തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് പ്രധാനം വാക്‌സിനേഷനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് രണ്ട് കോടിയോളം പേര്‍ക്ക് ആദ്യഡോസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബറില്‍ തന്നെ 18- വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യഡോസ് നല്‍കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റില്‍ ആരംഭിച്ച വാക്‌സിനേഷന്‍ യജ്ഞം വലിയ വിജമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പദ്ധതിയിലൂടെ 50 ലക്ഷം പേര്‍ക്ക് ഇതിനോടകം വാക്‌സിന്‍ നല്‍കി കഴിഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 2.77 കോടി ഡോസ് പേര്‍ക്ക് ആകെ വാക്‌സിന്‍ ല്‍കിയിട്ടുണ്ട്. 57.6 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 20.93 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി,’ മുഖ്യമന്ത്രി പറഞ്ഞു.
അശാസ്ത്രീയമായ വാക്‌സീന്‍ വിരുദ്ധ പ്രചാരണം പലരേയും വാക്‌സിന്‍ എടുക്കാന്‍ വിമുഖരാക്കുന്നുണ്ട്. വാക്‌സിനെടുക്കാന്‍ വിമുഖത കാണിച്ച 9 ലക്ഷം പേരെ ഇതുവരെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ബോധവത്കരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടും ഇവരില്‍ പലരും ഇപ്പോഴും വാക്‌സിനേഷനോട് മുഖം തിരിക്കുന്ന അവസ്ഥയാണുള്ളത്. സംസ്ഥാനത്തെ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ ഭൂരിപക്ഷവും വാക്‌സിന്‍ എടുക്കാത്തവരാണ്,’ മുഖ്യമന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ എല്ലാവരും പൊതുജാഗ്രത പുലര്‍ത്തുകയും ഇത്തരം വിമുഖത കാണിക്കുന്നവരെ തിരിച്ചറിഞ്ഞ് വാക്‌സിന്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മുക്തരായ കുട്ടികളില്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാണുന്നുണ്ട്. വയറുവേദന, പനി, ത്വക്കില്‍ കാണുന്ന തിളര്‍പ്പ് എന്നിവ കൊവിഡാനന്തര രോഗങ്ങളുടെ ലക്ഷണങ്ങളാണ്.
ഡോക്ടര്‍മാര്‍ക്ക് ഈ അസുഖം ചികിത്സിക്കാന്‍ വേണ്ട പരിശീലനം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.