ന്യൂദല്‍ഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി അധികാരത്തിലേറുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇക്കാര്യത്തില്‍ വ്യക്തമായ സൂചന നല്‍കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘കേരളത്തിലും പശ്ചിമ ബംഗാളിലും അധികാരം നേടും. ബീഹാറിലും മറ്റു സംസ്ഥാനങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും പ്രവചനങ്ങളെ മറികടന്ന് ബി.ജെ.പി നേട്ടമുണ്ടാക്കി’, അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ നില പരുങ്ങലിലാണ്. ഇരുപക്ഷങ്ങളും അഴിമതിക്കാരാണെന്ന് തെളിയുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയിലെ ഭിന്നതയെ തുടര്‍ന്ന് കേന്ദ്ര നേതൃത്വം വിളിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ് സുരേന്ദ്രനെ വിളിപ്പിച്ചത്. എന്നാല്‍ അസ്വാഭാവികമായൊന്നുമില്ലെന്നും സാധാരണ സന്ദര്‍ശനമാണെന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്.
പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് ആര്‍.എസ്.എസ് സുരേന്ദ്രനോട് ആവശ്യപ്പെടുകയും ചെയ്തു. വിഷയം ഇത്രയും വലുതാവുന്നതുവരെ നീട്ടിക്കൊണ്ടുപോയതിലുള്ള അതൃപ്തിയും ആര്‍.എസ്.എസ് സുരേന്ദ്രനെ അറിയിച്ചു. കെ. സുരേന്ദ്രനെതിരെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനും ആര്‍.എസ്.എസിനും ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പരാതി നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എറണാകുളം എളമക്കരയിലെ ആര്‍.എസ്.എസ് കാര്യാലയത്തിലേക്ക് സുരേന്ദ്രനെ വിളിച്ചുവരുത്തുകയായിരുന്നു. ആര്‍.എസ്.എസ് പ്രാന്ത പ്രചാരക് ഹരികൃഷ്ണന്‍, സംസ്ഥാന പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, സംസ്ഥാന സഹപ്രാന്ത കാര്യവാഹക് സുദര്‍ശന്‍ തുടങ്ങിയവരാണ് യോഗത്തില്‍ ഉണ്ടായിരുന്നത്.
തര്‍ക്കം ഈ രീതിയില്‍ പോകുകയാണെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും പരാജയപ്പെട്ട സംസ്ഥാന അധ്യക്ഷനെന്ന പേര് വിളിച്ചുവരുത്തരുതെന്നും സുരേന്ദ്രന് ആര്‍.എസ്.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാന അധ്യക്ഷസ്ഥാനം ഇല്ലാതായാല്‍ രാഷ്ട്രീയ വിസ്മൃതിയിലേക്ക് പോകേണ്ട സ്ഥിതിയുണ്ടാകുമെന്നും ആര്‍.എസ്.എസ് ഓര്‍മ്മിപ്പിച്ചു.
ശോഭാ സുരേന്ദ്രനെയും ആര്‍.എസ്.എസ് നേതൃത്വം വിളിപ്പിച്ചിരുന്നു. പരസ്യ പ്രതികരണം നടത്തിയ സാഹചര്യവും മറ്റ് ചില നേതാക്കളുമായി ചേര്‍ന്ന് നടത്തിയ കൂടിക്കാഴ്ചകളും സംബന്ധിച്ചുള്ള വിശദീകരണവും ശോഭയോട് ആര്‍.എസ്.എസ് ആരാഞ്ഞിരുന്നു.
എന്നാല്‍ തന്റെത് പതിവ് സന്ദര്‍ശനമാണെന്നും രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്. പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട സ്ഥലമല്ല ആര്‍.എസ്.എസ് കാര്യാലയമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
നേരത്തെ ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.എം വേലായുധന്‍ രംഗത്തെത്തിയിരുന്നു. സുരേന്ദ്രനില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാല്‍ ആ പ്രതീക്ഷയെല്ലാം തച്ചുതകര്‍ത്തുകൊണ്ട് തന്ന വാക്ക് പാലിക്കാതെ വഞ്ചിക്കുകയാണ് ചെയ്തതെന്നും വേലായുധന്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക