കൊല്‍ക്കത്ത: കേരളത്തില്‍ കഴിയുന്ന അതിഥി തൊഴിലാളികള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ നിങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും അതിഥി തൊഴിലാളികളോട് പശ്ചിമബംഗാള്‍ എം.പി മെഹുവ മൊയ്ത്ര.
എല്ലാവര്ക്കും സംരക്ഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വ്യാജപ്രചരണങ്ങളില്‍ വീഴരുതെന്നും മെഹുവ മൊയ്ത്ര റെക്കോര്‍ഡു ചെയ്തയച്ച സംഭാഷണത്തില്‍ കേരളത്തില്‍ കഴിയുന്ന ബംഗാളികളായ അതിഥിതൊഴിലാളികളോട് അഭ്യര്‍ത്ഥിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
”പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ… നമ്മള് ഏറ്റവും കഠിനമായ ഒരു സമയത്തിലൂടെയാണ് കടന്നുപോവുന്നത്. ഇതിനൊന്നും നമ്മളാരും ഉത്തരവാദികളുമല്ല. ഈ ഘട്ടം അതിജീവിച്ചേ മതിയാവൂ. നിങ്ങള്‍ എല്ലാവരും ആശങ്കയിലാണെന്ന് എനിക്കറിയാം. ഇപ്പോള്‍ വീട്ടിലേയ്ക്കു തിരിച്ചുപോവുന്നതു പ്രയാസകരമാണ്. എല്ലാവരേയും സംരക്ഷിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയിട്ടുള്ള ഉറപ്പ്. എല്ലാവര്ക്കും താമസവും ഭക്ഷണവും ഉറപ്പാക്കും. ദയവായി, കുളംകലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവരുടെ വലയില്‍ വീഴരുത്. നമ്മള് ഇതൊക്കെ അതിജീവിക്കും’- സന്ദേശത്തില്‍ മെഹുവ മൊയ്ത്ര പറഞ്ഞു.
മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകയാണ് മെഹുവ മൊയ്ത്ര. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗങ്ങളിലൂടെ ദേശീയശ്രദ്ധ നേടിയ യുവനേതാവാണ് കൂടിയാണ് മൊയ്ത്ര.
ഞായറാഴ്ച കോട്ടയം ചങ്ങനാശ്ശേരിയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ കൂട്ടമായി നിരത്തിലിറങ്ങി പ്രതിഷേധിച്ച സാഹചര്യത്തിലായിരുന്നു മെഹുവ മൊയ്ത്രയുടെ പ്രതികരണം.
പായിപ്പാട് അതിഥിതൊഴിലാളികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി പ്രതിഷേധിച്ചതിന് പിന്നില്‍ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ ഉണ്ടെന്ന സൂചന ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. അത്തരം ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തൊഴിലാളികള്‍ക്കിടയില്‍ നാട്ടിലേക്ക് പോകാമെന്ന വ്യാമോഹം ഉണര്ത്തിയവരേയും അതിനുതകുന്ന സന്ദേശങ്ങള്‍ അയച്ചവരേയും പ്രചാരണം നടത്തിയവരേയും തിരിച്ചറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ