| Tuesday, 27th July 2021, 2:42 pm

കേരളത്തിന് ഉടന്‍ വാക്‌സിന്‍ ലഭ്യമാക്കും; ഇടത് എം.പിമാര്‍ക്ക് കേന്ദ്രത്തിന്റെ ഉറപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തിന് ആവശ്യമായ വാക്‌സിന്‍ ഉടന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. സംസ്ഥാനത്ത് വാക്‌സിന്‍ ദൗര്‍ലഭ്യം അനുഭവപ്പെട്ടതോടെ ഇടത് എം.പിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഉറപ്പ് നല്‍കിയത്.

സി.പി.ഐ.എം. രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എം.പിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിലെ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. എം.പിമാരായ ബിനോയ് വിശ്വം, എം.വി. ശ്രേയാംസ്‌കുമാര്‍, സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ്, വി. ശിവദാസന്‍, എ.എം. ആരിഫ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

സംസ്ഥാനത്ത ചൊവ്വാഴ്ച ഉച്ചയോടെ വാക്‌സിന്‍ തീര്‍ന്നിരുന്നു. 13 ജില്ലകളിലെ സര്‍ക്കാര്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ വാക്‌സിന്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അടയ്ക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇടത് എം.പിമാര്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ടത്.

സംസ്ഥാനം കടുത്ത വാക്സിന്‍ ക്ഷാമത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് തിങ്കളാഴ്ച തന്നെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. സംസ്ഥാനത്തിന് നല്‍കിയ 1.66 കോടി ഡോസില്‍ നിന്നും 1.87 കോടിയോളം പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ സാധിച്ചെന്നും മന്ത്രി പറഞ്ഞിരുന്നു.

45 വയസിന് മുകളിലുള്ളവര്‍ക്ക് 76 ശതമാനം ആളുകള്‍ക്ക് ആദ്യഡോസ് വാക്സിനും 35 ശതമാനം ആളുകള്‍ക്ക് രണ്ടാം ഡോസും നില്‍കിയിട്ടുണ്ട്.

കൃത്യമായ രീതിയില്‍ കൂടുതല്‍ ഡോസ് വാക്‌സിന്‍ കേരളത്തിന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിരുന്നു.

ആഗസ്റ്റ് മാസത്തിനുള്ളില്‍ കേരളത്തിന് 60 ലക്ഷം ഡോസ് വാക്‌സിന്‍ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ഈ മാസം പതിനൊന്നിന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala Vaccine Shortage Left MPs

We use cookies to give you the best possible experience. Learn more