റാഞ്ചി: ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് കിരീടം. തുടര്‍ച്ചയായി 18ാം തവണയാണ് കേരളം കിരീടം നേടുന്നത്. 36 സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കിയാണ് കേരളം കീരിടം സ്വന്തമാക്കിയത്. 212 പോയന്റുകളാണ് കേരളം നേടിയത്.
ഇന്ന് നടന്ന മത്സരങ്ങളില്‍ നിന്നും കേരളം 14 സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവും നേടി. കായികമേളയില്‍ നിന്നും 24 വെളളിയും 21 വെങ്കലവും കേരളം നേടിയിട്ടുണ്ട്. സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ മരിയ ജെയ്‌സണ്‍ ദേശീയ റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്.
സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ പാലക്കാട് പറളി സ്‌കൂളിലെ മുഹമ്മദ് അഫ്‌സലും സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ തെരേസ ജോസഫും സ്വര്‍ണം നേടി. മീറ്റില്‍ കേരളത്തിന്റെ ജിസ്‌ന മാത്യു ട്രിപ്പിള്‍ സ്വര്‍ണവും മുഹമ്മദ് അഫ്‌സല്‍ ഡബിള്‍ സ്വര്‍ണവും നേടി.
ഇന്ന് നടന്ന മത്സരങ്ങളില്‍ 200 മീറ്റര്‍ ഓട്ടത്തിലാണ് ജിസ്‌ന ട്രിപ്പിള്‍ സ്വര്‍ണം കരസ്ഥമാക്കിയത്. പെണ്‍കുട്ടികളുടെ ക്രോസ്‌കണ്‍ട്രിയില്‍ എം.വി. വര്‍ഷയും സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ സുജിത് കെ.ആറും സ്വര്‍ണം കരസ്ഥമാക്കി.
നാലു സ്വര്‍ണവും 13 വെള്ളിയും ആറ് വെങ്കലവും നേടി തമിഴ്‌നാട് രണ്ടാം സ്ഥാനത്തും എട്ട് സ്വര്‍ണവും അഞ്ച് വെള്ളിയും ആറ് വെങ്കലവും നേടിയ മഹാരാഷ്ട്ര മേളയില്‍ മൂന്നാം സ്ഥാനത്തുമാണ്.