തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. ഇനി മുതല്‍ ഞായറാഴ്ച മാത്രമായിരിക്കും ലോക്ഡൗണ്‍ ഉണ്ടാവുക. ടി.പി.ആറിന് പകരം ജനസംഖ്യക്കനുസരിച്ചായിരിക്കും ഇനി കൊവിഡ് നിരക്ക് നിശ്ചയിക്കുക.
ശനിയാഴ്ചയുണ്ടായിരുന്ന ലോക്ഡൗണ്‍ നേരത്തെ തന്നെ മാറ്റിയിരുന്നു. ഇപ്പോള്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നിയമസഭയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
1000 പേരില്‍ എത്ര പേര്‍ക്ക് രോഗം നിര്‍ണയിക്കപ്പെടുന്നു എന്നതനുസരിച്ചാകും ഇനി നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക. 1000 പേരില്‍ 10 പേരില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന ഒരാഴ്ച ഉണ്ടായാല്‍ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കും.
ആള്‍ക്കൂട്ട നിരോധനം തുടരും. വലിയ വിസ്തീര്‍ണമുള്ള ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്കും, വിവാഹങ്ങളിലും മരണാനന്തരചടങ്ങുകളിലും പരമാവധി 20 പേര്‍ക്കുമായിരിക്കും പങ്കെടുക്കാനാകുക.