കൊല്‍ക്കത്ത: കേരളത്തില്‍ കഴിയുന്ന അതിഥി തൊഴിലാളികള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ നിങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും അതിഥി തൊഴിലാളികളോട് പശ്ചിമബംഗാള്‍ എം.പി മെഹുവ മൊയ്ത്ര.
എല്ലാവര്‍ക്കും സംരക്ഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വ്യാജപ്രചരണങ്ങളില്‍ വീഴരുതെന്നും മെഹുവ മൊയ്ത്ര റെക്കോര്‍ഡു ചെയ്തയച്ച സംഭാഷണത്തില്‍ കേരളത്തില്‍ കഴിയുന്ന ബംഗാളികളായ അതിഥിതൊഴിലാളികളോട് അഭ്യര്‍ത്ഥിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
”പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ… നമ്മള്‍ ഏറ്റവും കഠിനമായ ഒരു സമയത്തിലൂടെയാണ് കടന്നുപോവുന്നത്. ഇതിനൊന്നും നമ്മളാരും ഉത്തരവാദികളുമല്ല. ഈ ഘട്ടം അതിജീവിച്ചേ മതിയാവൂ. നിങ്ങള്‍ എല്ലാവരും ആശങ്കയിലാണെന്ന് എനിക്കറിയാം. ഇപ്പോള്‍ വീട്ടിലേയ്ക്കു തിരിച്ചുപോവുന്നതു പ്രയാസകരമാണ്. എല്ലാവരേയും സംരക്ഷിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിട്ടുള്ള ഉറപ്പ്. എല്ലാവര്‍ക്കും താമസവും ഭക്ഷണവും ഉറപ്പാക്കും. ദയവായി, കുളംകലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവരുടെ വലയില്‍ വീഴരുത്. നമ്മള്‍ ഇതൊക്കെ അതിജീവിക്കും’- സന്ദേശത്തില്‍ മെഹുവ മൊയ്ത്ര പറഞ്ഞു.