| Thursday, 31st January 2019, 3:21 pm

ഗാന്ധി വധം പുനരാവിഷ്‌കരിച്ചതില്‍ പ്രതിഷേധം; ഹിന്ദു മഹാസഭയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പൂട്ടിച്ച് കേരളാ സൈബര്‍ വാരിയേഴ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ ഗാന്ധി വധം പുനരാവിഷ്‌കരിച്ച് ആഘോഷിച്ചതില്‍ പ്രതിഷേധിച്ച് ഹിന്ദു മഹാസഭയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. കേരളാ സൈബര്‍ വാരിയേഴ്‌സ് എന്ന ഹാക്കര്‍ സംഘമാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്.

അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ http://www.abhm.org.in എന്ന വെബ്‌സൈറ്റാണ് ഹാക്കര്‍മാര്‍ പൂട്ടിച്ചത്. കേരളാ സൈബര്‍ വാരിയേഴ്‌സിന്റെ ലോഗോയും ഹിന്ദു മഹാസഭ തുലയട്ടെ എന്ന മുദ്രാവാക്യവുമാണ് വെബ്‌സൈറ്റില്‍ ഇപ്പോഴുള്ളത്.

“എല്ലാ പ്രവൃത്തികളിലും അഹിംസയുടെ പാത പിന്തുടരുന്നതിന് ലോക ജനതയ്ക്ക് പ്രചോദനമായാണ് ഗാന്ധിജിയെ ഓര്‍ക്കപ്പെടുന്നത് ” എന്ന സന്ദേശവും കേരളാ സൈബര്‍ വാരിയേഴ്‌സ് നല്‍കിയിട്ടുണ്ട്.

“എന്റെ അനുവാദമില്ലാതെ ആര്‍ക്കും എന്നെ നോവിക്കാനാവില്ല. കണ്ണിന് കണ്ണ് എന്ന രീതി ലോകത്തെ ആകെ അന്ധതയില്‍ കൊണ്ടെത്തിക്കുകയേയുള്ളൂ” എന്ന ഗാന്ധി വചനവും വെബ്‌സൈറ്റില്‍ ഉദ്ധരിച്ചിട്ടുണ്ട്.

Also read:അലോക് വര്‍മ്മയെ വിടാതെ മോദി സര്‍ക്കാര്‍: രാജി നിരസിച്ചു; വിരമിക്കാന്‍ ഒരുദിവസം ശേഷിക്കെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം

സംഭവം വിവാദമായതിന് പിന്നാലെ ഹിന്ദു മഹാസഭ നേതാവ് പൂജ ശകുന്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഏഴ് പേര്‍ ഒളിവിലാണ്.

ഗാന്ധി വധം പുനരാവിഷ്‌കരിക്കുക വഴി പുതിയൊരു സംസ്‌ക്കാരത്തിനാണ് തങ്ങള്‍ തുടക്കം കുറിച്ചതെന്നായിരുന്നു സംഭവത്തെ കുറിച്ച് പൂജാ ശകുനിന്റെ അവകാശവാദം. രാമരാവണ വധം ആചരിക്കുന്ന വേളയില്‍ രാവണനെ വധിക്കുന്നതായുള്ള ഒരു ആചാരമുണ്ട്. അത് തന്നെയാണ് ഇവിടേയും സംഭവിച്ചിട്ടുള്ളത് എന്നായിരുന്നു പ്രശ്നത്തെ ലഘൂകരിച്ചുകൊണ്ട് പൂജാ ശകുന്‍ പറഞ്ഞത്.

ഗാന്ധിയുടെ കോലത്തിനു നേരെ വെടിയുതിര്‍ത്തതിനു പിന്നാലെ ഹിന്ദു മഹാസഭ നേതാവും ഗാന്ധിയുടെ ഘാതകനുമായ നാഥൂറാം വിനായക് ഗോഡ്സെയുടെ പ്രതിമയില്‍ ഇവര്‍ ഹാരാര്‍പ്പണം നടത്തിയിരുന്നു. നാഥുറാം ഗോഡ്‌സെയ്ക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ മഹാത്മാ ഗാന്ധിയെ സ്വന്തം കൈകൊണ്ട് വെടിവെച്ചു കൊല്ലുമായിരുന്നെന്ന പൂജ ശകുന്‍ പാണ്ഡെയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more