കേന്ദ്രം വാക്‌സിന്‍ തരുന്നത് വരെ കാത്തിരിക്കില്ല; കമ്പനികളോട് നേരിട്ട് വാങ്ങാന്‍ ശ്രമം തുടങ്ങി കേരളം
COVID-19
കേന്ദ്രം വാക്‌സിന്‍ തരുന്നത് വരെ കാത്തിരിക്കില്ല; കമ്പനികളോട് നേരിട്ട് വാങ്ങാന്‍ ശ്രമം തുടങ്ങി കേരളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd April 2021, 7:19 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന പശ്ചാത്തലത്തില്‍ വാക്‌സിനേഷന്‍ ദ്രുതഗതിയിലാക്കാന്‍ നടപടി തുടങ്ങി കേരളം. കേന്ദ്രം വാക്‌സിന്‍ തരുന്നത് വരെ കാത്തിരിക്കില്ലെന്നും കമ്പനികളുമായി നേരിട്ട് ചര്‍ച്ച നടത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പെട്ടെന്നുള്ള തീരുമാനം പ്രതീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘എന്നാല്‍ കേന്ദ്രം തരുന്നതും നോക്കി കാത്തിരിക്കില്ല. കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ വാങ്ങാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു’, മുഖ്യമന്ത്രി പറഞ്ഞു.

വാക്‌സിന്‍ കമ്പനികളുമായി ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യസെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം വാക്‌സിന് ഓര്‍ഡര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് ക്യാംപുകള്‍ സജ്ജീകരിക്കും. 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് മെയ് ഒന്ന് മുതല്‍ വാക്‌സിന്‍ കൊടുക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

ഈ വിഭാഗത്തില്‍പ്പെട്ട 1.65 കോടിയാളുകള്‍ കേരളത്തിലുണ്ട്. അതിനാല്‍ തന്നെ വാക്‌സിന്‍ നല്‍കുന്നതില്‍ ക്രമീകരണം വേണം. അനാവശ്യ ആശങ്ക ഒഴിവാക്കാന്‍ സംവിധാനം കൊണ്ടു വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരോ ദിവസവും രോഗബാധിതരുടെ എണ്ണം വലിയ തോതില്‍ കൂടുകയാണെന്നും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ചിലയിടത്ത് ആള്‍ക്കൂട്ടമുണ്ടാവുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Vaccination Pinaray Vijayan Covid 19