| Friday, 30th October 2020, 7:47 pm

ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട് കേരളം; ഏറ്റവും മോശം ഭരണം യു.പിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാംഗ്ലൂര്‍: രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുത്തു. ഐ.എസ്.ആര്‍.ഒ.മുന്‍ മേധാവി ഡോ.കസ്തുരി രംഗന്‍ അധ്യക്ഷനായ പബ്ലിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരമാണ് ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലെ മികച്ച ഭരണമുള്ള സംസ്ഥനമെന്ന പദവി കേരളം സ്വന്തമാക്കിയത്.

തമിഴ്‌നാടാണ് തൊട്ടുപിറകില്‍. ഏറ്റവും മോശം ഭരണമുള്ള സംസ്ഥാനം ഉത്തര്‍പ്രദേശ് ആണ്. ചെറിയ സംസ്ഥാനങ്ങളില്‍ ഗോവയാണ് മികച്ച ഭരണം കാഴ്ച്ച വെയ്ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത്.

ന്യൂദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് സംഘടനയാണ് പി.എ.സി. വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഭരണത്തെ വിലയിരുത്തിയിട്ടുള്ളത്.

സുസ്ഥിര വികസനം അടക്കമുള്ള മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സൂചിക അനുസരിച്ചാണ് വിവിധ സംസ്ഥാനങ്ങളിലെ ഭരണസംവിധാനത്തിന്റെ പ്രകടനങ്ങളെ വിലയിരുത്തിയിരിക്കുന്നത്. പക്ഷപാതരാഹിത്യം, വളര്‍ച്ച, സുസ്ഥിരത എന്നീ മൂന്ന് ഘടകങ്ങള്‍ അടിസ്ഥാനമാക്കി സുസ്ഥിര വികസനം വിശകലനം ചെയ്താണ് സംസ്ഥാനങ്ങളിലെ ഭരണങ്ങളുടെ പ്രകടനം വിലയിരുത്തിയതെന്ന് പി.എ.സി പറഞ്ഞു.

ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പരിവര്‍ത്തനത്തെക്കുറിച്ച് പ്രതിഫലിപ്പിക്കാന്‍ പി.എ.ഐ 2020 സൃഷ്ടിക്കുന്ന തെളിവുകളും അത് നല്‍കുന്ന ഉള്‍ക്കാഴ്ചകളും ഞങ്ങളെ നിര്‍ബന്ധിതരാക്കുന്നെന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ട് കസ്തൂരിരംഗന്‍ സംസാരിച്ചത്.

മികച്ച ഭരണമുള്ള സംസ്ഥാനങ്ങളില്‍ തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. കേരളം (1.388 പിഎഐ ഇന്‍ഡെക്‌സ് പോയിന്റ്), തമിഴ്നാട് (0.912), ആന്ധ്രാപ്രദേശ് (0.531), കര്‍ണാടക (0.468) എന്നിങ്ങനെയാണ് പോയിന്റ്.

ഉത്തര്‍പ്രദേശ്, ഒഡീഷ, ബീഹാര്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ ഏറ്റവും പിറകില്‍. യഥാക്രമം -1.461, -1.201, -1.158 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളുടെ റാങ്കിങ്.

ചെറിയ സംസ്ഥാന വിഭാഗത്തില്‍ 1.745 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്തും മേഘാലയ (0.797), ഹിമാചല്‍ പ്രദേശ് (0.725) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലുമെത്തി.

മണിപ്പൂര്‍ (-0.363), ദല്‍ഹി (-0.289), ഉത്തരാഖണ്ഡ് (-0.277) എന്നിവയാണ് ചെറിയ സംസ്ഥാനങ്ങളില്‍ പിറകില്‍ നില്‍ക്കുന്നത്.

കേന്ദ്രഭരണ പ്രദേശങ്ങളുടെ വിഭാഗത്തില്‍ 1.05 പി.ഐ.എ പോയിന്റുമായി ചണ്ഡിഗഢ് ആണ് ഒന്നാമത്. പുതുച്ചേരി (0.52), ലക്ഷദ്വീപ് (0.003) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ദാദ്ര- നഗര്‍ ഹവേലി (-0.69), ജമ്മു-കശ്മീര്‍ (-0.50), ആന്‍ഡമാന്‍-നിക്കോബാര്‍ (-0.30) എന്നിവയാണ് ഈ വിഭാഗത്തില്‍ ഏറ്റവും പിറകില്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kerala was adjudged the best governed state in the country

We use cookies to give you the best possible experience. Learn more