| Wednesday, 29th October 2014, 1:35 pm

ദളിതനായ താന്‍ പി.വി.സിയായത് പലര്‍ക്കും പിടിച്ചിട്ടില്ല: ആഭ്യന്തരമന്ത്രിയ്‌ക്കെതിരെ പി.വി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ കേരള സര്‍വ്വകലാശാല പ്രൊ വൈസ് ചാനല്‍സലര്‍ വീരമണികണ്ഠന്‍. ദളിതനായ താന്‍ പി.വി.സിയായത് പലര്‍ക്കും പിടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന പോലീസ് അന്വേഷണം തൃപ്തികരമല്ല. പ്രതികളെ സംരക്ഷിക്കാന്‍ അന്വേഷണ സംഘത്തിന് ബാഹ്യസമ്മര്‍ദ്ദമുണ്ട്. തനിക്കെതിരെ പ്രവര്‍ത്തിക്കുന്ന മുന്‍ സിന്‍ഡിക്കേറ്റംഗത്തിന് ആഭ്യന്തരമന്ത്രിയുമായി അടുത്ത ബന്ധമുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെ അതിക്രമങ്ങളില്‍ നിന്ന് തടയാനുള്ള കേന്ദ്രനിയമത്തിന്റെ പരിരക്ഷയുണ്ടായിരുന്നിട്ടുപോലും തനിക്കെതിരായി ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ സാഹചര്യത്തില്‍ ഇതിനെതിരെ സര്‍വ്വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് വീരമണികണ്ഠന്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് കുറ്റവാളികളെ കണ്ടെത്തുന്നില്ലെന്നും ഭയപ്പാടോടെ അപകടാവസ്ഥയില്‍ കഴിയുന്ന തനിക്ക് ഗവര്‍ണര്‍ സംരക്ഷം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പി.വി.സി പരാതി നല്‍കിയിരിക്കുന്നത്. മുന്‍ സിന്‍ഡിക്കേറ്റംഗങ്ങളായ ബി.എസ് ജ്യോതികുമാര്‍, ആര്‍.എസ് ശശികുമാര്‍ എന്നിവരെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

കേരള സര്‍വ്വകലാശാലയില്‍ ജാതിക്കളിയാണെന്നും അദ്ദേഹം ആരോപിച്ചു. സിന്‍ഡിക്കേറ്റംഗങ്ങള്‍ തന്നെ ആസൂത്രിതമായി ഉപദ്രവിക്കുന്നത് പട്ടികജാതിക്കാരനായതിന്റെ പേരില്‍ മാത്രമാണ്. 2013 സപ്റ്റംബറില്‍ വൈസ് ചാന്‍സലറുടെ പൂര്‍ണ അധികചുമതല തനിക്ക് കൈമാറിയപ്പോള്‍ ദളിതനാണെന്ന ഒറ്റക്കാരണത്താല്‍ തന്നെ അംഗീകരിക്കാന്‍ രണ്ട് സിന്‍ഡിക്കേറ്റംഗങ്ങളും തയ്യാറായിരുന്നില്ല. പിന്നീട് ഇരുവരുടെയും ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും താന്‍ വഴങ്ങിയില്ല. ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് പലവട്ടം ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത പ്രത്യേക സിന്‍ഡിക്കേറ്റില്‍ മോശമായ ഭാഷയില്‍ സംസാരിക്കുകയും ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു. തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ അവഗണിച്ചും പല സിന്‍ഡിക്കേറ്റുകളിലും അധിക്ഷേപം തുടര്‍ന്നു. അടുത്ത സിന്‍ഡിക്കേറ്റിലും തങ്ങളുണ്ടാവുമെന്നും തന്നെ പൂര്‍ണമായി നശിപ്പിക്കുമെന്നും ഇരുവരും ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ്  തന്റെ വസതി ആക്രമിക്കപ്പെട്ടത്. ഭാര്യയും രണ്ടു മക്കളും മാത്രം വീട്ടിലുള്ളപ്പോഴായിരുന്നു ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more