രഞ്ജിയില്‍ ബംഗാളിന്റെ ഒമ്പത് വിക്കറ്റുകള്‍ പിഴുതെടുത്ത് ജലജ്; സഞ്ജുവും പിള്ളേരും കൂറ്റന്‍ ലീഡിലേക്ക്
Cricket
രഞ്ജിയില്‍ ബംഗാളിന്റെ ഒമ്പത് വിക്കറ്റുകള്‍ പിഴുതെടുത്ത് ജലജ്; സഞ്ജുവും പിള്ളേരും കൂറ്റന്‍ ലീഡിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 11th February 2024, 10:50 am

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം-ബംഗാള്‍ മത്സരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബംഗാള്‍ തകരുകയായിരുന്നു. 180 റണ്‍സിനാണ് ബംഗാള്‍ പുറത്തായത്.

കേരളത്തിന്റെ ബൗളിങ് നിരയില്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി ജലജ് സക്‌സേന മികച്ച പ്രകടനമാണ് നടത്തിയത്. 21.1 ഓവറില്‍ 68 റണ്‍സ് വിട്ടുനല്‍കിയാണ് സക്‌സേന ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയത്. 3.21 ഇക്കോണമിയിലാണ് താരം ബൗള്‍ ചെയ്തത്. ഇതോടെ 180 റണ്‍സിന്റെ ലീഡ് സ്വന്തമാക്കാനും സഞ്ജുവിനും കൂട്ടര്‍ക്കും സാധിച്ചു.

ബംഗാള്‍ താരങ്ങളായ അഭിമന്യു ഈശ്വരന്‍, സുദീപ് കുമാര്‍ ഖരാമി, മനോജ് തിവാരി, അഭിഷേക് പോരല്‍, അനുസ്തൂപ് മജുംതാര്‍, കിരണ്‍ ലാല്‍, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, സൂരജ് സിന്ധു ജെയ്‌സ്വാള്‍ എന്നിവരുടെ വിക്കറ്റുകളാണ് സക്സേന വീഴ്ത്തിയത്. ബാക്കി ഒരു വിക്കറ്റ് നേടിയത് എം.ഡി. നിതീഷ് ആയിരുന്നു.

രണ്ടാം ദിവസം മത്സരം അവസാനിക്കുമ്പോള്‍ ബംഗാള്‍ 178 റണ്‍സിന് എട്ട് വിക്കറ്റുകള്‍ എന്ന നിലയിലായിരുന്നു. എന്നാല്‍ മൂന്നാം ദിവസം കളിയുടെ തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ബംഗാള്‍ ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു ജലജ്.

ബംഗാളിന്റെ ബാറ്റിങ്ങില്‍ അഭിമന്യു ഈശ്വരന്‍ 93 പന്തില്‍ 72 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 11 ഫോറുകളാണ് അഭിമന്യുവിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

അതേസമയം ആദ്യ ഇന്നിങ്സില്‍ കേരളം 363 റണ്‍സിന് പുറത്താവുകയായിരുന്നു. കേരളത്തിനായി സച്ചിന്‍ ബേബിയും അക്ഷയ് ചന്ദ്രനും സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 261 പന്തില്‍ 124 റണ്‍സ് ആണ് സച്ചിന്‍ നേടിയത്. 12 ഫോറുകളും ഒരു സിക്സുമാണ് സച്ചിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

മറുഭാഗത്ത് 222 പന്തില്‍ 106 റണ്‍സ് നേടിയായിരുന്നു അക്ഷയ് ചന്ദ്രന്റെ തകര്‍പ്പന്‍ പ്രകടനം. ഒമ്പത് ഫോറുകളുടെ അകമ്പടിയോടുകൂടിയായിരുന്നു താരം സെഞ്ച്വറി നേടിയത്. ജലജ് സക്സേന 40 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ബംഗാള്‍ ബൗളിങ്ങില്‍ ഷഹബാസ് അഹമ്മദ് നാലു വിക്കറ്റും അങ്കിത് മിശ്ര മൂന്ന് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന കേരളം വിക്കറ്റുകള്‍ ഒന്നും നഷ്ടമാവാതെ 49 റണ്‍സ് എന്ന നിലയിലാണ്. 27 പന്തില്‍ 26 റണ്‍സുമായി രോഹന്‍ കുന്നുമ്മലും 30 പന്തില്‍ 23 റണ്‍സുമായി ജലജുമാണ് ക്രീസില്‍.

Content Highlight:  Kerala vs Bengal Ranji trophy day 3 update