| Tuesday, 1st January 2019, 4:06 pm

എതിര്‍പ്പുകളെല്ലാം മറികടന്ന് സ്ത്രീകളൊഴുകിയെത്തി; ചരിത്രമായി വനിതാ മതില്‍: അണിനിരന്ന് ലക്ഷങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാന സര്‍ക്കാറിന്റെ പിന്തുണയോടെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ലക്ഷങ്ങള്‍ അണിനിരന്ന് വനിതാ മതില്‍. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യന്‍കാളി പ്രതിമയ്ക്കു മുന്നില്‍ വരെ ദേശീയപാതയില്‍ 620 കിലോമീറ്റര്‍ ദൂരമാണു മതില്‍ തീര്‍ത്തത്.

കാസര്‍കോട്ടു മന്ത്രി കെ.കെ. ശൈലജ ആദ്യകണ്ണിയും തിരുവനന്തപുരത്തു സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് അവസാന കണ്ണിയുമായി. മതിലിന് അഭിമുഖമായി ഐക്യദാര്‍ഢ്യമറിയിച്ച് പുരുഷന്‍മാരും അണിനിരന്നു. വനിതാ മതില്‍ തീര്‍ത്തതോടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് കെ.ആര്‍.ഗൗരിയമ്മ ആലപ്പുഴയിലും ആദിവാസി നേതാവ് സി.കെ.ജാനു ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലും കെ. അജിതയും പി.വല്‍സലയും കോഴിക്കോട്ടും അണിനിരന്നു.

മതില്‍ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി ഇന്നലെ ആവര്‍ത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ വര്‍ഗീയമതില്‍ എന്ന പ്രതിപക്ഷ ആരോപണത്തെ പൂര്‍ണ്ണമായിട്ട് ചെറുക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. എന്നാല്‍ ശബരിമലയോ, യുവതിപ്രവേശന വിഷയമോ പരാമര്‍ശിക്കാതെയാണ് വനിതാ മതിലില്‍ അണിനിരക്കുന്നവര്‍ ഏറ്റുചൊല്ലാനുളള പ്രതിജ്ഞ തയ്യാറാക്കിയിരിക്കുന്നത്.

ഗിന്നസ് റെക്കോഡിനായി യൂണിവേഴ്സല്‍ റെക്കോഡ്‌സ് ഫോറം വിവരങ്ങള്‍ ശേഖരിക്കും. നാല്‍ക്കവലകളില്‍ നിശ്ചിത സമയത്തിന് പത്തുമിനിറ്റുമുമ്പുമാത്രമേ മതിലൊരുക്കാവൂ. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പോലീസ് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more