കേരളപ്പിറവി ദിനത്തില്‍ ഒരേ രീതിയില്‍ വസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ആക്രമിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളപ്പിറവി ദിനത്തില്‍ ഒരേ രീതിയില്‍ വസ്ത്രം ധരിച്ചെത്തിയ കേരള വര്‍മ്മ വിദ്യാര്‍ത്ഥികളെ ആക്രമിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. എട്ട് വിദ്യാര്‍ത്ഥികളെയാണ് എസ്.എഫ്.ഐ കോളേജ് യൂണിയന്‍ വിദ്യാര്‍ത്ഥി സംഘം മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്.

കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളും മര്‍ദ്ദനമേറ്റവരുടെ കൂട്ടത്തിലുണ്ട്. കേരളപിറവി ദിനത്തിന്റെ ഭാഗമായി കോളേജില്‍ ‘ നൗക’ എന്ന പേരില്‍ നടത്തിയ പരിപാടിയുടെ രണ്ടാം ദിനത്തിനിടെയാണ് ആക്രമണം ഉണ്ടായത്.

നൗകയില്‍ പങ്കെടുക്കാനായി അണിഞ്ഞ ഡ്രസ് കോഡ് എസ്.എഫ്.ഐ ക്കാര്‍ക്കും യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും ഇഷ്ടപ്പെടാത്തതിനാല്‍ ഹിസ്റ്ററി ബ്ലോക്കിന്റെ വരാന്തയിലിട്ട് വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കുകയായിരുന്നെന്ന് കേരള വര്‍മ്മ കോളേജ് വിദ്യാര്‍ത്ഥി ആദില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ആക്രമണം നടത്തിയ എസ്.എഫ്.ഐ കോളേജ് യൂണിയന്‍ അംഗങ്ങളെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഇന്നലെ കോളേജില്‍ പ്രതിഷേധിച്ചിരുന്നു. രാഷ്ട്രീയ ഭേദമന്യേ 300ഓളം വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

പ്രിന്‍സിപ്പാളിന്റെ മുറി വിദ്യാര്‍ത്ഥികള്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. അതേസമയം ശനിയും ഞായറും കോളേജിന് അവധിയായതിനാല്‍ തിങ്കളാഴ്ചയേ വിഷയത്തില്‍ നടപടി എടുക്കാന്‍ കഴിയൂവെന്ന് കോളേജ് അധികൃതര്‍ അറിയിച്ചതായി ആദില്‍ പറഞ്ഞു.

പ്രിന്‍സിപ്പാളും കോളേജിലെ മറ്റ് അധ്യാപകരും വിഷയത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഒരേ രീതിയില്‍ വസ്ത്രം ഇട്ട് വന്നതിനെ മാനേജ്‌മെന്റും എതിര്‍ക്കുകയാണെന്നും ആരോപണമുണ്ട്.

അക്രമികള്‍ക്കെതിരെ കൃത്യമായി നടപടി എടുക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറാവുമോ എന്ന കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പില്ലെന്നും, നടപടിയെടുക്കാത്ത പക്ഷം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി മുന്നോട്ട് പോവുമെന്നും ആദില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.