| Tuesday, 22nd November 2022, 11:50 pm

രാഷ്ട്രീയ പാര്‍ട്ടികള്‍ നശീകരണ ശൈലി കൈവിടണം, നാളെ ഗള്‍ഫ് വാതിലടച്ചാല്‍ കേരളം അനിശ്ചിതത്വത്തിലാവും: ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തിന്റെ വികസനത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ നശീകരണ ശൈലി കൈവിടണമെന്ന് ശശി തരൂര്‍ എം.പി. നാളെ ഗള്‍ഫ് വാതിലടച്ചാല്‍ കേരളം അനിശ്ചിതത്വത്തിലാവുമെന്നും അദ്ദേഹം പറഞ്ഞു.

അച്ഛന്‍ പഠിപ്പിച്ചത് കേരളത്തെ നന്നാക്കണമെങ്കില്‍ സാമ്പത്തിക വികസനം അത്യാവശ്യമാണെന്നാണ്. പക്ഷേ കേരളത്തില്‍ ഒരു സംരംഭം തുടങ്ങാന്‍ ഇപ്പോഴും 210 ദിവസം എടുക്കുമെന്ന അവസ്ഥയാണുള്ളതെന്നും ശശി തരൂര്‍ വിമര്‍ശിച്ചു.

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായുള്ള പ്രഭാഷണ പരമ്പയില്‍ കേരള വികസനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു തരൂര്‍.

വികസനത്തെ കുറിച്ച് പലരും സംസാരിക്കുന്നുണ്ട് എന്നാല്‍ കേരളത്തില്‍ എല്ലായിടത്തും വികസനം കാണാന്‍ സാധിക്കാത്തത് എന്തുകൊണ്ട് എന്നത് ചിന്തിക്കേണ്ടതുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

‘ലോകത്ത് എല്ലായിടത്തും മലയാളികള്‍ നല്ലവണ്ണം പ്രവര്‍ത്തിക്കുന്നു, തൊഴിലെടുക്കാനുള്ള മലയാളിയുടെ ഊര്‍ജ്ജം തന്നെ ലോക പ്രശസ്തമാണ്, എന്നിട്ടും എന്ത് കൊണ്ടാണ് കേരളം വികസനത്തില്‍ മുന്നോട്ട് എത്താത്തതെന്ന കാര്യത്തില്‍ പരിശോധന ആവശ്യമുണ്ട്.

കേരളത്തില്‍ ഉണ്ടായ അത്രയും സാമൂഹ്യ പരിഷ്‌കരണം ഇന്ത്യയില്‍ എവിടെയും ഉണ്ടായിട്ടില്ല. സാമ്പത്തിക ഉദാരവത്കരണത്തില്‍ 1991 ന് ശേഷം ഭാരതം മാറി പക്ഷെ കേരളത്തിന് മാറ്റം വന്നോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു,’ എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ മുന്നോടിയായുള്ള മലബാര്‍ പര്യടനത്തിലാണ് തരൂര്‍.

അതിനിടെ, തന്റെ മലബാര്‍ പര്യടനം വിവാദമാക്കേണ്ടതില്ലെന്നും കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടാക്കാന്‍ ഉദ്ദേശമില്ലെന്നും പാര്‍ട്ടിയില്‍ ഇനിയൊരു ഗ്രൂപ്പുണ്ടാക്കുന്നുവെങ്കില്‍ അത് ഒരുമയുടെ ഗ്രൂപ്പായിരിക്കുമെന്നും തരൂര്‍ പറഞ്ഞു.

പാണക്കാട് മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന ശശി തരൂരിന്റെ പരിപാടിയില്‍ നിന്ന് ജില്ലാ യൂത്ത് കോണ്‍ഗ്രസ് പിന്മാറിയത് വലിയ വിവാദങ്ങള്‍ക്ക് ഇടവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തരരൂരിന്റെ പ്രതികരണം.

Content Highlight: Kerala will be in uncertainty if Gulf door is closed Said Shashi Tharoor

We use cookies to give you the best possible experience. Learn more