തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നുവെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. പുതിയ മുന്നറിയിപ്പ് പ്രകാരം കേരളത്തില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
രണ്ട് ചക്രവാതച്ചുഴി ഒന്നിച്ച് നിലനില്‍ക്കുന്നതിനാലാണ് കേരളത്തില്‍ മഴയെത്താനുള്ള സാഹചര്യം ശക്തമായി തുടരുന്നത്. ഈ കാരണത്താല്‍ സെപ്റ്റംബര്‍ നാല് മുതല്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും സെപ്റ്റംബര്‍ രണ്ട് മുതല്‍ ആറ് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ് പ്രകാരം വടക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കന്യാകുമാരി മേഖലകളിലുമായി രണ്ട് ചക്രവാതച്ചുഴികള്‍ ഒന്നിച്ച് നില്‍ക്കുന്നു. ഇതിന് പുറമെ ബംഗാള്‍ ഉള്‍ക്കടിലില്‍ ന്യൂനമര്‍ദത്തിനും സാധ്യതയുണ്ട്.
നാളെയോടെ വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ഇത് ന്യുനമര്‍ദമായി ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാന്‍ സാധ്യത.
സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളില്‍ (തിങ്കള്‍, ചൊവ്വ) ആലപ്പുഴ ജില്ലയിലും സെപ്റ്റംബര്‍ ആറിന് (ബുധന്‍) ഇടുക്കി ജില്ലയിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.
ഇതിന് പുറമെ സെപ്റ്റംബര്‍ രണ്ട് മുതല്‍ ആറ് വരെ കേരളത്തിലെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്ററില്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.