തൃശ്ശൂര്‍: കേരളവര്‍മ്മ കോളേജിലെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് ജയദേവന്‍ രാജിവെച്ചു. സി.പി.ഐ.എം താല്‍ക്കാലിക സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിന്‍സിപ്പാള്‍ ആക്കിയതില്‍ പ്രതിഷേധിച്ചാണ് സ്ഥാനമൊഴിഞ്ഞത്.
രാജി സംബന്ധിച്ച് ജയദേവന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി.
എ.വിജയരാഘവന്റെ ഭാര്യ പ്രൊഫ. ബിന്ദുവിനെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വൈസ് പ്രിന്‍സിപ്പാളായി നിയമിച്ചത്. പ്രിന്‍സിപ്പാളിന്റെ അധികാരം വൈസ് പ്രിന്‍സിപ്പാളിന് വീതിച്ച് നല്‍കിയിരുന്നു.
കേരളവര്‍മ്മയില്‍ ആദ്യമായാണ് വൈസ് പ്രിന്‍സിപ്പാളിനെ നിയമിക്കുന്നത്. ഏഴ് വര്‍ഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് പ്രിന്‍സിപ്പാള്‍ സ്ഥാനമൊഴിയുന്നത്.
വൈസ് പ്രിന്‍സിപ്പാളിനെ നിയമിക്കാനുള്ള സാഹചര്യം എന്താണെന്ന് പ്രിന്‍സിപ്പാള്‍ കത്തില്‍ ചോദിച്ചിട്ടുണ്ട്. എന്നാല്‍ യു.ജി.സി മാനദണ്ഡമനുസരിച്ചാണ് വൈസ് പ്രിന്‍സിപ്പാളിന്റെ നിയമനമെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കോളേജില്‍ ചട്ടം മറികടന്ന് പ്രത്യേകം തസ്തിക സൃഷ്ടിച്ചാണ് നിയമനമെന്നാണ് ആക്ഷേപം.
പകുതിയിലേറെ ചുമതലകള്‍ വൈസ് പ്രിന്‍സിപ്പലിന് നല്‍കുന്നതുവഴി പരീക്ഷയുടെയും കോളേജിന്റേയും നടത്തിപ്പ് മാത്രമായി പ്രിന്‍സിപ്പലിന്റെ പദവി ചുരുങ്ങിയെന്നും പറയുന്നു. കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ആര്‍. ബിന്ദുവിനെ കഴിഞ്ഞ 30 നാണ് വൈസ് പ്രിന്‍സിപ്പലായി നിയമിച്ച് ഉത്തരവിറങ്ങിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kerala Varma Principal Resign A Vijayaragahavan Wife Vice Principal