കൊച്ചി: സംസ്ഥാനത്ത് നിപ ഭീതി അകലുന്നു. പുതുതായി കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗലക്ഷണങ്ങളുമായി പുതുതായി ആരും ചികിത്സ തേടാത്തതും ചികിത്സ തേടിയവര്‍ക്ക് നിപ ബാധയില്ലെന്ന കണ്ടെത്തലും കൂടുതല്‍ പേരിലേക്ക് രോഗം ബാധിച്ചിട്ടില്ലെന്ന സൂചനയാണ് നല്‍കുന്നത്.
പൂര്‍ണമായി നിപ ഭീതി അകലുന്നത് വരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. നിപയെന്നു സംശയം തോന്നുവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളെജിലെ ഐസോലേഷന്‍ വാര്‍ഡിലെ ബെഡുകളുടെ എണ്ണം എട്ടില്‍ നിന്ന് 38 ആയി വര്‍ധിപ്പിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10000 ത്രീ ലെയര്‍ മാസ്‌കുകളും 450 പേഴ്സണല്‍ പ്രൊട്ടക്ഷന്‍ കിറ്റുകളും ഇന്നലെ കൂടുതലായി എത്തിച്ചിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പഞ്ചായത്ത് വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ജാഗ്രതാ പരിശീലനവും തുടരുകയാണ്.
അതേസമയം, കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 318 പേരില്‍ 52 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ തീവ്രനിരീക്ഷണത്തില്‍ തന്നെയാണ്. 266 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.
യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. മെഡിക്കല്‍ ബുള്ളറ്റിനിലാണ് ആശുപത്രി അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. രോഗി ഇന്റര്‍കോം വഴി അമ്മയോട് സംസാരിച്ചു. യുവാവിന് ഇടക്കിടെ പനിയുണ്ട്. യുവാവ് ഭക്ഷണം കഴിക്കുന്നുണ്ടെന്നും ബുള്ളറ്റിനില്‍ പറയുന്നു.
കടുത്ത പനി, തലവേദന, ശ്വാസതടസ്സം, നേരിയ തോതിലുള്ള സ്ട്രോക്ക് തുടങ്ങിയ രോഗലക്ഷണങ്ങളോടെയാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. നിപയാണെന്ന് ബോധ്യപ്പെട്ടതോടെ ഇയാളെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു.
നിലവില്‍, ശരീര ബാലന്‍സ് കിട്ടാത്തതിനാല്‍ ഇയാള്‍ക്ക് നില്‍ക്കാനോ ഇരിക്കാനോ സാധിക്കാത്ത അവസ്ഥയാണ്. തുടര്‍ചികിത്സ നിശ്ചയിക്കാനായി ആശുപത്രി അധികൃതരും മെഡിക്കല്‍ ബോര്‍ഡും യോഗം ചേര്‍ന്നിരുന്നു.