| Sunday, 11th January 2015, 4:23 pm

സ്ഥലം നല്‍കിയാല്‍ കേരളത്തില്‍ എയിംസ് സ്ഥാപിക്കും: കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്


കൊല്ലം:  കേരളം സ്ഥലം നല്‍കിയാല്‍ സംസ്ഥാനത്ത് എയിംസ് ക്യാമ്പസ് സ്ഥാപിക്കുമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ശ്രീപദ് യശോ നായിക്. വിഷയത്തില്‍ കേരള സര്‍ക്കാറുമായി ചര്‍ച്ചകള്‍ നടന്ന് വരികയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി 200 ഏക്കര്‍ ഭൂമിയാണ് വേണ്ടത് ഇത് സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ആരോഗ്യമന്ത്രിയായിരുന്ന ഹര്‍ഷ വര്‍ദ്ധന്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മാതൃകയില്‍ കേരളത്തില്‍ ആശുപത്രി നിര്‍മിക്കുമെന്ന് അറിയിച്ചിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

കേരളത്തെ കൂടാതെ ബംഗാള്‍, ആന്ധ്ര, വിദര്‍ഭ, പൂര്‍വാഞ്ചല്‍ എന്നിവടങ്ങളിലായിരുന്നു എയിംസ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. എന്നാല്‍ കേരളത്തില്‍ മാത്രം നടപടിക്രമങ്ങള്‍ മുന്നോട്ട് പോവാതെ മുടങ്ങുകയായിരുന്നു.

എയിംസ് സഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയവും അവതരിപ്പിച്ചിരുന്നു.

കോഴിക്കോട് കിനാലൂരില്‍ കെ.എസ്.ഐ.ഡി.സിയുടെ പക്കലുള്ള ഭൂമി, തിരുവനന്തപുരം നെയ്യാറ്റിന്‍കര നെട്ടുകാല്‍ത്തേരിയില്‍ തുറന്ന ജയിലിനോടനുബന്ധിച്ചുള്ള സ്ഥലം, കോട്ടയം ഗവ. മെഡിക്കല്‍ കോളജിന്റെ അധീനതയിലുള്ള സ്ഥലം, എറണാകുളത്ത് എച്ച്എംടിയുടെ അധീനതയിലുള്ള സ്ഥലം എന്നീ സ്ഥലങ്ങളായിരുന്നു എയിംസിനായി കേരളം കണ്ടെത്തിയിരുന്നത്.

We use cookies to give you the best possible experience. Learn more