ആകെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കി കേരളം
Covid Vaccine
ആകെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കി കേരളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th August 2021, 9:46 pm

തിരുവനന്തപുരം: കേരളത്തിലെ ആകെ ജനസംഖ്യയുടെ പകുതിയിലേറെ ആളുകള്‍ക്കും കൊവിഡിന്റെ ഒന്നാം ഡോസ് വാക്സിന്‍ നല്‍കി കേരളം. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 50.25 ശതമാനം പേര്‍ക്കാണ് (1,77,88,931) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 2021 ജനുവരി 16ന് ആരംഭിച്ച് 213 ദിവസം കൊണ്ടാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യമന്ത്രി പ്രത്യേകം അഭിനന്ദനമര്‍പ്പിച്ചു.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,45,13,225 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,77,88,931 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 67,24,294 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

50.25 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 61.98 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.43 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒന്നാം ഡോസ് വാക്സിനേഷന്‍ നല്‍കിയത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണെന്നും രണ്ടാം ഡോസ് വാക്സിന്‍ ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

ഇതുവരെ വരെ ഇന്ത്യയില്‍ 130 കോടി ജനങ്ങളില്‍ 42,86,81,772 പേര്‍ക്ക് ഒന്നാം ഡോസും (32.98) 12,18,38,266 പേര്‍ക്ക് രണ്ടാം ഡോസും (9.37) ഉള്‍പ്പെടെ 55,05,20,038 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്.

സ്തീകളാണ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ മുന്നിലുള്ളതെന്നും ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 1,27,53,073 ഡോസ് സ്ത്രീകള്‍ക്കും, 1,17,55,197 ഡോസ് പുരുഷന്‍മാര്‍ക്കുമാണ് നല്‍കിയതെന്നും മന്ത്രി അറിയിച്ചു.

18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് 75,27,242 ഡോസും, 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് 83,31,459 ഡോസും, 60 വയസിന് മുകളിലുള്ളവര്‍ക്ക് 86,54,524 ഡോസുമാണ് നല്‍കിയിട്ടുള്ളത് എന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ആഗസ്റ്റ് 9 മുതലാണ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഈ തിങ്കളാഴ്ച വരെ ആകെ 27,61,409 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1351 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 363 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 1714 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala Vaccinated Half of Population Veena George