തിരുവനന്തപുരം: കോഴ ആരോപണത്തില്‍ ആത്മഹത്യ ചെയ്ത ഷാജിയുടെ മരണത്തില്‍ പ്രതികരണവുമായി മാതാവ് ലളിത. ഷാജി പണം വാങ്ങിയിട്ടില്ലെന്നും ഷാജിക്ക് മര്‍ദനമേറ്റതായി തനിക്ക് അറിയില്ലെന്നും മുഖത്ത് ധാരാളം പാടുകള്‍ ഉണ്ടായിരുന്നുവെന്നുമാണ് മാതാവ് പറഞ്ഞത്.
ഷാജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഷാജിയെ കുടുക്കിയതാണെന്നും സഹോദരന്‍ അനില്‍കുമാര്‍ പറഞ്ഞു.
‘ഷാജിയെ കുടുക്കിയത് അവന്റെ അടുത്ത സുഹൃത്തുക്കളാണ്. ഈ വിവാദങ്ങളില്‍ ഒരുപാട് ദുരൂഹതകള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഇത്തരത്തിലുള്ള ആരോപണം ഷാജിയെ മാനസികമായി തകര്‍ത്തിരുന്നു,’ അനില്‍ കുമാര്‍ പറഞ്ഞു.
കേരള സര്‍വകലാശാല കലോത്സവത്തില്‍ കോഴ ആരോപണം നേരിട്ടതിനെതുടര്‍ന്ന് വിധി കര്‍ത്താവായ ഷാജി(52) ആത്മഹത്യ ചെയ്തിരുന്നു. ബുധനാഴ്ചയാണ് ഷാജിയെ കണ്ണൂരിലെ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്.
ഷാജിയുടെ മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പ് ലഭിച്ചിരുന്നു. താന്‍ നിരപരാധി ആണെന്നും ഇതുവരെ ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും സത്യം എന്താണെന്ന് അമ്മക്ക് അറിയാമെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എല്ലാം ദൈവം രക്ഷിക്കട്ടെ എന്നുമാണ് കുറിപ്പില്‍ പറയുന്നത്.
കേരള സര്‍വകലാശാല കലോത്സവത്തില്‍ മാര്‍ഗം കളിയുടെ ഫലം അട്ടിമറിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഷാജി ഉള്‍പ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കെ.എസ്.യു ഭരിക്കുന്ന മാര്‍ ഇവാനിയോസ് കോളേജിന് ഒന്നാം സ്ഥാനം ലഭിക്കാതിരിക്കാന്‍ എസ്.എഫ്.ഐ കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം.
Content Highlight: Kerala University bribe accused shaji death, mother about his death