| Sunday, 22nd March 2020, 8:08 pm

ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്ത സംഭവം; മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടറാമിനെ സര്‍വീസില്‍ തിരിച്ചെടുത്ത സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. മാധ്യമപ്രവര്‍ത്തകരുമായ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്തതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ആരൊക്കെ ചരടു വലിച്ചാലും ശ്രീറാം വെങ്കിട്ടറാമിനെ തിരിച്ചെടുത്താല്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അറിയിച്ചു. ചെയ്ത കുറ്റത്തിന് ശ്രീറാം വെങ്കിട്ടരാമന്‍ നിയമപരമായി ശിക്ഷിക്കപ്പെടുന്നതുവരെ പ്രതിഷേധവുമായി രംഗത്തുണ്ടാവുമെന്നാണ് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ. പി റെജി പ്രതികരിച്ചത്.

ലോകമാകെ മരണവും ഭീതിയും വിതച്ചു മഹാമാരിയായി കോവിഡ് 19 പടര്‍ന്നുപിടിക്കുമ്പോള്‍ അതിനെ മറയാക്കി സസ്‌പെന്‍ഷനില്‍ കഴിയുന്ന ഒരു ക്രിമിനല്‍ കേസ് പ്രതിയെ തിരികെ കൊണ്ടുവരാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ ലോബി നടത്തിയ ശ്രമമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും അതിന് സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയെന്നും കെ.പി റെജി പറഞ്ഞു.

2019 ഓഗസ്റ്റ് മൂന്നാം തീയതിയാണ് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപത്തവെച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീര്‍ കൊല്ലപ്പെടുന്നത്. ജോലി കഴിഞ്ഞ് ബഷീര്‍ വീട്ടിലേക്ക് തിരിച്ചുപോകവേയായിരുന്നു അപകടം.

വാഹനം അമിതവേഗതയിലായിരുന്നെന്നും ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നുമായിരുന്നു തുടക്കത്തില് പൊലീസ് വാദം. എന്നാല്‍ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള നിരന്തരമായ ഇടപെടലുകള്‍ ശ്രീരാം വെങ്കിട്ടരാമന്‍ നടത്തി.

ലഹരിപരിശോധനയ്ക്ക് വിധേയനാകാതെ സ്വകാര്യ ആശുപത്രിയില്‍ പോയി അഡ്മിറ്റാവുകയായിരുന്നു ഇദ്ദേഹം. വാഹനം ഓടിച്ചത് താനല്ല സുഹൃത്ത് വഫ ഫിറോസ് ആയിരുന്നെന്ന മൊഴിയും കേസില്‍ നിന്ന് രക്ഷപ്പെടാനായി ശ്രീറാം ആദ്യ ഘട്ടത്തില്‍ നല്‍കിയിരുന്നു. അതിന് ശേഷം അന്ന് നടന്നതൊന്നും തനിക്ക് ഓര്‍മ്മയില്ലെന്നും മറവിരോഗമാണെന്നും ശ്രീറാം മൊഴി നല്‍കിയിരുന്നു.

മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ പ്രതിയെ ആരോഗ്യ വകുപ്പില്‍ തിരിച്ചെടുക്കുന്ന നടപടിയെ വിമര്‍ശിച്ച് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന വൈസ് പ്രസിഡന്റ് നിഷ പുരുഷോത്തമനും രംഗത്തെത്തിയിട്ടുണ്ട്. തികഞ്ഞ മദ്യപാനിയും മറവിരോഗമുണ്ടെന്ന് സ്വയം പറയുകയും ചെയ്ത ഒരാളെ എങ്ങനെയാണ് ആരോഗ്യ വകുപ്പില്‍ നിയമിക്കുകയെന്നാണ് നിഷ ചോദിക്കുന്നത്.

ബഷീറിനെ കൊലപ്പെടുത്തിയ പ്രതി പിന്നീട് അധികാരമുപയോഗിച്ച് കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ എല്ലാവരും കണ്ടതാണെന്നും പൂര്‍ണ അറിവോടെ നിയമവാഴ്ചയെ അട്ടിമറിക്കാന്‍ ശ്രമിച്ചു വെന്ന ഗുരുതരമായ രാജ്യ ദ്രോഹ കുറ്റം കൂടി ചെയ്തയാളെയാണ് ഭരണതലത്തില്‍ സുപ്രധാന പദവിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നതെന്നും നിഷ പറഞ്ഞു.

‘തെറ്റുകള്‍ മാനുഷികമാണ്. ചരിത്രത്തില്‍ ആദ്യ സംഭവവുമല്ല. പക്ഷേ ശ്രീറാം വെങ്കിട്ടരാമന്‍ എന്ന കൊലയാളി പിന്നീട് അധികാരമുപയോഗിച്ച് കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ നമ്മള്‍ കണ്ടതാണ്. തെളിവുനശിപ്പിക്കാന്‍, പരിശോധ ഒഴിവാക്കാന്‍, തുടര്‍ച്ചയായി കള്ളം പറഞ്ഞു വിദ്യാസമ്പന്നനും ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായ ആളുമായ പ്രതി. പൂര്‍ണ അറിവോടെ നിയമവാഴ്ചയെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന ഗുരുതരമായ, ഒരുപക്ഷേ രാജ്യദ്രോഹപരമായ കുറ്റംകൂടി അയാള്‍ ചെയ്തു. ആ ശ്രീറാം വെങ്കിട്ടരാമനെയാണ് ഇപ്പോള്‍ ഭരണതലത്തില്‍ സുപ്രധാനപദവിയില്‍ സംസ്ഥാനസര്‍ക്കാര്‍ അവരോധിച്ചിരിക്കുന്നത്. മറവിരോഗമുണ്ടെന്ന് സ്വയം പറഞ്ഞ, തികഞ്ഞ മദ്യപാനിയായ ഒരാളെങ്ങനെ കേരളത്തിന്റെ ആരോഗ്യമേഖലയെ സംരക്ഷിക്കും എന്ന് മാധ്യമപ്രവര്‍ത്തകരല്ലാതെ മറ്റാര് ചോദിക്കും?’ നിഷ ഫേസ്ബുക്കില്‍ കുറിച്ചു.

മാര്‍ച്ച് 22നാണ് ശ്രീറാം വെങ്കിട്ടറാമിനെ തിരിച്ചെടുക്കുമെന്ന വാര്‍ത്തകള്‍ വരുന്നത്. ആരോഗ്യ വകുപ്പിലേക്കാണ് സര്‍ക്കാര്‍ ശ്രീറാമിനെ തിരിച്ചെടുക്കുന്നതെന്നും സൂചനകളുണ്ടായിരുന്നു.

ജനുവരി അവസാനം ഇദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി ശിപാര്‍ശ ചെയ്തിരുന്നെങ്കിലും വിവാദമായതോടെ സസ്പെന്‍ഷന്‍ 3 മാസത്തേക്ക് നീട്ടാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു.

ശ്രീറാം വെങ്കിട്ടറാമിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന കാരണങ്ങള്‍ ഇവയൊക്കെയാണ്.

ഒന്ന്, ശ്രീറാമിന്റെ സസ്പെന്‍ഷന്‍ ഇതില്‍ കൂടുതല്‍ നീട്ടിക്കൊണ്ട് പോകാന്‍ ബുദ്ധിമുട്ടുണ്ട്. രണ്ട്, ആരോഗ്യ വകുപ്പിലേക്ക് തിരിച്ചെടുക്കുന്നത് ഇദ്ദേഹം ഒരു ഐ.എ.എസ്‌കാരനാണ് എന്നതിന് പുറമെ ഡോക്ടര്‍ കൂടിയാണ് എന്നത് കൊണ്ടാണ്. മൂന്ന്, തിരിച്ചെടുക്കുന്നത് മാധ്യമപ്രവര്‍ത്തക യൂണിയന്റെ സമ്മതത്തോടെയാണ് എന്നാണ്.

അതേസമയം പത്രപ്രവര്‍ത്തക യൂണിയന്റെ സമ്മതത്തോടെയാണ് ശ്രീറാമിനെ തിരഞ്ഞെടുക്കുന്നതെന്ന് പറഞ്ഞത് തെറ്റാണെന്ന് നിഷ വ്യക്തമാക്കുന്നു. ആ യോഗത്തില്‍ താനുള്‍പ്പെടുന്ന സംസ്ഥാന ഭാരവാഹികള്‍ ആരും തന്നെ പങ്കെടുത്തിട്ടില്ല എന്നാണ് അവര്‍ പറയുന്നത്. അപ്പോള്‍ ആരോട് ചര്‍ച്ച നടത്തിയാണ് മുഖ്യമന്ത്രി ശ്രീറാമിനെ തിരിച്ചെടുക്കാനുള്ള തീരുമാനമെടുത്തതെന്നും നിഷ ചോദിക്കുന്നു.

‘പത്രപ്രവര്‍ത്തക യൂണിയന്റെ സമ്മതത്തോടെയാണ് ശ്രീറാമിനെ നിയമിച്ചതെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളമാണെന്ന് നമുക്കെല്ലാം അറിയാം. സുതാര്യമായിരുന്നു കാര്യങ്ങളെങ്കില്‍ യൂണിയന്‍ ഭാരവാഹികളില്‍ ആരുമായാണ് ചര്‍ച്ച നടത്തിയതെന്ന് തുറന്ന് പറയാന്‍ മുഖ്യമന്ത്രി മടിക്കുന്നതെന്തിന്? ഞങ്ങള്‍ സംസ്ഥാന ഭാരവാഹികള്‍ എട്ടു പേരും ആ ചര്‍ച്ചയില്‍ പങ്കടുത്തിട്ടില്ല. പിന്നെ ആര് പങ്കടുത്തു എന്ന് മുഖ്യമന്ത്രിയോട് ആവര്‍ത്തിച്ച് ചോദിക്കാന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ആര്‍ക്കും കഴിഞ്ഞില്ല എന്നിടത്താണ് നമ്മുടെ വലിയ പരാജയം. ഒരു പക്ഷേ ആരെങ്കിലും തങ്ങളാണ് ഭാരവാഹികള്‍ എന്ന് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാവാം. ഇനി ആരോ യൂണിയന്‍ എന്ന പേരില്‍ അവിടെ ചെന്നിരുന്നു എന്നിരിക്കട്ടെ. അവരുമായി ചര്‍ച്ച നടത്തിയോ, അതോ ശ്രീറാമിനെ തിരിച്ചെടുക്കുന്നു എന്ന് അറിയിക്കുകയാണോ ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം,’ നിഷ പറയുന്നു.

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന എ.പി.എസ് ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ കാലം ഒന്നിനു പുറകെ ഒന്നായി നീട്ടിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ആണ് ഒരു ക്രിമിനല്‍ കേസ് പ്രതിക്കായി ഇപ്പോള്‍ അമിതാവേശം കാണിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രിയോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ. പി റെജി പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയനോട് ചോദിച്ചാണ് സസ്‌പെന്‍ഷന്‍ അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിപ്പിക്കാന്‍ അനുമതി കൊടുത്തതെന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്ന് യൂണിയന്‍ ആവര്‍ത്തിക്കുന്നുണ്ട്.

”പത്രപ്രവര്‍ത്തക യൂണിയനുമായി ചര്‍ച്ച നടത്തി ധാരണയിലെത്തിയാണ് ശ്രീറാമിനെ തിരിച്ചെടുക്കുന്നതെന്ന ധാരണ പരത്താന്‍ കഴിഞ്ഞു എന്നതാണ് ഉദ്യോഗസ്ഥ ലോബിയുടെ മറ്റൊരു വിജയം. സര്‍ക്കാര്‍ തീരുമാനത്തിന്റെ സൂചന വന്നപ്പോള്‍ തന്നെ യൂണിയന്‍ പ്രതിഷേധം അറിയിച്ചതാണ്. ഏതെങ്കിലും ചര്‍ച്ചയില്‍ അത്തരമൊരു നിര്‍ദേശം ഉണ്ടായാല്‍ അതു കേട്ട് കയ്യടിച്ച് അംഗീകരിച്ചു പോരുന്ന വര്‍ഗവഞ്ചന പത്രപ്രവര്‍ത്തക സംഘടന കാട്ടുകയുമില്ല. തിരിച്ചെടുത്ത ഉത്തരവ് പുറത്തുവരുന്നതിനു മുമ്പേ തന്നെ ഇത്തരത്തിലൊരു പ്രചാരണം അഴിച്ചുവിട്ടതിനു പിന്നിലും ഗുഢലക്ഷ്യങ്ങളുണ്ടെന്നു തീര്‍ച്ചയാണ്” റെജി പറഞ്ഞു.

‘ദിവസങ്ങള്‍ക്കു മുമ്പ് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന, ജില്ലാ നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കാണാന്‍ താല്‍പര്യം ഉണ്ടെന്ന് അറിയിച്ചിരുന്നു. അന്ന് തന്നെ ഉച്ചയോടെ കാണണം എന്നായിരുന്നു നിര്‍ദേശം. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും തിരുവനന്തപുരത്ത് ഇല്ലായിരുന്നു. ഉച്ചയോടെ തലസ്ഥാനത്ത് എത്താന്‍ പറ്റുന്ന സാഹചര്യവും അല്ലായിരുന്നു. അസൗകര്യം അറിയിച്ചപ്പോഴാണ് ശ്രീറാമിനെ തിരിച്ചെടുക്കാന്‍ ആലോചനയുണ്ടെന്ന് അറിയിച്ചത്. കേസില്‍ സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട് എന്നും സസ്പെന്‍ഷന്‍ ഇനിയും നീട്ടിക്കൊണ്ടുപോകുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ട് എന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. കോടതിയോ ട്രൈബ്യൂണലോ ഇടപെട്ട് സസ്പെന്‍ഷന്‍ റദ്ദാക്കാനുള്ള സാഹചര്യവും സംശയിക്കുന്നതായി അവര്‍ അറിയിച്ചു. ആ നിലപാടിനോടുള്ള വിയോജിപ്പ് അപ്പോള്‍ത്തന്നെ അറിയിച്ചിരുന്നു,’ കെ. പി റെജി പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമന്‍ ഒരു ഡോക്ടര്‍ കൂടി ആണെന്നതാണ് കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ആരോഗ്യ വകുപ്പിലേക്ക് തന്നെ തിരിച്ചെടുക്കുന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഒരു പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ മാത്രമാണോ ഐ.എ.എസ് കാരനായിട്ടുള്ളതെന്ന് കോണ്‍ഗ്രസ് നേതാവും തൃത്താല എം.എല്‍.എയുമായ വി. ടി ബല്‍റാം ചോദിച്ചു.

ഡോക്ടര്‍മാരായ ഐ.എ.എസുകാരുടെ പട്ടികയും അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ പുറത്തു വിട്ടിരുന്നു.

‘ഡോ. ആശാ തോമസ്, ഡോ. വി. വേണു, ഡോ. എ. ജയതിലക്, ഡോ. കെ. ഇളങ്കോവന്‍, ഡോ. ഉഷ ടൈറ്റസ്, ഡോ. ശര്‍മ്മിള മേരി ജോസഫ്, ഡോ. രത്തന്‍ കേല്‍ക്കര്‍, ഡോ. എം ബീന, ഡോ. വാസുകി, ഡോ. കാര്‍ത്തികേയന്‍, ഡോ. അദീല അബ്ദുള്ള, ഡോ. ചിത്ര എസ്, ഡോ. ദിവ്യ എസ് അയ്യര്‍, ഡോ. രേണു രാജ്, ഡോ. നവ്ജ്യോത് ഖോസ..കേരള കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥരില്‍ മെഡിക്കല്‍ ബിരുദമുള്ളവരാണിവരെല്ലാം. ഇനിയുമുണ്ട് പല പേരുകളും. പലരും പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂടിയാണ്.

എന്നിട്ടും മറവിരോഗമുള്ള, സംശയാസ്പദ സാഹചര്യത്തില്‍ സ്വയം ഒരു ബ്ലഡ് ടെസ്റ്റിന് വിധേയനാവാന്‍ പോലും തയ്യാറാകാത്ത ഒരു സസ്പെന്‍ഷന്‍കാരനെത്തന്നെ വേണം ഈ സര്‍ക്കാരിന് കൊറോണ പ്രതിരോധത്തിന്റെ നിര്‍ണ്ണായകച്ചുമതല ഏല്‍പ്പിക്കാന്‍!,’ എന്നാണ് വി.ടി ബല്‍റാം ചോദിച്ചത്.

കഴിഞ്ഞ ഏഴരമാസമായി ശ്രീറാം വെങ്കിട്ടരാമന്‍ സസ്പെന്‍ഷനിലാണ്. കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് മൂന്നുമാസത്തേക്ക് കൂടി സസ്പെന്‍ഷന്‍ നീട്ടുന്നത്. മെയ് മൂന്ന് വരെ സസ്പെന്‍ഷന്‍ കാലാവധി നീളും. പക്ഷെ കഴിഞ്ഞ ജനുവരിയില്‍ തന്നെ ശ്രീറാമിനെതിരെ തെളിവില്ലെന്നും അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ഇനി ശ്രീറാം അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചാല്‍ തീര്‍ച്ചയായും സര്‍ക്കാരിന് വലിയ വിമര്‍ശനം നേരിടേണ്ടി വരും. അത് കൊണ്ട് തന്നെ സസ്പെന്‍ഷന്‍ നീട്ടുക എന്നത് എളുപ്പമല്ല. രണ്ട് ശ്രീറാം വെങ്കിട്ടരാമന്‍ ഡോക്ടറാണ്. പൊതുജനാരോഗ്യത്തില്‍ വിദേശത്ത് പഠനം നടത്തിയിട്ടുണ്ട്. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെ ആരോഗ്യ വകുപ്പില്‍ സര്‍ക്കാര്‍ നിയമിക്കുന്നത്.

ശ്രീറാം വെങ്കിട്ടറാമിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ബഷീറിന്റെ സഹോദരന്‍ കെ. അബ്ദുറഹിമാന്‍ പറഞ്ഞത്.

സര്‍ക്കാര്‍ തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറവിരോഗമുണ്ടെന്ന് സ്വയം പറഞ്ഞ ശ്രീറാം വെങ്കിട്ടറാമിനെ എങ്ങനെയാണ് ആരോഗ്യ വകുപ്പില്‍ തിരിച്ചെടുക്കാന്‍ സാധിക്കുക,”കെ. അബ്ദുറഹിമാന്‍ ചോദിച്ചു. കേസ് അട്ടിമറിക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും അബ്ദു റഹിമാന്‍ ആരോപിച്ചു.

We use cookies to give you the best possible experience. Learn more