|

വിയര്‍ത്തൊലിച്ച് ഗുജറാത്ത്, കേരളം കുതിക്കുന്നു; സച്ചിനും അസറുദ്ദീനും തകര്‍പ്പന്‍ അര്‍ധസെഞ്ച്വറി

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയിലെ സെമിഫൈനലില്‍ ഗുജറാത്തും കേരളവും ഏറ്റുമുട്ടുകയാണ്. അഹമ്മദാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നിലവില്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സാണ് നേടിയത്. രണ്ടാം ദിനം മത്സരം മുന്നോട്ടു പോകുമ്പോള്‍ ക്രീസില്‍ മിന്നും പ്രകടനവുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസറുദ്ദീനും സല്‍മാന്‍ നിസാറുമാണ് ഉള്ളത്.

136 പന്തില്‍ നിന്ന് ഒമ്പത് ഫോര്‍ ഉള്‍പ്പെടെ 73 റണ്‍സുമായാണ് അസറുദ്ദീന്‍ ക്രീസില്‍ നില്‍ക്കുന്നത്. സല്‍മാന്‍ 78 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 23 റണ്‍സും നേടിയിട്ടുണ്ട്. ഇരുവരുടെയും കൂട്ടുകെട്ടില്‍ കേരളം മുന്നോട്ട് കുതിക്കുകയാണ്. ഈ നിലയില്‍ തുടര്‍ന്നാല്‍ കേരളത്തിന് മികച്ച സ്‌കോറിലേക്ക് നീങ്ങാന്‍ സാധിക്കും.

ഭേദപ്പെട്ട രീതിയില്‍ കേരളം തുടങ്ങിയെങ്കിലും ഓപ്പണര്‍മാരെ നഷ്ടപ്പെട്ട ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് സാധിച്ചിരുന്നു. 195 പന്തില്‍ നിന്ന് 8 ഫോര്‍ ഉള്‍പ്പെടെ 69 റണ്‍സ് നേടാന്‍ സച്ചിന്‍ ബേബിക്ക് സാധിച്ചിരുന്നു.

ജലജ് സക്‌സേനയും താരത്തിനും മികച്ച പിന്തുണ നല്‍കിയിരുന്നു. 83 പന്തില്‍ നിന്ന് നാല് ഫോര്‍ ഉള്‍പ്പെടെ 32 നേടിയാണ് താരം പുറത്തായത്. പിന്നീട് കളത്തില്‍ ഇറങ്ങിയ അസറുദ്ദീനും സല്‍മാനും കേരളത്തെ മുന്നോട്ടു നയിക്കുകയായിരുന്നു.

കേരളത്തിനുവേണ്ടി ഓപ്പണിങ് ഇറങ്ങിയ അക്ഷയ് ചന്ദ്രനും രോഹന്‍ കുന്നുമ്മലും സ്‌കോര്‍ ഉയര്‍ത്തിയിരുന്നു. 71 പന്തില്‍നിന്ന് 5 ഫോര്‍ ഉള്‍പ്പെടെ 30 റണ്‍സ് നേടിയാണ് അക്ഷയ് പുറത്തായത്. ആര്യ ദേശായി റണ്‍ ഔട്ട് ചെയ്യുകയായിരുന്നു താരത്തെ.

അതേസമയം രോഹന്‍ 68 പന്തില്‍ നിന്ന് 5 ഫോര്‍ ഉള്‍പ്പെടെ 30 റണ്‍സ് നേടിയപ്പോള്‍ രവി ബിഷ്‌ണോയി എല്‍.ബി.ഡബ്ല്യൂവിലൂടെ താരത്തെ പുറത്താക്കുകയായിരുന്നു. വരുണ്‍ നായാനാര്‍ 55 പന്തില്‍ നിന്ന് 10 റണ്‍സ് നേടിയാണ് പുറത്തായത്.

Content Highlight: Kerala VS Gujarat Ranji Trophy Match Update