ഭാര്യ, വീട്ടിലെ പണികളുടെ ചുമതലക്കാരി എന്നിങ്ങനെ പല റോളുകള്‍ കൈകാര്യം ചെയ്യേണ്ടതായും വരുന്നു.

തന്റെ ചുമതലകളോട് പരിപൂര്‍ണമായി നീതി പുലര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍ സ്ത്രീകള്‍ പലതരത്തിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ക്കും ഇരകളാവുന്നു.

വിഷാദരോഗങ്ങള്‍ പോലുള്ള മാനസികാസ്വാസ്ഥ്യങ്ങള്‍ സ്ത്രീകളില്‍ പുരുഷന്മാരെക്കാള്‍ രണ്ടിരട്ടിയോളമുണ്ടെന്ന് പ്രഗല്ഭ മനോരോഗ വിദഗ്ധനായ ഡോ.പി.എന്‍.സുരേഷ്‌കുമാര്‍ ചൂണ്ടിക്കാണിക്കുന്നു. 20-35 പ്രായത്തിലാണ് വിഷാദരോഗവും മറ്റും കൂടുതലായി കാണുന്നതും. പല തരത്തിലുള്ള ഫോബിയകള്‍, പാനിക് ഡിസോര്‍ഡര്‍ തുടങ്ങിയവയും സ്ത്രീകളില്‍ കൂടുതലായി കാണുന്നുണ്ട്.

ഹോര്‍മോണല്‍ ഇന്‍ബാലന്‍സ് ഉണ്ടാകുന്ന ഘട്ടത്തില്‍ പ്രസവത്തിന് ശേഷമുള്ള മാനിസിക ആരോഗ്യങ്ങള്‍ സ്ത്രീകള്‍ക്ക് ഏറെയുണ്ടെന്നും
വീട്ടുകാരുടെ അടുത്ത് പറഞ്ഞാല്‍ പോലും അത് പലരും കാര്യമാക്കില്ലെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ചില ഡോക്ടര്‍പോലും അതിനെ അവഗണിക്കാറുണ്ട്. ഒന്നുകില്‍ രോഗിക്ക് അഹങ്കാരമാണെന്ന് പറഞ്ഞ് മുദ്രകുത്തും. കുട്ടികളെ നോക്കാന്‍ പറ്റാത്തതിന്റെ ആണ് എന്ന് പറയും. ഇത്രകാലമായിട്ടും രണ്ട് കുട്ടികളെ നോക്കാന്‍ പറ്റുന്നില്ലേ എന്നൊക്കെ ചോദിച്ച് അവരെ കൂടുതല്‍ പ്രശ്‌നത്തിലാക്കുകയാണ് പലരും. കേരളത്തില്‍ മാനസിക ആരോഗ്യകേന്ദ്രം അപൂര്‍വം സ്ഥലങ്ങളിലേ ഉള്ളൂ. സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക ക്ലിനിക്കുകളും മറ്റും വേണം. അത്രയേറെ ഭാരം അവരുടെ മേലുണ്ട്. “”- ഡോ. വീണ പറയുന്നു.

“”പിഞ്ചുകുഞ്ഞിനെ കൊന്ന ക്രൂരയായ സ്ത്രീ എന്ന് പറഞ്ഞ് വാര്‍ത്തയില്‍ കാണുന്നു. ഈ സ്ത്രീ ക്രൂരയാകുന്നതിന്റെ കാരണങ്ങള്‍, അതിനെ ക്രൂരത എന്നുപോലും പറയാന്‍ കഴിയില്ല. അവരുടെ രോഗം കാരണമാണ് അവര്‍ അത് ചെയ്യുന്നത്. അത് അഡ്രസ് ചെയ്യണമെങ്കില്‍ അതിന് ബോധവത്ക്കരണവുംക്ലാസുകളും വേണം. സ്ത്രീകള്‍ക്ക് അങ്ങനെയൊരു ബോധവത്ക്കരണം നല്‍കുന്നതില്‍ ആരോഗ്യവകുപ്പ് പരാജയമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ജനനീ സുരക്ഷാ യോജനപോലുള്ള പ്രയോജനമുള്ള കാര്യങ്ങള്‍ ഏറെ ഉണ്ടെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ കൂടി സര്‍ക്കാരിന്റെ ശ്രദ്ധ പതിയണം.””-ഡോക്ടര്‍ പറയുന്നു.

സ്ത്രീകളെ കൊല്ലുന്ന സെര്‍വിക്കല്‍ കാന്‍സര്‍

ലോകത്തു അഞ്ചാമതായി ഏറ്റവുമധികം കണ്ടുവരുന്ന ക്യാന്‍സറാണ് ഗര്‍ഭാശയമുഖ ക്യാന്‍സര്‍(സര്‍വിക്കല്‍ കാന്‍സര്‍). ബ്രെസ്റ്റ് കാന്‍സര്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ സ്ത്രീകളില്‍ രണ്ടാമതായി ഏറ്റവുമധികം കാണപ്പെടുന്ന കാന്‍സറാണിത്.

ലോകത്തു പ്രതിവര്‍ഷം മൂന്നു ലക്ഷം സ്ത്രീകള്‍ ഈ രോഗംകൊണ്ട് മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മാത്രമല്ല അഞ്ചു ലക്ഷം പുതിയ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്.

ഹ്യൂമന്‍ പാപിലോമ വൈറസാണ് (HPV) 77 ശതമാനം സര്‍വിക്കല്‍ കാന്‍സറിനും കാരണമാകുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് കൂടുതലും ഈ വൈറസ് പകരുന്നത്. 80ശതമാനം സ്ത്രീകളിലും 50 വയസ്സാകുമ്പോള്‍ ഹ്യൂമന്‍ പാപിലോമ വൈറസ് അണുബാധ ഉണ്ടാകാം എന്നു പറയപ്പെടുന്നു.

ഗര്‍ഭാശയ മുഖ കാന്‍സര്‍ വരാതിരിക്കുവാനുള്ള പ്രധാന മാര്‍ഗം പ്രതിരോധ കുത്തിവെപ്പെടുക്കുക എന്നതാണ്. വാക്‌സിനുകള്‍ വളരെ ഫലപ്രദവുമാണ്. ലോകാരോഗ്യ സംഘടന ഈ കുത്തിവെപ്പ് നിര്‍ദേശിക്കുന്നുമുണ്ട്

സെര്‍വിക്കല്‍ കാന്‍സറുള്ളവര്‍ ഈ കുത്തിവെപ്പ് എടുത്തിട്ട് പ്രയോജനമില്ല. പക്ഷെ സര്‍വിക്കല്‍ കാന്‍സര്‍ വരാതെയിരിക്കുവാന്‍ ഈ കുത്തിവെപ്പ് വളരെ സഹായിക്കുന്നു. അതുകൊണ്ട് ഒന്‍പതിനും പതിമൂന്ന് വയസ്സിനുമിടയില്‍ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. ഒരു പെണ്‍കുട്ടി ലൈംഗിക ബന്ധത്തില്‍ എര്‍പെടുന്നതിന് മുന്‍പ് തന്നെ ഈ കുത്തിവെപ്പെടുക്കുന്നതാണ് നല്ലത്. എങ്കിലും 26 വയസ്സ് വരെ കുത്തിവെപ്പ് എടുക്കാവുന്നതാണ്.

എന്നിട്ടും എന്തുകൊണ്ട് നമ്മുടെ രാജ്യത്തു സ്ത്രീകളില്‍ സര്‍വിക്കല്‍ ക്യാന്‍സര്‍ ഇപ്പോഴും ധാരാളമായി കണ്ടുവരുന്നു? സര്‍വിക്കല്‍ ക്യാന്‍സറിനെ കുറിച്ചുള്ള അറിവില്ലായ്മ ആണ് അതിന് പ്രധാനകാരണമെന്ന് ഡോക്ടര്‍മാര്‍ തന്നെ വ്യക്തമാക്കുന്നു

“”ഇതിന് ഫലപ്രദമായിട്ടുള്ള വാക്‌സിന് ഉണ്ട്. ആദ്യത്തെ സെക്ഷ്വല്‍ ഇന്റര്‍കോഴ്‌സിന് മുന്‍പേ ചെയ്യേണ്ട രണ്ട് വാക്‌സിന്‍ ഉണ്ട്. അത് അല്പം വിലയുള്ളതാണ്. ദല്‍ഹി സര്‍ക്കാര്‍ മാത്രമേ അത് ഇപ്പോള്‍ സ്‌കൂളുകളില്‍ സൗജനമായി ലഭ്യമാക്കുന്നുള്ളൂ. പക്ഷേ അതിനെതിരെ ഇപ്പോള്‍ ഉയരുന്ന വാദം സദാചാരപരമാണ്. സേഫ് സെക്‌സ് പറഞ്ഞുകൊടുക്കുകയും മൊറാലിറ്റി കീപ്പ് ചെയ്യുകയും ചെയ്താല്‍ ഇത് വരില്ല എന്നാണ് ഇവര്‍ പറയുന്നത്.

നമ്മള്‍ എന്ത് മൊറാലിറ്റിയാണ് കീപ്പ് ചെയ്യേണ്ടത്. പല സ്ത്രീകളും വീട്ടില്‍ ഇരിക്കുന്നവരാണ്. അവര്‍ക്ക് എല്ലാവര്‍ക്കും മള്‍ട്ടിപ്പിള്‍ സെക്ഷ്വല്‍ പാര്‍ട്‌ണേഴ്‌സ് ഉണ്ട് എന്ന് നമ്മള്‍ വിശ്വസിക്കണോ? അതോ ജോലി സംബന്ധമായി പുറത്തുപോകുന്ന ആണുങ്ങള്‍ മറ്റുബന്ധങ്ങളില്‍ ഏര്‍പ്പെട്ടു എന്ന് വിശ്വസിക്കണോ?

അങ്ങനെ നോക്കുമ്പോള്‍ ആണും പെണ്ണും മള്‍ട്ടിപ്പിള്‍ സെക്ഷ്വല്‍ പാര്‍ട്‌ണേഴ്‌സ് ഉണ്ടാകാം എന്നിരിക്കെ പെണ്ണുങ്ങളുടെ സ്വഭാവമോശം കൊണ്ടാണ് ഈ അസുഖം വരുന്നതെന്നും അതുകൊണ്ട് പെണ്‍കുട്ടികള്‍ക്ക് നല്ല പാഠം പറഞ്ഞുകൊടുത്തോട്ടെ എന്ന് പറയുന്നതിന്റേയും യുക്തി മനസിലാകുന്നില്ല. ഇങ്ങനെ പറയുന്നതിന് പകരം ഈ വാക്‌സിന്‍ എന്തുകൊണ്ട് പ്രമോട്ട് ചെയ്യുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. ഇത് പലരുമായി സംസാരിച്ചപ്പോള്‍ പല ഡോക്ടേഴ്‌സും പറയുന്നത് ഇത് എല്ലാ കാന്‍സറിനെതിരെയും പ്രിവന്റ് ചെയ്യുന്നില്ല ചില കാന്‍സറുകള്‍ക്ക് എതിരേയെ പ്രിവന്റ് ചെയ്യൂ എന്നാണ്. പക്ഷേ ഈ വാക്‌സിന്‍ പ്രിവലന്റ്ാക്കിയിട്ടുള്ള രാജ്യത്ത് എല്ലാം തന്റെ സെര്‍വിക് കാന്‍സര്‍ അണ്ടര്‍ കണ്ട്രോള്‍ ആണ്. ആ ഒരൊറ്റ കാരണം മതി ഈ വാക്‌സിനെ പ്രൊമോട്ട് ചെയ്യാന്‍. – ഡോ. വീണ പറയുന്നു.

ഹൃദയ സംബന്ധമായ അസുഖങ്ങള്‍

ഒരുകാലത്ത് പുരുഷനെ മാത്രം ബാധിക്കുന്ന രോഗമായി കണക്കാക്കിയിരുന്ന ഹൃദ്രോഗം ഇന്ന് ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് സ്ത്രീകളിലാണ്. പുരുഷന്മാരില്‍ കാണുന്ന ലക്ഷണങ്ങളൊന്നും പലപ്പോഴും സ്‌ക്രള്‍ക്കുണ്ടാവാറില്ല എന്നതും രോഗത്തെ ഗുരുതരമാക്കുന്നു.

നെഞ്ചുവേദന പോലുമില്ലാതെയാണ് സ്ത്രീകളില്‍ ഹൃദയാഘാതം സംഭവിക്കുന്നത്. ക്ഷീണം, വിയര്‍പ്പ്, മനംപിരട്ടല്‍ എന്നിങ്ങനെ നിസ്സാരമായി നാം തള്ളിക്കളയുന്ന ലക്ഷണങ്ങള്‍ ചിലപ്പോള്‍ രോഗലക്ഷണങ്ങളാവാനും മതി.

പ്രമേഹം, രക്തത്തില്‍ കൊളസ്ട്രാള്‍, അമിതവണ്ണം, അമിതമായ മാനസിക സമ്മര്‍ദ്ദം എന്നിവയും ഹൃദ്രോഗത്തിന് കാരണമാവുന്നു. ഈസ്ട്രജന്‍ ഹോര്‍മോണാണ് സ്ത്രീകളെ രോഗത്തില്‍ നിന്ന് സംരക്ഷിക്കുന്നത്. ഇത് രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു.

എന്നാല്‍ പുതിയ ജീവിതശൈലിയുടെയും ഭക്ഷണശീലങ്ങളുടെയും ഭാഗമായി സ്ത്രീ ശരീരത്തില്‍ ഈസ്ട്രജന്റെ അളവില്‍ പെട്ടെന്ന് മാറ്റമുണ്ടാവുന്നു. ഇതാണ് ഹൃദ്രോഗത്തിന് സാധ്യതയേറാന്‍ കാരണം. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലി ശീലിക്കുകയും രോഗലക്ഷണങ്ങള്‍ അവഗണിക്കാതെ വൈദ്യസഹായം തേടുകയുമാണ് രോഗം വരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more