|

അധ്യാപകൻ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയതിന് പിന്നാലെ 71 വിദ്യാർത്ഥികളോട് വീണ്ടും പരീക്ഷയെഴുതാൻ നിർദേശിച്ച് കേരള സർവകലാശാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അധ്യാപകൻ്റെ കൈയിൽ നിന്ന് ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെത്തുടർന്ന് വീണ്ടും പരീക്ഷയെഴുതാൻ 71 വിദ്യാർത്ഥികള്‍ക്ക് നിർദേശം നൽകി കേരള സർവകലാശാല. കേരള സർവകലാശാലയിലെ 2022-2024 ബാച്ചിലെ ഫിനാൻസ് സ്ട്രീം എം.ബി.എ വിദ്യാർത്ഥികളുടെ പ്രൊജക്ട് ഫിനാൻസ് പേപ്പറിന്‍റെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്.

ഇതോടെ മൂന്നാം സെമസ്റ്റർ പരീക്ഷ വിദ്യാർത്ഥികൾ വീണ്ടും എഴുതേണ്ടി വരും. ഈ വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റർ പരീക്ഷ ഇതിനോടകം തന്നെ കഴിഞ്ഞതാണ്. ഒരുപാട് കുട്ടികൾ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ളവരാണ്.

ഏപ്രിൽ ഏഴിന് വീണ്ടും പരീക്ഷ എഴുതണമെന്ന ഇ-മെയിലാണ് വിദ്യാർത്ഥികൾക്ക് കിട്ടിയത്. ഒരിക്കൽ കൂടി പരീക്ഷ എഴുതുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്നാണ് സർവകലാശാലയുമായി ബന്ധപ്പെട്ട കുട്ടികൾക്ക് ലഭിച്ച മറുപടി.

അതേസമയം ബൈക്കിൽ പോകുമ്പോള്‍ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്നാണ് അധ്യാപകന്‍റെ വിശദീകരണം. പാലക്കാട് നിന്നുള്ള യാത്രക്കിടെ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്നും മൂല്യനിര്‍ണയം നടത്തിയ അധ്യാപകൻ സര്‍വകലാശാല അധികൃതരെ അറിയിച്ചു. അധ്യാപകനെതിരെ നടപടിയെടുക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം.

സംഭവത്തിൽ വൈസ് ചാന്‍സിലര്‍ രജിസ്ട്രാറോട് റിപ്പോര്‍ട്ട് തേടും. അതേസമയം, അധ്യാപകന്‍റെ വീഴ്ച ആദ്യ മൂടിവെക്കാനാണ് സര്‍വകലാശാല ശ്രമിച്ചത്. ഉത്തരക്കടലാസ് കാണാതായതിന്‍റെ കാരണം ആദ്യം പറയാതെ പുനപരീക്ഷ പ്രഖ്യാപിച്ച് പ്രശ്നം ഒതുക്കാനായിരുന്നു സര്‍വകലാശാലയുടെ ശ്രമം. എന്നാൽ, സംഭവം വാര്‍ത്തയായതോടെയാണ് സര്‍വകലാശാല നടപടിയുമായി മുന്നോട്ട് പോകുന്നത്. പാലക്കാട് സ്വദേശിയായ അധ്യാപകൻ മൂല്യനിര്‍ണയം നടത്തിയ 71 ഉത്തരക്കടലാസുകളാണ് കാണാതായത്.

Content Highlight: Kerala University asks 71 students to re-sit exams after teacher loses answer sheet

Latest Stories