തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍വ്വകലാശാലയായ കേരള സര്‍വകലാശാലക്ക് യു.ജി.സി അംഗീകാരം നഷ്ടമായി. ദേശീയ അസെസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ അംഗീകാരം നേടിയെടുക്കാന്‍ നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് സര്‍വ്വകലാശാലക്ക് അംഗീകാരം നഷ്ടമായത്.
2009 മുതല്‍ യുജിസിയുടെ അംഗീകാരമില്ലാതെയാണ് കേരള സര്‍വ്വകലാശാല പ്രവര്‍ത്തിക്കുന്നത്. 2013 ല്‍ അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കിയിട്ടും ഇതുവരെ എന്‍.എ.സി അംഗീകാരം നേടിയെടുക്കാനുള്ള നടപടികള്‍ സര്‍വ്വകലാശാല അധികൃതര്‍ ആരംഭിച്ചിട്ടില്ല.
അസെസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്തതിനാല്‍ യു.ജി.സിയുടെ ധനസഹായം സര്‍വ്വകലാശാലക്ക് ലഭിക്കില്ല. ഇത് പുതിയ പദ്ധതികള്‍ നഷ്ടപ്പെടാനും ദേശീയ തലത്തില്‍ സര്‍വകലാശാലയുടെ റേറ്റിങ്ങ് താഴാനും ഇടയാക്കും.അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും തികച്ചും ശോചനീയമായ അവസ്ഥയിലാണ് ഇപ്പോള്‍ കേരള സര്‍വ്വകലാശാല.
സര്‍വകലാശാലകള്‍ക്ക് സാമ്പത്തിക ഗ്രാന്റ് നല്‍കുക, പുതിയ കോഴ്‌സുകള്‍ അനുവദിക്കുക, വികസന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുക എന്നിവക്ക് യുജിസി ആവശ്യപ്പെടുന്ന അടിസ്ഥാന മാനദണ്ഡമാണ് എന്‍എസിസി അക്രഡിറ്റേഷന്‍. ഇത് നേടിയെടുക്കാന്‍ സര്‍വ്വകലാശാല കാണിക്കുന്ന അനാസ്ഥ തൊണ്ണൂറിലധികം കോളേജുകളെയും പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളെയുമാണ് ബാധിക്കുന്നത്.