തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കേരള സര്‍വകലാശാല. അന്‍സിലിന്റെ സര്‍ട്ടിഫിക്കറ്റിലെ ഒപ്പ്, സീല്‍, രജിസ്റ്റര്‍ നമ്പര്‍ എന്നിവ ഒര്‍ജിനലല്ലെന്ന് പരീക്ഷ കണ്‍ട്രോളറുടെ പരിശോധനയില്‍ സര്‍വകാലശാല സ്ഥിരീകരിച്ചു.
സര്‍ട്ടിഫിക്കറ്റിനെതിരെ എസ്.എഫ്.ഐ കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റിയില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. 2016ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ബി.കോം ബിരുദം നേടിയെന്നായിരുന്നു അന്‍സിലിന്റെ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ അന്‍സില്‍ ജലീലിന്റേതായി പുറത്തുവന്ന സര്‍ട്ടിഫിക്കറ്റിലുള്ളത് ആ സമയത്തെ വൈസ് ചാന്‍സലറുടെ ഒപ്പല്ലെന്നും അത്തരത്തില്‍ ഒരു സീരിയല്‍ നമ്പറും ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നില്ലെന്നും സര്‍വകലാശാല കണ്ടെത്തി.
വ്യാജ സര്‍ട്ടിഫിക്കറ്റിലുള്ള വൈസ് ചാന്‍സിലറുടെ ഒപ്പ് ഡോ. എം.കെ. രാമചന്ദ്രന്‍ നായരുടേതാണ്. എന്നാല്‍, സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്ന തിയ്യതി പ്രകാരം 2016ല്‍ സര്‍വകലാശാല വൈസ് ചാന്‍സിലറായിരുന്നത് പി.കെ. രാധാകൃഷ്ണനാണ്. വിഷയത്തില്‍ ഡി.ജി.പിക്ക് കേരള സര്‍വകലാശാല പരാതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.