തിരുവനന്തപുരം: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനായി കഞ്ചിക്കോട് വ്യാവസായിക ക്ലസ്റ്ററുകള്‍ തുടങ്ങും. ശ്വസനോപകരണങ്ങള്‍, വെന്റിലേറ്ററുകള്‍ സുരക്ഷാ ഉപകരണങ്ങള്‍, എന്‍95 മാസ്‌കുകള്‍ എന്നിവയാണ് ഇവിടെ നിര്‍മ്മിക്കുക.
;
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗികളുള്ളത് കേരളത്തിലാണ്. ശനിയാഴ്ച സംസ്ഥാനത്ത് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയിലാകെ 25 പേര്‍ മരിക്കുകയും 973 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം കൊവിഡ്-19 പടരുന്ന സാഹചര്യത്തില്‍ കുറഞ്ഞത് 3 കോടി 80 ലക്ഷം മാസ്‌കുകളും 62 ലക്ഷം സുരക്ഷാ സാമഗ്രികളും ഇന്ത്യക്ക് ആവശ്യമായി വരുമെന്ന് കേന്ദ്ര റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇന്ത്യയുടെ ദേശീയ നിക്ഷേപ ഏജന്‍സിയായ ഇന്‍വെസ്റ്റ് ഇന്ത്യയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സിനാണ് ഇവരുടെ റിപ്പോര്‍ട്ട് കിട്ടിയിരിക്കുന്നത്. ഇത്രയും മെഡിക്കല്‍ സാമഗ്രികളുടെ ലഭ്യതക്കായി വിവിധ കമ്പനികളെ ഏജന്‍സി സമീപിക്കുകയും ചെയ്തിട്ടുണ്ട്.
മാര്‍ച്ച് 27 ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഈ അടിയന്തര സഹായങ്ങള്‍ക്കായി ഇന്‍വെസ്റ്റ് ഇന്ത്യ എടുത്ത നടപടികളെ കുറിച്ചും വ്യക്തമാക്കുന്നു. വെന്റിലേറ്ററുകള്‍, ഐ.സിയു മോണിറ്ററുകള്‍, ടെസ്റ്റിംഗ് കിറ്റ്, മാസ്‌കുകള്‍, മറ്റു സുരക്ഷാ സാമഗ്രികള്‍ എന്നിവയക്കായി 730 കമ്പനികളെയാണ് ഇന്‍വെസ്റ്റ് ഇന്ത്യ സമീപിച്ചത്.
ഇതില്‍ 319 കമ്പനികള്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. നിലവില്‍ 91 ലക്ഷം മാസ്‌കുകളാണ് കമ്പനികള്‍ മുഖേന ലഭിച്ചിരിക്കുന്നത്. മറ്റു സുരക്ഷാ ഉപകരണങ്ങള്‍ 8 ലക്ഷത്തോളവും.
എന്നാല്‍ 3 കോടി 80 ലക്ഷം മാസ്‌കുകള്‍ വേണമെന്നാണ് ഇന്‍വെസറ്റ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ ഒരുകോടി 40 ലക്ഷം മാസ്‌കുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബാക്കി കേന്ദ്ര സര്‍ക്കാരിനും ആവശ്യമാണെന്നും ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് കൊവിഡ്-19 രോഗികളെ ചികിത്സിക്കുന്ന മെഡിക്കല്‍ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ സാമഗ്രികള്‍ ലഭ്യമല്ല എന്ന് നേരത്തെ ആരോപണം വന്നിരുന്നു.
WATCH THIS VIDEO: