| Sunday, 18th July 2021, 8:52 pm

തുള്ളിപോലും കളയാതെ കേരളം; 18 വയസിന് മുകളിലുള്ള പകുതിയലധികം പേര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കിയെന്ന് ആരോഗ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,66,89,600 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്.

അതില്‍ 1,20,10,450 പേര്‍ക്ക് ഒന്നാം ഡോസും 46,79,150 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. സംസ്ഥാനത്തിനാകെ ഇതുവരെ 1,60,87,960 ഡോസ് വാക്സിനാണ് ലഭ്യമായത്.

18 വയസ്സിനു മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 50.04 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.5 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.

2011ലെ സെന്‍സസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 35.95 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 14 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കൂടുതല്‍ ഡോസ് എത്തുന്ന മുറയ്ക്ക് പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കാനാണു ശ്രമം.

സ്തീകളാണു വാക്സിന്‍ സ്വീകരിച്ചവരില്‍ മുന്നിലുള്ളത്. 86,70,691 സ്ത്രീകളും, 80,16,121 പുരുഷന്‍മാരുമാണ് വാക്സിനെടുത്തത്. എറണാകുളം ജില്ലയാണ് ഏറ്റവുമധികം പേര്‍ക്ക് വാക്സിന്‍ നല്‍കിയത്. തൊട്ടുപിന്നില്‍ തിരുവനന്തപുരം ജില്ലയാണ്.

സംസ്ഥാനത്ത് ജനുവരി 16 മുതലാണ് വാക്സിനേഷന്‍ ആരംഭിച്ചത്. ലഭ്യതക്കുറവ് കാരണം മുന്‍ഗണനാക്രമം അനുസരിച്ചാണു നല്‍കി വന്നത്.

ജൂണ്‍ അവസാനം മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും നല്‍കാന്‍ തുടങ്ങി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala Vaccine 50 percentage of 18 above total population

We use cookies to give you the best possible experience. Learn more