തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.
പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതോടെ കേരളത്തില്‍ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.35 രൂപയും കുറയും.
കേന്ദ്ര സര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ധിപ്പിച്ച പെട്രോള്‍ ഡീസല്‍ നികുതിയില്‍ ഭാഗികമായി കുറവു വരുത്തിയതിനെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അതേസമയം കേന്ദ്രസര്‍ക്കാര്‍ പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയും കുറച്ചു. പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടിയില്‍ എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറവ് വരുത്തിയതോടെയാണ് ഇന്ധനവില കുറഞ്ഞത്.
ധനമന്ത്രി നിര്‍മല സീതാരാമനാണ് നികുതി കുറക്കുന്നതായി പ്രഖ്യാപിച്ചത്. പുതിയ വില നാളെ മുതല്‍ നിലവില്‍ വരും.
കേരളത്തില്‍ പെട്രോളിന് 10 രൂപ 40 പൈസയും ഡീസലിന് എഴ് രൂപ 37 പൈസയുമാണ് കുറയുക. കേന്ദ്രം നികുതി കുറയ്ക്കുന്നതോടെ കേരളത്തിന്റെ നികുതിയിലും നേരിയ കുറവ് വരും.
നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചപ്പോള്‍ കേരളം കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല. കേരളം നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും അതുകൊണ്ട് കുറയ്ക്കേണ്ട കാര്യമില്ലെന്നുമാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അന്ന് പറഞ്ഞത്.
Content Highlights: Kerala will also reduce petrol and diesel prices; K.N. Balagopal