Keraleeyam 2023
ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അടിത്തറയിടുന്ന വിദ്യാഭ്യാസമെന്ന കേരളത്തിന്റെ നിലപാട് ഇനിയും തുടരും: മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അടിത്തറയിടുന്ന വിദ്യാഭ്യാസം എന്ന കേരളത്തിന്റെ നിലപാട് ഇനിയും തുടരുമെന്ന് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി. എല്ലാവരെയും ഉൾച്ചേർക്കുകയും ഉൾക്കൊള്ളുകയും ചെയ്യുക എന്നതാണ് കേരളത്തിന്റെ സംസ്‌കാരം. വിഭജനത്തിന്റെയും വെറുപ്പിന്റെയും നിലപാടുകൾ ലോകത്തും രാജ്യത്തും ഉയർന്നു വരുന്ന ഘട്ടത്തിൽ വൈവിധ്യത്തെയും ബഹുസ്വരതയെയും മുൻനിർത്തിയുള്ള നിലപാട് മാത്രമേ കേരളത്തിന് ഉയർത്തിപ്പിടിക്കാൻ കഴിയൂവെന്നും മന്ത്രി വ്യക്തമാക്കി.
‘കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസം’ എന്ന സെമിനാറിൽ കേരളീയം വേദിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ വിദ്യാഭ്യാസ സാധ്യതകളെ പ്രയോജനപ്പെടുത്തി വിജ്ഞാന സമൂഹത്തിലേക്കും സമ്പദ് വ്യവസ്ഥയിലേക്കും മുന്നേറണമെന്ന് യുണീസെഫ് വിദ്യാഭ്യാസ വിഭാഗം (ഇന്ത്യ) മേധാവി ടെറി ഡെറൂണിയൻ പറഞ്ഞു. വിജ്ഞാന സമൂഹത്തിലേക്കും സമ്പദ് വ്യവസ്ഥയിലേക്കും സംഭാവന ചെയ്യുന്നവരാകാൻ യുവാക്കളെ പ്രാപ്തരാക്കുന്നതിന് ചെറിയതോതിലുള്ള വിടവുകൾ നികത്തി കൂടുതൽ മുന്നേറാനുള്ള കരുത്ത് കേരളത്തിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിലധിഷ്ഠിതവും നൈപുണ്യവും അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം വികസിപ്പിക്കുന്നതിലൂടെയും വിദ്യാർത്ഥി കേന്ദ്രീകൃത കരിയർ ഗൈഡൻസ് പരിപാടികൾ നടപ്പിലാക്കുന്നതിലൂടെയും കേരളത്തിലെ വിദ്യാഭ്യാസം ശക്തിപ്പെടുത്താനാകുമെന്ന നിർദേശവും അദ്ദേഹം പങ്കുവച്ചു.
എല്ലാവർക്കും വിദ്യാഭ്യാസം എന്ന കേരളത്തിന്റെ അടിസ്ഥാന നയവും വിദ്യാഭ്യാസ മേഖലയുടെ അടിത്തറയും കരുത്തും സാമൂഹ്യ ഇടപെടലുകളും ഫ്രീ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള സ്‌കൂളുകളിലെ ഐ.ടി മുന്നേറ്റവും സെമിനാറിൽ പ്രശംസനേടി.
വിദ്യാഭ്യാസത്തിന്റെ ആത്മാവ് കുഞ്ഞുങ്ങളും അതിന്റെ ഹൃദയം അധ്യാപകരും മസ്തിഷ്‌കം രക്ഷിതാക്കളുമടങ്ങുന്ന സമൂഹമാണെന്ന് ഇന്ത്യയിലെ ഫിൻലാന്റ് നോളഡ്ജ് വിദഗ്ധൻ ഡോ. മിക്ക ടിറോനെൻ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസത്തേയും തൊഴിലിനേയും വേവ്വേറെയായി കണ്ട് വൊക്കേഷണൽ കോഴ്‌സുകൾ പ്രത്യേകം നടപ്പാക്കാതെ സംയോജിപ്പിച്ചുള്ള തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സംവിധാനമാണ് അവലംബിക്കേണ്ടതെന്ന് ഡൽഹി യൂണിവേഴ്‌സിറ്റി ഡിപ്പാർട്‌മെന്റ് ഓഫ് എഡ്യൂക്കേഷൻ എലമെന്ററി ആൻഡ് സോഷ്യൽ എഡ്യൂക്കേഷൻ മുൻ പ്രൊഫസർ അനിത രാംപാൽ പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസത്തിനു മുമ്പേയുള്ള പ്രീസ്‌കൂളിംഗിൽ പഠനോപാധികളായി കളികൾ മാറ്റപ്പെടേണ്ടതുണ്ട്. വയോജനങ്ങളുടെ മൂല്യങ്ങൾ കുട്ടികളിലേക്ക് പകരപ്പെടുന്ന രീതിയിലുള്ള പരിപാടികൾ ശാസ്ത്രീയമായ നടപ്പിലാക്കണമെന്നുമുള്ള നിർദേശങ്ങളും സെമിനാറിൽ ഉയർന്നുവന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് വിഷയാവതരണം നടത്തി. എട്ട് വിദഗ്ധരാണ് പ്രബന്ധങ്ങൾ അവതരിപ്പിച്ചത്.
ജാമിയ മിലിയ യൂണിവേഴ്‌സിറ്റി എജ്യുക്കേഷൻ ഫാക്കൽറ്റി പ്രൊഫ. ഫാറ ഫാറൂഖി, സിഡോക്കാൻഹു മുർമു യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറും ജെഎൻയു സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ ആൻഡ് സിസ്റ്റംസ് പ്രൊഫസർ സൊനാജ്ഹരിയ മിൻസ്, ബംഗളൂരു ഐ.ടി ഫോർ ചേഞ്ച് ഡയറക്ടർ ശ്രീ. ഗുരുമൂർത്തി കാശിനാഥൻ, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, വിദ്യാകിരണം സീനിയർ കൺസൾട്ടന്റ് ഡോ. സി. രാമകൃഷ്ണൻ എന്നിവരും പാനലിസ്റ്റുകളായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഷാനവാസ് എസ്. മോഡറേറ്ററായി. ആസൂത്രണ ബോർഡ് വൈസ് ചെയർ പേഴ്‌സൺ വി.കെ. രാമചന്ദ്രൻ, ആസൂത്രണബോർഡ് അംഗം മിനി സുകുമാർ, പാലക്കാട് ഡിസ്ട്രിക്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് സീനിയർ ലക്ചറർ ഡോ. വി.ടി. ജയറാം എന്നിവരും പങ്കെടുത്തു.
Content Highlight: Kerala will continue education based on Democracy and Secularism says V. Shivankutty